ലാഭവൻ ഷാജോൺ എന്ന് തിരക്കുള്ള നടനാണ്. ദൃശ്യമെന്ന സിനിമയിലൂടെ കോമേഡിയന്റെ മുഖവും മാറി. ഇന്ന് വെള്ളിത്തിരിയൽ ഷാജോണിനെ കണ്ടാൽ മലയാളി കൈയടിക്കും. റിട്ടയർ ചെയ്ത എഎസ്ഐ. ജോണിന്റേയും റിട്ടയർ ചെയ്ത നഴ്‌സായ റെജീനയുടേയും മകനായ ഷാജോൺ മിമിക്രി വേദിയിലൂടെ മലയാളിയെ ചിരിപ്പിച്ച ശേഷമാണ് സിനിമയിലെത്തുന്നത്. പക്ഷേ അഭിനയ വഴിയിലൊന്നും ഷാജോണിന് പിഴച്ചില്ല. ഇന്ന് തിരക്കുള്ള നടനാണ് ഷാജോൺ. തന്റെ കലാജീവിതത്തെ കുറിച്ച് നടൻ.

'മൈ ഡിയർ കരടി' എന്ന ചിത്രത്തിൽ കലാഭവൻ മണിയുടെ ഡ്യൂപ്പായി. കോട്ടയം നസീറാണ് ഇങ്ങനെയൊരു അവസരമുണ്ടെന്ന് പറയുന്നത്. കരടിയുടെ വേഷം കെട്ടിയാണ് അഭിനയിക്കേണ്ടതെന്നും പറഞ്ഞിരുന്നു. തലയില്ലെങ്കിലും സിനിമയിൽ അഭിനയിക്കാം എന്ന അവസ്ഥയിൽ നിൽക്കുന്ന കാലമാണത്. പക്ഷേ, വേഷംകെട്ടി കഴിഞ്ഞപ്പോഴാണ് ബുദ്ധിമുട്ട് മനസ്സിലായത്. കാരണം കണ്ണ് കാണാനും ശ്വാസം വലിക്കാനും രണ്ട് ചെറിയ ഹോളുകൾ മാത്രമേയുള്ളൂ. ബാക്കിയെല്ലാം കറുത്ത വേഷം. ചുറ്റുമുള്ളതൊന്നും കാണാൻ കഴിയില്ല. ചെന്നപ്പോ തന്നെ പറയുന്നത് കരടിയുടെ വേഷമിട്ട് നായികയെ ബുള്ളറ്റിൽ കയറ്റി അത് ഓടിച്ചുപോകണം എന്ന്. ഒന്നും കാണാനും വയ്യ. എങ്കിലും കാത്തിരുന്ന അവസരമാണ്. അത് പാഴാക്കരുത്. ദൈവമേ ഈ നായികയ്ക്ക് ഒന്നും സംഭവിക്കരുതേ എന്നാണ് ആദ്യം മനസ്സിൽ തോന്നിയത്. നായികയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ സിനിമ നിന്നുപോകുമോയെന്ന് ഞാൻ പേടിച്ചു.

മിമിക്രിയിൽ വന്നാൽ കലാഭവൻ. കലാഭവനിൽ വന്നാൽ സിനിമാനടനാവുമെന്ന ധാരണയും ആഗ്രഹവും ഞങ്ങൾക്കുണ്ടായിരുന്നു. കലാഭവൻ മണി എന്ന നടന്റെ വരവിനുശേഷമാണ് സാധാരണക്കാരായ മിമിക്രിക്കാർക്ക് നാളെ ഒരു നടനാവാൻ കഴിയുമെന്ന തോന്നൽ അനുഭവപ്പെട്ടത്. അതിനു മുമ്പ് ജയറാമേട്ടനും ദിലീപേട്ടനും, സൈനു ഇക്കയും, റഹ്മാൻ ഇക്കയും കലാഭവനിൽ നിന്ന് സിനിമയിലുണ്ട്. എന്നാൽ മണിച്ചേട്ടൻ ഉണ്ടാക്കിയ തരംഗം ഒരു കൊമേഡിയനും പിന്നെ ഉണ്ടാക്കിയില്ല. സ്റ്റേജിൽ ഞാൻ മണിച്ചേട്ടനെ അനുകരിച്ചു. മണിച്ചേട്ടനെ അനുകരിക്കുന്നതിനു മുമ്പേ വരും ജനങ്ങളുടെ ആരവം. അപ്പോൾ നമ്മളും ആ ആരവത്തിൽ മുങ്ങും.

മിമിക്രി കലാകാരനായതുകൊണ്ട് കോമഡി േവഷങ്ങൾ മാത്രമേ തുടക്കത്തിൽ കിട്ടിയിരുന്നുള്ളൂ. അങ്ങനത്തെ കാസ്റ്റിങ്ങ് ആയിരുന്നു എനിക്ക് സിനിമയിൽ ലഭിച്ചത്. ദൃശ്യത്തിന് ശേഷം ക്യാരക്ടർ വേഷങ്ങൾ കിട്ടി. സത്യത്തിൽ തലവര മാറ്റിയെഴുതിയത് ദൃശ്യമാണ്. സിനിമ ഇറങ്ങി ആദ്യത്തെ ദിവസം തന്നെ ലാലേട്ടൻ വിളിച്ചു പറഞ്ഞു. 'നീ ഒരാഴ്ച കഴിഞ്ഞ് തീയേറ്ററിലേക്ക് പോയാൽ മതി'. കാരണം ലാലേട്ടന്റെ ഫാൻസൊക്കെ ഇളകിയിരിക്കുകയാണത്രേ. അതുകൊണ്ട് ഒന്നുരണ്ടാഴ്ച കഴിഞ്ഞാണ് ഫാമിലിയുമായി തീയേറ്ററിൽ പോയത്. മോളുടെ പ്രതികരണം എന്താകുമെന്ന് ടെൻഷനുണ്ടായിരുന്നു. സിനിമ കഴിഞ്ഞ് ഇറങ്ങിയപ്പോൾ ' മോളെ എങ്ങനെയുണ്ടായിരുന്നെടീ പപ്പ?' എന്നു ചോദിച്ചു. 'കുഴപ്പമില്ല പപ്പാ, സിനിമയല്ലേ' എന്നവൾ പറഞ്ഞു. അതോടെ താനും നടനായി.

എന്നിലെ മിമിക്രിക്കാരനെ കണ്ടെത്തിയതും വളർത്തിയതും എന്റെ ചേട്ടൻ ഷിബുവാണ്. ഷിബുച്ചായൻ ബഹറൈനിൽ ഒരു റേഡിയോയിലാണ് വർക്ക് ചെയ്യുന്നത്. എന്നെക്കാൾ മുമ്പ് മിമിക്രി തുടങ്ങിയത് അച്ചായനാണ്. പ്രണവം എന്നൊരു ട്രൂപ്പ് അവർക്കുണ്ടായിരുന്നു. ആ ടീമിന്റെ പ്രാക്ടീസും കാര്യങ്ങളുമൊക്കെ കണ്ടാണ് എനിക്ക് പ്രചോദനം തോന്നിയത്. ഞാൻ മിമിക്രി ചെയ്യാൻ തുടങ്ങിയപ്പോൾ അച്ചായൻ എന്നെ പ്രോത്സാഹിപ്പിച്ചു. ങ്ങളുടെ ചാച്ചനും അമ്മച്ചിയും ഒരിക്കലും മിമിക്രി ചെയ്യുന്നതിനോട് എതിർപ്പ് പറഞ്ഞിട്ടില്ല. അവർ രണ്ടുപേരും സർക്കാർ ജീവനക്കാരായിരുന്നു. രാത്രി പ്രോഗ്രാം കഴിഞ്ഞ് വരുമ്പോൾ കോട്ടയം വഴിയാണ് പോകുന്നതെങ്കിൽ കൂട്ടുകാരെല്ലാം വീട്ടിലേക്ക് വരുമായിരുന്നു. വെളുപ്പിന് രണ്ടു മണി മൂന്നു മണിക്കൊക്കെ പ്രോഗ്രാം കഴിഞ്ഞ് വരുമ്പോൾ അമ്മച്ചി എന്തെങ്കിലും ഉണ്ടാക്കിവെയ്ക്കും.

ഞാനൊരു കോട്ടയംകാരനാണ്. വാരിശ്ശേരിയിലാണ് വീട്. മണർകാട് സെന്റ് മേരീസ് കോളേജിലാണ് പഠിച്ചത്. പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് അദ്യമായി മിമിക്രി ചെയ്യുന്നത്. പ്രൊഫഷണൽ ടീമിൽ മിമിക്രി ചെയ്യുന്നത് മംഗളത്തിലാണ്. ആ സമയത്ത് ഒരുപാട് നല്ല നല്ല കലാകാരന്മാർ മംഗളത്തിലുണ്ടായിരുന്നു. മംഗളത്തിലൂടെയാണ് കോട്ടയത്തിന് പുറത്തുള്ള സ്റ്റേജുകളിലേക്ക് പോകുന്നത്. ആദ്യമായി ഗൾഫിൽ പോയതും. അന്നു മുതലുള്ള സുഹൃത്തുക്കൾ ഇപ്പോഴും ഒപ്പമുണ്ട്. മംഗളം പ്രസാദ്, നസീർ സാർ, കോട്ടയം സോമരാജ് അങ്ങനെ ഒരുപാടുപേർ. 1995 ലാണ് കലാഭവനിലേക്ക് വന്നത്. കലാഭവനിൽ കുറേ അവസരങ്ങൾ ഉണ്ടെന്നറിഞ്ഞ് അങ്ങോട്ട് പോയത്. സല്ലാപം സിനിമ സൂപ്പർഹിറ്റായപ്പോൾ മണിച്ചേട്ടൻ മാറി. മണിച്ചേട്ടനൊപ്പം വേറെ കുറച്ചുപേർ കൂടി കലാഭവനിൽ നിന്ന് പോയി. അങ്ങനെ ഞാനും കലാഭവന്റെ ഭാഗമായി.

ഭാര്യ ഡിനി ഡാൻസറാണ്, ചിത്രകാരിയും. ഞങ്ങളുടെ പുതിയ വീടിന്റെ ചുവരിലെല്ലാം ഡിനിയുടെ പെയിന്റിംഗുകളാണ്. ഇടയ്ക്ക് പെയിന്റിങ് ക്ലാസ്സുകളും എടുക്കാറുണ്ട്. ഒരു ഗൾഫ് പ്രോഗ്രാമിൽ വച്ചാണ് ഞങ്ങൾ പരിചയപ്പെടുന്നത്. അക്കാലത്തൊക്കെ സിനിമകളുടെ സ്വാധീനം കാരണം പ്രേമിച്ചേ കല്യാണം കഴിക്കൂ എന്ന വാശിയിലായിരുന്നു. ഒരു പെണ്ണിനെ വിളിച്ചുകൊണ്ട് പോകുക, വീട്ടുകാരുമായി പ്രശ്‌നങ്ങൾ ഉണ്ടാക്കുക ഇതൊക്കെയായിരുന്നു അന്നത്തെ ആഗ്രഹം. ഞാൻ വീട്ടിൽ നേരിട്ട് പോയി ചോദിച്ചു. കലാഭവന്റെ കാസറ്റുകൾ കണ്ടിരുന്നതുകൊണ്ട് അവർക്ക് എന്നെ അറിയാമായിരുന്നു.

രുദ്രസിംഹാസനം, വിശ്വാസം അതല്ലേ എല്ലാം ഇതു രണ്ടുമാണ് ഉടനെ റിലീസ് ചെയ്യാനുള്ളത്. ഉറുമ്പുകൾ ഉറങ്ങുന്നില്ല, പൃഥ്വിരാജിനൊപ്പമുള്ള സിനിമ, നാദിർഷയോടൊപ്പം ഒരു വർക്ക് അങ്ങനെ കുറെ പ്രോജക്ടുകൾ.-ഷാജോൺ ഇന്ന് ഹാപ്പിയാണ്.