- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളം പഠിക്കാൻ കുട്ടികളുടെ ഒഴുക്ക്; കേരള സിലബസിൽ ഇക്കുറി 1.78 ലക്ഷം കുട്ടികൾ അധികം; സ്‌കൂൾ അടച്ചുപൂട്ടലും ഡിവിഷൻ ഫോളും അടഞ്ഞ അധ്യായമാകും, അദ്ധ്യാപകർക്കും ആവേശം
ആലപ്പുഴ : സംസ്ഥാനത്ത് അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന സ്‌കൂളുകൾക്ക് പുനർജനിയായി. ഇക്കുറി നവാഗതരുടെ എണ്ണത്തിൽ ഗണ്യമായ വർധന. അതുകൊണ്ടുതന്നെ സ്‌കൂൾ പ്രവേശനോൽസവം നടത്തുന്നതിൽ അദ്ധ്യാപകർക്ക് പതിവിനു വിപരീതമായി ആവേശവും ഉയർന്നു. ഇക്കുറി മലയാളം പഠിക്കാൻ കൂടുതൽ കുട്ടികൾ താല്പര്യം പ്രകടിപ്പിച്ചുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒന്ന
ആലപ്പുഴ : സംസ്ഥാനത്ത് അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന സ്‌കൂളുകൾക്ക് പുനർജനിയായി. ഇക്കുറി നവാഗതരുടെ എണ്ണത്തിൽ ഗണ്യമായ വർധന. അതുകൊണ്ടുതന്നെ സ്‌കൂൾ പ്രവേശനോൽസവം നടത്തുന്നതിൽ അദ്ധ്യാപകർക്ക് പതിവിനു വിപരീതമായി ആവേശവും ഉയർന്നു.
ഇക്കുറി മലയാളം പഠിക്കാൻ കൂടുതൽ കുട്ടികൾ താല്പര്യം പ്രകടിപ്പിച്ചുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒന്നരപതിറ്റാണ്ടായി ഇംഗ്ലീഷ് ഭാഷയോടും കേന്ദ്ര സിലബസിനോടും മലയാളി കാട്ടിക്കൊണ്ടിരുന്ന അടങ്ങാത്ത അഭിനിവേശം അല്പം കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതോടെ സ്‌കൂളുകളിൽ കുട്ടികൾ കുറഞ്ഞതിന്റെ പേരിൽ ഡിവിഷൻ ഫോൾ മൂലം സ്ഥലംമാറിപ്പോകേണ്ടി വന്ന പല അദ്ധ്യാപകർക്കും സ്വന്തം പള്ളിക്കൂടങ്ങളിലേക്ക് മടങ്ങിവരാൻ അവസരമാവുകയാണ്.
കുട്ടികളുടെ എണ്ണം കുറഞ്ഞതുമൂലം പല സ്‌കൂളുകളും അടച്ചുപൂട്ടുകയും ചെയ്തു. അതുപോലെതന്നെ 2000 നുശേഷം സർവീസിൽ പ്രവേശിച്ച ലക്ഷക്കണക്കിന് അദ്ധ്യാപകരാണ് സർക്കാരിന്റെ പ്രൊട്ടക്ഷനിൽ കഴിയുന്നത്. കുട്ടികളുടെ ഗണ്യമായ വർദ്ധന ഇവരുടെ ജോലിസ്ഥിരതയ്ക്ക് സഹായകമാകും. ഏകദേശം 1.78 ലക്ഷം വിദ്യാർത്ഥികളാണ് ഇക്കുറി കേരള സിലബസിൽ അധികമായി പഠിക്കാൻ താല്പര്യം കാട്ടിയിട്ടുള്ളത്. ഇതിൽ തുടക്കക്കാരും ഇടവേളയിൽ എത്തിയവരുമുണ്ട്. അന്യസംസ്ഥാന സിലബസിൽനിന്നെത്തിയ അരലക്ഷം പേരും ഇക്കൂട്ടത്തിലുണ്ട്. നാലാം ക്ലാസിൽനിന്നും അഞ്ചിലേക്ക് പ്രവേശിച്ചവരാണ് അധികവും. ബാക്കിയുള്ളവർ ഹൈസ്‌കൂൾ തലത്തിൽനിന്നുള്ളവരാണ്. ദുർഘടം പിടിച്ച പഠനരീതിയും കടുകട്ടി ഇംഗ്ലീഷും മടുത്ത കുട്ടികൾ തങ്ങളുടെ മാതാപിതാക്കളോട് നിർബന്ധപൂർവ്വം പറഞ്ഞാണ് കേരള സിലബസിൽ പ്രവേശനം നേടിയിട്ടുള്ളത്.
മുന്തിയ സ്‌കൂളിൽ കുട്ടികളെ പഠിപ്പിക്കുന്നുവെന്നു കാട്ടാൻ രക്ഷകർത്താക്കൾ നടത്തിയ വ്യഗ്രത ഇപ്പോൾ പാഴ്‌വേലയാവുകയാണ്. പലകുട്ടികളിലും പഠനകാര്യത്തിൽ ഉണ്ടായ നിലവാരത്തകർച്ചയാണ് മാതാപിതാക്കളെ കുട്ടികൾ ആവശ്യപ്പെട്ടതനുസരിച്ച് പ്രവർത്തിക്കാൻ പ്രേരിപ്പിച്ചത്. അതേസമയം സമീപകാലത്ത് പ്രഖ്യാപിച്ച പല പ്രൊഫഷണൽ എൻട്രൻസ് ഫലങ്ങളിലും ഉന്നത റാങ്ക് കരസ്ഥമാക്കിയവരിൽ മിക്കവരും കേരള സിലബസ് പഠിച്ചവരാണെന്ന് തിരിച്ചറിവ് മാതാപിതാക്കൾക്ക് ഉണ്ടായതും കുട്ടികളെ മാറ്റി പഠിപ്പിക്കുന്നതിന് പ്രേരകമായിട്ടുണ്ട്. തങ്ങളുടെ കുട്ടികൾ സി ബി എസ്് സി സ്‌കൂളുകളിൽ പഠിച്ചാൽ മാത്രമെ ഡോക്ടറും എൻജിനീയറും ആകുകയുള്ളുവെന്ന ചിന്ത മാതാപിതാക്കളിൽനിന്നും അകന്നുകൊണ്ടിരിക്കുകയാണ്. നേരത്തെ രക്ഷകർത്താക്കളിലുണ്ടായ ഇത്തരം ചിന്തകളാണ് കേന്ദ്ര സിലബസിനോട്് ആഭിമുഖ്യമുണ്ടാകാനും സ്വന്തം സിലബസിനെ തള്ളിക്കളയാനും ഇടയാക്കിയത്.
അതേസമയം കേരളത്തിൽ പത്താംതരം കഴിഞ്ഞാൽ ഉപരിപഠനം നടത്താൻ സി ബി എസ് സി തലത്തിൽ സ്‌കൂളുകൾ പൊതുവെ കുറവാണ്. നാമമാത്ര സ്‌കൂളുകളിലാകട്ടെ പ്രഫഷണൽ കോഴ്‌സുകളെ നാണിപ്പിക്കുന്ന തരത്തിലാണ് ഡൊണേഷൻ വാങ്ങി കുട്ടികൾക്ക് പ്രവേശനം നൽകുന്നത്. വിദ്യാരംഭം കുറിക്കാനായി എൽ കെ ജി പഠനത്തിനായി സി ബി എസ് സി സ്‌കൂളുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന കുട്ടികളിൽനിന്നും കാൽലക്ഷം രുപയോളമാണ് സംഭാവനയായി വാങ്ങുന്നത് . മറ്റ് ചെലവുകൾ വേറെയും. ഇത് ഒരു വർഷമുമ്പ് രജിസ്റ്റർ ചെയ്ത് ഏതെങ്കിലും ഉന്നതൻ വിളിച്ചുപറയുകയും വേണം. ഇത്തരം പല സ്‌കൂളുകളും ഏഴാം ക്ലാസ് വരെയുള്ള സംവിധാനം മാത്രമെ ഒരുക്കിയിട്ടുള്ളത്. ഇതിനുശേഷമുള്ള പഠനം കുട്ടികളെ സംബന്ധിച്ചിടത്തോളം കീറാമുട്ടിയാവുകയാണ്.
ഇത്തരം സ്‌കൂളുകളിൽ മിക്കവയും വിദ്യാഭ്യാസ വകുപ്പിന്റെ താല്ക്കാലിക അനുമതിയോടെമാത്രം പ്രവർത്തിക്കുന്നവയാണ്. വർഷാവർഷങ്ങളിൽ ഇവർ അനുമതി പുതുക്കിയാണ് സ്‌കൂളിന്റെ പ്രവർത്തനം ആരംഭിക്കുന്നത്. ഇത്തരം സ്‌കൂളിൽനിന്നും കുട്ടികളെ മാറ്റി മറ്റു സ്‌കൂളുകളിലേക്ക് ചേർക്കണമെങ്കിൽ മാതാപിതാക്കൾ പെട്ടതുതന്നെ. ബന്ധപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മേധാവിയുടെ പ്രത്യേക അനുമതിയുണ്ടെങ്കിലേ മറ്റു വിദ്യാലയങ്ങളിൽ ഇവർക്ക് പഠിക്കാൻ സാധിക്കുകയുള്ളു. പല സ്‌കൂളുകളും സർക്കാർ നൽകിയിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തുന്നവയാണ്.
ചുരുങ്ങിയത് ഒരേക്കർ സ്ഥലമെങ്കിലുമുള്ള സ്‌കൂളുകൾക്ക് മാത്രമെ പ്രവർത്തിക്കാൻ അനുമതി നൽകാവുയെന്നാണ് നിയമം. എന്നാൽ താല്ക്കാലിക കെട്ടിടങ്ങൾ പണിത് സ്‌കൂളുകൾ നടത്തുകയാണ് പല മാനേജ്‌മെന്റുകളും. ഏതായാലും വരും വർഷങ്ങളിൽ കേരള വിദ്യാഭ്യാസ രീതിയെ അംഗീകരിക്കുന്ന കുട്ടികളുടെ എണ്ണം ഗണ്യമായി വർദ്ധിക്കുമെന്നാണ് അദ്ധ്യാപകരും ഈ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളും അവകാശപ്പെടുന്നത്.