- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശാടനകിളികൾക്കായി എല്ലാം ഒരുക്കി തട്ടേക്കാട്ടിൽ സുഗതൻ കാത്തിരിക്കുന്നു; ലോകമറിയുന്ന പറവ സാമ്രാജ്യത്തിന് ഇന്ന് പറയാനുള്ളത് നേട്ടങ്ങളുടെ കഥ
കോതമംഗലം; വിരുന്നെത്തുന്ന ദേശാടകരെ ഹൃദയപൂർവ്വം വരവേൽക്കുന്നതിനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് ഡോ.സുഗതൻ. കടലുകളും സമതലങ്ങളും വനസ്ഥലികളും പിന്നിട്ട് ആകാശത്തിന് കുറുകെ ആയിരം കാതങ്ങൾ താണ്ടിയെത്തുന്ന പ്രിയപ്പെട്ടവർക്കായി വഴിക്കണ്ണുമായി കാത്തിരിക്കുകയാണ് ഈ വിശ്വപ്രസിദ്ധ പക്ഷി ശാസ്ത്രജ്ഞൻ. പശ്ചിമഘട്ട മലനിരകൾക്കു തഴെ ഇടുക്കി -
കോതമംഗലം; വിരുന്നെത്തുന്ന ദേശാടകരെ ഹൃദയപൂർവ്വം വരവേൽക്കുന്നതിനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് ഡോ.സുഗതൻ. കടലുകളും സമതലങ്ങളും വനസ്ഥലികളും പിന്നിട്ട് ആകാശത്തിന് കുറുകെ ആയിരം കാതങ്ങൾ താണ്ടിയെത്തുന്ന പ്രിയപ്പെട്ടവർക്കായി വഴിക്കണ്ണുമായി കാത്തിരിക്കുകയാണ് ഈ വിശ്വപ്രസിദ്ധ പക്ഷി ശാസ്ത്രജ്ഞൻ.
പശ്ചിമഘട്ട മലനിരകൾക്കു തഴെ ഇടുക്കി - എറണാകുളം ജില്ലാ അതിർത്തിയിലെ ലോക പ്രസിദ്ധമായ തട്ടേക്കാട് പക്ഷിസങ്കേതം കേന്ദ്രീകരിച്ച് കാൽ നൂറ്റാണ്ടോളമായി നിരീക്ഷണ-ഗവേഷണങ്ങൾ നടത്തിവരുന്ന ഇദ്ദേഹത്തിന് പക്ഷിക്കൂട്ടങ്ങളുടെ ദേശാടന കാലത്തോളം വലിയ വിശേഷം വേറൊന്നില്ല.ഈ മാസം മധ്യത്തോടെ ആരംഭിക്കുന്ന ദേശാടനപക്ഷികളുടെ പ്രവാഹം മാർച്ചിൽ അവസാനിക്കുന്നതുവരെ പുതിയ തിരിച്ചറിവുകൾ തേടി രാപകലന്യേ ഡോ.സുഗതൻ ഇവിടെയുണ്ടാവും. തട്ടേക്കാട് ആസ്ഥാനമായി അടുത്തിടെ രൂപികൃതമായ ബേർഡ് മോണിട്ടറിങ് സെല്ലിന്റെ ചുമതല സംസ്ഥാന വനംവകുപ്പ് ഏൽപ്പിച്ചിട്ടുള്ളതും സുഗതനെയാണ്.
ലാഭക്കൊതിയന്മാരുടെ നീരാളിപ്പിടിയിലമർന്ന് നാശത്തിലേക്ക് കൂപ്പുത്തിയിരുന്ന തട്ടേക്കാട് പക്ഷിസങ്കേതത്തേ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചതും ഗുരു ഡോ.സലിം അലിയുടെ സ്വപ്ന സാക്ഷാൽക്കാരത്തിന് വഴിതുറന്നതുമെല്ലാം കർമ്മപഥത്തിലെ വിലമതിക്കാനാവാത്ത നേട്ടമാണെന്നാണ് ഇദ്ദേഹത്തിന്റെ വിലയിരുത്തൽ.
ഇന്ത്യൻ പക്ഷിശാസ്ത്രശാഖയുടെ പിതാവും തന്റെ ഗുരുവുമായ ഡോ. സലിം അലി കണ്ടെത്തിയ പറവകളുടെ പറുദീസയെന്ന് വിശേഷിപ്പിക്കപ്പെടുന്ന തട്ടേക്കാടിനെ ലോകശ്രദ്ധയിലേക്കുയർത്തുകയും ഇവിടുതത്തത്തെ ജീവജാലങ്ങളുടെ പരിപാലനത്തിന് വേണ്ട നേർരേഖ തീർക്കുകയും ചെയ്തതിൽ പ്രധാന പങ്കുവഹിച്ചത് ഡോക്ടർ സുഗതനാണെന്ന് കാര്യത്തിൽ രണ്ടുപക്ഷമില്ല. ചെറുപക്ഷികളുടെ ഏഷ്യയിലെ ഏറ്റവും വലിയ സങ്കേതമായ തട്ടേക്കാടിനെ തനിമ കൈവിടാതെ സംരക്ഷിക്കപ്പെടണമെന്നായിരുന്നു ഡോക്ടർ സുഗതന്റെ കാഴ്ചപ്പാട്. ഈ ലക്ഷ്യം മുന്നിൽകണ്ട് താൻ നടത്തിയ നീക്കങ്ങൾ ഏറെക്കുറെ വിജയിച്ചതായി ഡോക്ടർ സുഗതൻ തന്നെ സാക്ഷ്യപ്പെടുത്തുന്നു. പക്ഷിക്കൂട്ടങ്ങളുടെ കൊഴിഞ്ഞുപോക്ക് കുറഞ്ഞതും ആവാസവ്യവസ്ഥ മെച്ചപ്പെട്ടതുമൊക്കെ ഇക്കാര്യം വ്യക്തമാക്കുന്നതാണെന്നാണ് സുഗതന്റെ പക്ഷം.
1992-മുതൽ ഡോക്ടർസുഗതൻ തട്ടേക്കാടുണ്ട്. ഇവിടെ ഉണ്ടാകുന്ന ചെറുചലനങ്ങളും മാറ്റങ്ങളുമൊക്കെ അദ്ദേഹത്തിന് വലിയ കാര്യങ്ങളാണ്. പരിചിതമല്ലാത്ത കിളിനാദങ്ങളോ ചിറകടിയൊച്ചയോ കേട്ടാൽ പിന്നെ സുഗതന്റെ യാത്ര ഇതിനുപിന്നാലെയാകും. ഇക്കാര്യത്തിൽ രാവും പകലും വിശപ്പും ദാഹവും ഒന്നും അദ്ദേഹത്തിന് വിഷയമാകാറില്ല.
വന്നകാലം മുതൽ തട്ടേക്കാട്ടുപക്ഷിസങ്കേതത്തെ അടുത്തറിയുന്നതിനായിരുന്നു ഡോക്ടർ സുഗതന്റെ നീക്കം. ഇവിടുത്തെ പക്ഷി- മൃഗാദികളെയും സസ്യജാലങ്ങളെയും എന്നുവേണ്ട കണ്ണിൽകണ്ടതിനെക്കുറിച്ചുമെല്ലാം വിശദമായി പഠിച്ച് റിപ്പോർട്ട് തയ്യാറാക്കി .ഈ വഴിയള്ള യാത്രക്കിടെയാണ് ചരിത്രമായി തീർന്ന പല കണ്ടെത്തലുകളും അദ്ദേഹം സ്വന്തമാക്കിയത്
കാടിന്റെ യഥാർത്ഥ അവകാശികൾ അവിടുത്തെ ജീവജാലങ്ങളാണ്. അവയെ സ്വതന്ത്ര്യമായി ജീവിക്കാൻ വിടുക. വനമേഖലകളെ ടൂറിസ്റ്റുകേന്ദ്രങ്ങളാക്കുന്നതിനുള്ള നീക്കം ആരുടെ ഭാഗത്തുനിന്നുണ്ടായാലും കാലം അവർക്ക് മാപ്പ് നൽകില്ല. ഡോക്ടർ സുഗതന്റെ വാക്കുകളിൽ താക്കീതന്റെ മൂർച്ച.
സംസ്ഥാനത്തിന്റെ കിഴക്കേയറ്റത്ത് ഇടുക്കി-എറണാകുളം ജില്ലാ അതിർത്തിയിൽ പരിസ്ഥിതി പ്രാധാന്യമുള്ള പൂയംകുട്ടി വനമേഖലയോടുചേർന്ന് പെരിയാർ തീരത്താണ് പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്. 1937 ൽ പഠനയാത്രക്കിടെ ഡോക്ടർ സലിം അലി തട്ടേക്കാട്ടെത്തിയിരുന്നു. ദിവസങ്ങൾക്കുള്ളിൽ തന്നെ ഈ വനമേഖല വൈവിധ്യങ്ങളായ പക്ഷിക്കൂട്ടങ്ങളുടെ സംഗമകേന്ദ്രമാണെന്ന് അദ്ദേഹത്തിന് ബോധ്യമായി. 160 ഇനം പക്ഷികളെ അദ്ദേഹം അന്ന് തിരിച്ചറിഞ്ഞിരുന്നു. ഇവിടെ പക്ഷിസങ്കേതമായി പ്രഖ്യാപിക്കണമെന്ന് നിർദ്ദേശം ആദ്യം മുന്നോട്ടുവച്ചതും ഡോക്ടർ സലിം അലിയായിരുന്നു.
1983 -ലാണ് ഇവിടെ പക്ഷിസങ്കേതമായി പ്രഖ്യാപിക്കപ്പെട്ടത്. പരിസ്ഥിതി പ്രധാന്യമുള്ള പശ്ചിമഘട്ടമല നിരകൾക്കു താഴെ എറണാകുളം ജില്ലയുടെ കിഴക്ക് കോതമംഗലത്തുനിന്നും 12 കിലോമീറ്ററോളം അകലെ പെരിയാറിനക്കരെ 2500 ഓളെ ഹെക്ടറിലായി വ്യാപിച്ചുകിടക്കുന്ന വനപ്രദേശം ഉൾക്കൊള്ളുന്നതാണ് തട്ടേക്കാട് പക്ഷിസങ്കേതം. ഡോക്ടർ സലിം അലിക്ക് ശേഷം പക്ഷിസങ്കേതത്തെക്കുറിച്ച് കൂടുതൽ ആധികാരികപഠനങ്ങൾ നടത്തിയത് അദ്ദേഹത്തിന്റെ ശിഷ്യൻകൂടിയായ ഡോക്ടർ സുഗതനാണ്. 1992 മുതൽ ഇവിടെ നിരീക്ഷണ-ഗവേഷണങ്ങൾ നടത്തിവരുന്ന അദ്ദേഹം ഇതിനകം 322 ഇനം പക്ഷികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. റഷ്യ.ഓസ്‌ട്രേലിയ.ഹിമാലയം, അന്റാർട്ടിക്ക,സൈബീരിയ എന്നിവിടങ്ങളിൽ നിന്നാണ് ഇവിടേക്ക് കൂടുതൽ ദേശാടന പക്ഷികളെത്തുന്നത്.ത്രിറ്റോഡ് കിങ്ഫിഷർ, റിപ്ലി മൂങ്ങ, മാക്കാച്ചികാട, എന്നീയിനങ്ങളും തിരിച്ചറിഞ്ഞവയിൽ ഉൾപ്പെടും. 18-ാം നൂറ്റാണ്ടിൽ ഭൂമുഖത്തുനിന്നും അപ്രത്യക്ഷമായിയെന്ന് ശാസ്ത്രലോകം വിധിയെഴുതിയ ഇനമായിരുന്നു മാക്കാച്ചിക്കാട.
ഇതു സംബന്ധിച്ച് വാർത്തകൾ വലിയ പ്രധാന്യത്തോടെ വിദേശ മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചതും പക്ഷിനിരീക്ഷകർക്കിടയിൽ ചർച്ച ചെയ്യപ്പെട്ടതുമൊക്കെ തട്ടേക്കാടിന്റെ പെരുമയുയർത്തി. ഈ കാലയളവിൽ ഈ പക്ഷിയെക്കുറിച്ച് പഠിക്കാൻ വിദേശങ്ങളിൽനിന്നും പക്ഷിനിരീക്ഷകരും ഗവേഷകരും തട്ടേക്കാട്ടെത്തി. ഇതോടെ പക്ഷിസങ്കേതം ലോകശ്രദ്ധയിലേക്കയുർന്നു.
പശ്ചിമഘട്ടത്തിൽ കേരളത്തിന്റെ തെക്കെയറ്റത്തും കർണാടക, തമിഴ്‌നാട്, തുടങ്ങിയ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിലും മാക്കാച്ചികാട ഉള്ളതായി പിന്നീട് നടന്ന ഗവേഷണങ്ങളിൽനിന്നും വ്യക്തമായി. എന്നാൽ ഇവയെ കൂട്ടത്തോടെ കണ്ടെത്തിയത് തട്ടേക്കാട് മാത്രമാണ്. ഇതുകൊണ്ട് തന്നെ വിദേശികളുൾപ്പെടെ പക്ഷിനിരീക്ഷകർ ഇക്കാലത്ത് കൂടുതൽ കേന്ദ്രീകരിച്ചിരുന്നതും ഇവിടെയായിരുന്നു. ഈ പക്ഷിയെ സംരക്ഷിക്കണമെന്ന ആവശ്യം വ്യാപകമായി ഉയർന്നതിനെത്തുടർന്ന് ഡോക്ടർ സുഗതൻ ഇതിനായി പ്രോജക്റ്റ് റിപ്പോർട്ട് തയ്യാറാക്കി വനവകുപ്പിന് സമർപ്പിച്ചു. ഈ റിപ്പോർട്ട് നടപ്പിലാക്കാൻ അന്നത്തെ ഗവൺമെന്റ് പച്ചക്കൊടി വീശിയെങ്കിലും ഏറെ താമസിയാതെ ഇതു സംബന്ധിച്ച നീക്കങ്ങൾ വിസ്മൃതിയിലായി. പിന്നീടുള്ള പക്ഷിസങ്കേതത്തിന്റെ സംരക്ഷണ- പരിപാലന പദ്ധതിനടത്തിപ്പുകളിലും ഇത്തരം പാകപ്പിഴകൾ തുടർക്കഥയായി. ഇത് ലോകമറിയുന്ന ഈ പറവകളുടെ സാമ്രാജ്യത്തിന്റെ മൊത്തത്തിലുള്ള അപചയത്തിന് കാരണമായി.
1995- 96 കാലഘട്ടത്തിൽ ഡോക്ടർ സുഗതൻ നടത്തിയ ഒരു പഠനത്തിൽ ഇവിടെ ദേശാടനപക്ഷികളുടെ വരവിൽ ഗണ്യമായ കുറവ് കണ്ടെത്തി.ഇതിന്റെ കാരണവും പിന്നീട് നടന്ന ഗവേഷണങ്ങളിൽനിന്നും വ്യക്തമായി. ഭക്ഷ്യവസ്തുക്കളുടെ ദൗർലഭ്യവും ആവാസവ്യവസ്ഥയിലുണ്ടായ കനത്ത മാറ്റങ്ങളുമാണ് പക്ഷിക്കൂട്ടങ്ങളെ ഇവിടെനിന്നകറ്റിയെന്നായിരുന്നു ഡോക്ടർ സുഗതന്റെ പഠനറിപ്പോർട്ട്. ഈ നില തുടർന്നാൽ അവശേഷിക്കുന്ന പക്ഷിക്കൂട്ടങ്ങളും ഇവിടെനിന്നും മറ്റുവനമേഖലളിലേക്ക് ചേക്കേറുമെന്നുള്ള വിലയിരുത്തലുകളും സൂചനകളും പല കോണുകളിൽനിന്നും ഉയർന്നു. ഇതിന് ഒരു പരിഹാരം കണ്ടെത്തുന്നതിനും വനംവകുപ്പ് ചുമതലപ്പെടുത്തിയത് ഡോക്ടർ സുഗതനെയായിരുന്നു. ഇതനുസരിച്ച് ഡോക്ടർ സുഗതൻ നൽകിയ റിപ്പോർട്ട് പ്രകാരം നടപ്പിലാക്കിയ കർമ്മപദ്ധതികളുടെ വിജയകരമായ നടത്തിപ്പ് പകഷിസങ്കേതത്തിന്റെ മൊത്തത്തിലുള്ള പുരോഗതിയിലേക്ക് വഴി തുറന്നെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പക്ഷി സങ്കേതത്തിലെ മരങ്ങളിൽ പക്ഷികൾക്കായി ഏറെക്കുറെ തനത് ശൈലിയിൽ കൂടുകൾ ഒരുക്കുക, ജലപക്ഷികൾക്കായി പുഴയോട് ചേർന്ന് കൃത്രിമ തടാകങ്ങൾ ഒരുക്കുക, ഫലവൃക്ഷത്തോട്ടങ്ങൾ വച്ചുപിടിപ്പിക്കുക, തുടങ്ങിയവയായിരുന്നു സുഗതൻ നിർദ്ദേശിച്ച കർമ്മപദ്ധതികളിൽ പ്രധാനം. മരങ്ങളിൽ വ്യാപകമായി സ്ഥാപിച്ച കൂടുകളിൽ പക്ഷികൾ കയറിത്തുടങ്ങിയത് ഈ വഴിക്കുള്ള നീക്കങ്ങളിൽ ശുഭലക്ഷണമായി. ഉദ്ദേശ- ലക്ഷ്യങ്ങൾ അവഗണിച്ച് പകഷിസങ്കേതത്തിൽ തലങ്ങും വിലങ്ങുമുള്ള തടയണ നിർമ്മാണം ഇക്കാലത്ത് ചില്ലറ വിവാദങ്ങൾക്കും വഴിവച്ചിരുന്നു. ഇതിന് കാരണം മാറിമാറിയെത്തുന്ന ഉദ്ദ്യോഗസ്ഥരുടെ ഗൂഡലകഷ്യങ്ങളായിരുന്നു. മെച്ചപ്പെട്ട പരിചരണം നൽകിയില്ലെങ്കിലും പേരയും മൽബറിയും എന്നുവേണ്ട വച്ചുപിടിപ്പിച്ച ഒട്ടുമിക്ക ഫലവൃക്ഷങ്ങളും ചെടികളും പൂക്കുകയും കായ്ക്കുകയും ഉണ്ടായി. ഇതു വഴി ഭക്ഷ്യലഭ്യത ഉറപ്പായതോടെ കൂടുതൽ പക്ഷിക്കൂട്ടങ്ങൾ തട്ടേക്കാട്ടേക്ക് എത്തിത്തുടങ്ങി. ഇത് ഒരു നല്ല തുടക്കമായി.
ഇതിനിടെ ടൂറിസ്റ്റ് കേന്ദ്രമായി തട്ടേക്കാടിനെ വളർത്തിയെടുത്ത് സാമ്പത്തികനേട്ടമുണ്ടാക്കാമെന്ന ഉദ്യേഗസ്ഥ പ്രമുഖരുടെ കണ്ടെത്തൽ പക്ഷിസങ്കേതത്തിന് വീണ്ടും തിരിച്ചടിയായി. തുടർച്ചയായ നിർമ്മാണ പ്രവർത്തനങ്ങൾ ഇവിടുത്തെ ജീവജാലങ്ങളുടെ സ്വൈര്യവിഹാരത്തിന് തടസമായി ടൂറിസ്റ്റുകളുടെ കടന്നുകയറ്റം കൂടിയായപ്പോൾ സ്ഥിതി കൂടുതൽ സങ്കീർണമായി. ഈയവസരത്തിലും പക്ഷി സങ്കേത്തിന്റെ രക്ഷക്കെത്തിയത് ഡോക്ടർ സുഗതന്റ ഇടപെടലുകളായിരുന്നു.
കാടിനുള്ളിൽ പരിധി വിട്ടുള്ള നിർമ്മാണപ്രവർത്തനങ്ങൾ പാടെ ഒഴിവാക്കണമെന്നും ടൂറിസ്റ്റുകൾക്ക് നീയന്ത്രണമേർപ്പെടുത്തണമെന്നുമായിരുന്നു ഇക്കാര്യത്തിൽ പോംവഴിയായി ഡോക്ടർ സുഗതൻ നിർദ്ദേശിച്ചത്. ഇത് വനവകുപ്പ് ഏറെക്കുറെ പൂർണമായി തന്നെ നടപ്പിലാക്കി. ഫലം അത്ഭുതാഹമായിരുന്നെന്ന് ഡോക്ടർ സുഗതൻ ചൂണ്ടിക്കാട്ടുന്നു. പക്ഷിക്കൂട്ടങ്ങളുടെ കൊഴിഞ്ഞുപോക്ക് ഏറെക്കുറെ നിലച്ചു. എണ്ണത്തിലും ഗണ്യമായി വർദ്ധനയുണ്ടായി. മറ്റു ജീവജാലങ്ങളുടെ കാര്യത്തിലും ഇപ്പോൾ സ്ഥിതി ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിംഹം, പുലി എന്നിവയൊഴികെയുള്ള ഒട്ടുമിക്ക വന്യജീവികളും ഇവിടെയുണ്ട്. ആനകളുടെ എണ്ണം 5 ൽനിന്ന് 50 ഓളമെത്തിയിട്ടുണ്ട്.
പക്ഷിസങ്കേതത്തിൽ നിന്നും ഗ്രാമീണ മേഖലകളിലെത്തുന്ന ഉഗ്രവിഷവാഹിയായ രാജവെമ്പാലകൾ നാടാകെ വിറപ്പിക്കുന്നതിൽ ഡോക്ടർ സുഗതന് ഒട്ടുംകുലുക്കമില്ല. രാജവെമ്പാല ഇതുവരെ മനുഷ്യനെ കടിച്ചതായി റിപ്പോർട്ടില്ലെന്നും ഇവ പറയത്തക്ക അപകടകാരികളല്ലെന്നുമാണ് സുഗതന്റെ പകഷം. പക്ഷി സങ്കേതത്തിന് സംരക്ഷണം ശക്തിപ്പെടുത്തിയത് തന്നെയാണ് ഇവയുടെ വംശവർദ്ധനക്ക് കാരണമെന്നും ഡോക്ടർ സുഗതൻ പറയുന്നു.
പക്ഷി ശാസ്ത്രരംഗത്തെ അന്താരാഷ്ട്രനിലവാരമുള്ള പഠനകേന്ദ്രമായി തട്ടേക്കാട് പക്ഷിസങ്കേതത്തെ രൂപപ്പടെത്തണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർ സുഗതൻ വിശദമായ റിപ്പോർട്ട് വനംവകുപ്പിന് സമർപ്പിച്ചിട്ട് വർഷങ്ങളായിരുന്നു.ബേർഡ് മോണിട്ടറിങ് സെല്ലിന്റെ രൂപീകരണം ഈ വഴിക്കുള്ള ആദ്യ ചുവടു വയ്‌പ്പാണെന്നാണ് സൂചന.
ഭാര്യയും മക്കളുമായി പെരുമ്പാവൂരിൽ താമസിക്കുന്ന ഇദ്ദേഹം പക്ഷിനിരീക്ഷണങ്ങളും ഗവേഷണങ്ങളും ക്ലാസുകളും മറ്റുമായി ഇപ്പോഴും തട്ടേക്കാടുണ്ട്. പക്ഷിശാസ്ത്രശാഖയുമായി ബന്ധപ്പെട്ട ഏത് കാര്യത്തിനും ഡോക്ടർ സുഗതന്റെ സേവനം ഇവിടെ ആർക്കും പ്രതീക്ഷിക്കാം. പറവകളോടോത്തുള്ള സഹവാസവും അവയെക്കുറിച്ചുള്ള അറിവ് തേടിയുമുള്ള തന്റെ യാത്രകളും പറ്റാവിന്നിടത്തോളം കാലം തുടരുമെന്നും ഡോക്ടർ സുഗതൻ വ്യക്തമാക്കുന്നു.