- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഴക്കാലവും ഉൽസവസീസണും കൊയ്ത്തുൽസവം; സിസിടിവിയും പട്ടിയുമുള്ള വീടുകൾ ഒഴിവാക്കും; തെളിവെടുപ്പിനെത്തിയപ്പോൾ മാത്രം മോഷണവിവരം അറിഞ്ഞ വീട്ടുകാർ; മക്കളുടെ നല്ല ജീവിതത്തിനായി ധൂർത്തടിയില്ല; മോഷണകലയിലെ 'ബെസ്റ്റ് ആക്ടറായി' കള്ളൻ രമേശൻ
തിരുവനന്തപുരം: നാട്ടിൽ മോഷണം നടന്നാൽ പൊലീസ് ആദ്യം പൊക്കുന്നത് ആസ്ഥാന കള്ളന്മാരെയും പെട്ടെന്ന് ആഡംബരജീവിതം നയിക്കുന്നവരെയും ഒക്കെയാണ്. പല കള്ളന്മാരും മോഷ്ടിക്കുന്നത് തന്നെ ധൂർത്തടിച്ച് ജീവിക്കാനാണ്. ആ ധൂർത്ത് തന്നെയാണ് പൊലീസിന്റെ പിടിവള്ളിയും. പിന്നെ ഓരോ കള്ളന്മാരുടേയും ശൈലിയും വ്യത്യസ്തമാണ്. എല്ലാ കുറ്റകൃത്യങ്ങളിലും കുറ്റവ
തിരുവനന്തപുരം: നാട്ടിൽ മോഷണം നടന്നാൽ പൊലീസ് ആദ്യം പൊക്കുന്നത് ആസ്ഥാന കള്ളന്മാരെയും പെട്ടെന്ന് ആഡംബരജീവിതം നയിക്കുന്നവരെയും ഒക്കെയാണ്. പല കള്ളന്മാരും മോഷ്ടിക്കുന്നത് തന്നെ ധൂർത്തടിച്ച് ജീവിക്കാനാണ്. ആ ധൂർത്ത് തന്നെയാണ് പൊലീസിന്റെ പിടിവള്ളിയും. പിന്നെ ഓരോ കള്ളന്മാരുടേയും ശൈലിയും വ്യത്യസ്തമാണ്.
എല്ലാ കുറ്റകൃത്യങ്ങളിലും കുറ്റവാളികൾ അറിയാതെ ഒരു തുമ്പ് അവശേഷിപ്പിട്ടുണ്ടായിരിക്കും എന്നാണ് പൊലീസ് തിയറി. എന്നാൽ ഈ തിയറി തെറ്റിക്കാൻ പരമാവധി ശ്രമിച്ച് കള്ളനായിരുന്നു രമേശൻ. ഓരോ എന്നാൽ ഒരു രൂപ പോലും ധൂർത്തടിക്കാത്ത കള്ളൻ രമേശന് സമ്പാദ്യശീലമായിരുന്നു ആകെയുള്ള ഒരു ഗുണം. മോഷ്ടാക്കളുടെ പതിവ് ശൈലിയിൽ നിന്ന് വ്യത്യസ്തനായ രമേശന്റെ മൊഴികളിൽ പൊലീസാണ് അന്തം വിട്ടത്.
രമേശന്റെ 'മോഡസ് ഓപ്പറാൻഡി' ഇങ്ങനെ
മോഷണം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് ടെംപോ ട്രാവലറിൽ എത്തുന്ന രമേശൻ വീടുകൾ തെരഞ്ഞെടുത്ത ശേഷം മൂന്നു കാലു കിലോമീറ്റർ ദൂരത്തെവിടെയെങ്കിലും വാഹനം പാർക്ക് ചെയ്യും. സംശയം തോന്നാതിരിക്കാൻ വാഹനം കേടായതു പോലെ തോന്നിപ്പിക്കാനുള്ള ടെക്‌നിക്കുകളും പ്രയോഗിക്കും. പിന്നീട് ഉപകരണങ്ങളായ കമ്പിപ്പാര, കട്ടർ, തോർത്ത്, പൂട്ട് തുറക്കാനുള്ള നെയിൽ കട്ടർ, കുടക്കമ്പി എന്നിവ കരുതും. ആധുനിക രീതിയിലുള്ള പൂട്ടുകളാണ് തുറക്കാൻ എളുപ്പമെന്നാണ് രമേശന്റെ പക്ഷം.
നെയിൽ കട്ടർ, കുടകമ്പി എന്നിവയാണ് ഇതിനുള്ള ആയുധങ്ങൾ. പ്രധാനവാതിൽ കിടപ്പ് മുറിക്ക് സമീപമായാൽ പിൻവാതിലാണ് രമേശന്റെ ലക്ഷ്യം. ഇതിന് കമ്പിപ്പാരയാണ് ഉപയോഗിക്കുന്നത്. അകത്ത് കടക്കുന്ന രമേശൻ വീടിന്റെ ലേ ഔട്ട് ആദ്യം മനസിലാക്കും. പിന്നീട് ഒരു തുണിയും കൈക്കലാക്കും. ബെഡ്റൂമിൽ കടക്കുന്ന രമേശൻ കട്ടർ ഉപയോഗിച്ചാണ് സ്ത്രീകളുടെ കഴുത്തിൽ നിന്ന് മാല മുറിച്ച് മാറ്റുന്നത്. തലമുടിയിലോ, വസ്ത്രത്തിലോ മാല കുരുങ്ങിയാൽ കഴുത്തിലോ, മുഖത്ത് എന്തെങ്കിലും കൊണ്ട് പതുക്കെ ഉരസും. ഇതിന്റെ അസ്വസ്ഥതയിൽ തിരിയുമ്പോഴേക്കും ആഭരണം രമേശന്റെ കയ്യിലിരിക്കും.
മോഷണം നടത്തി കഴിഞ്ഞാൽ ആദ്യം കയ്യിൽ കരുതിയ തുണി വെള്ളത്തിൽ മുക്കി തന്റെ വിരലടയാളം പതിഞ്ഞ സ്ഥലങ്ങളെല്ലാം തുടച്ച് വൃത്തിയാക്കും. പിന്നീട് അയൽ വീട്ടിലേക്ക്. ഈ തുണി അവിടെ ഉപേക്ഷിച്ച് അവിടെ നിന്നും പുതിയ തുണി എടുക്കും. ഇങ്ങനെ ഏറ്റവും കുറഞ്ഞത് അഞ്ചു വീടുകൾ കയറിയിരിക്കും.
ആകാശം ഇടിഞ്ഞു വീണാൽ പോലും അറിയാത്ത ഉറക്കം
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾ കേന്ദ്രീകരിച്ച് മോഷണം തൊഴിലാക്കിയ രമേശന് മലയാളികളുടെ ഉറക്കത്തെ കുറിച്ച് വലിയ 'മതിപ്പാ'ണ്. ആകാശം ഇടിഞ്ഞു വീണാൽ പോലും അറിയാത്ത തരത്തിലുള്ള ഉറക്കമാണ് പലരുടേയും. ശബ്ദം കേട്ട് പലപ്പോഴും വീട്ടമ്മമാർ എണീറ്റിട്ടുണ്ടെങ്കിലും മദ്യപിച്ച് ബോധമില്ലാതെ കിടന്നുറങ്ങുന്ന ഗൃഹനാഥന്മാർ എണീൽക്കാത്തതു കൊണ്ട് അവരും പേടിച്ച് മിണ്ടാതെ കിടക്കും. ഒന്നരയ്ക്കും മൂന്നു മണിക്കും ഇടയ്ക്കുള്ള സമയമാണ് രമേശന്റെ സമയം. ഇപ്പോൾ മിക്ക വീടുകളിലെ ആൾക്കാർ ഉറങ്ങുന്നത് 12 മണിക്ക് ശേഷമാണ്. അതു കൊണ്ട് ഒരു മണിമുതൽ മൂന്നു മണി വരെ ഇവരുടെ ഉറക്കം ഒന്നൊന്നര ഉറക്കമായിരിക്കുമെന്നാണ് രമേശന്റെ കണ്ടെത്തൽ.
പഴയ പൂട്ടുകളെക്കാൾ തുറക്കാൻ എളുപ്പം പുതിയ പൂട്ടുകളാണെന്ന് രമേശന്റെ സാക്ഷ്യം. വാതിലിന് പിന്നിൽ ഇരുമ്പ് പട്ടയുണ്ടെങ്കിൽ തുറക്കാൻ ബുദ്ധിമുട്ടാണ്. തുറന്നാൽ തന്നെ വാതിലിനോട് ബന്ധിപ്പിച്ചിരിക്കുന്ന ഇരുമ്പ് പട്ട ഭിത്തിയിൽ ഇടിച്ച് ശബ്ദമുണ്ടാകുകയും വീട്ടുകാർ ഉണരാനും സാധ്യതയുണ്ട്. വേനൽക്കാലത്ത് ഒരുപാട് ബുദ്ധിമുട്ടാതെ ജനലിലൂടെ തന്നെ സാധനം കയ്യിലൊതുക്കാം. മഴക്കാലവും ഉത്സവസീസണുമാണെങ്കിൽ ഒരു ഏരിയ തന്നെ വെളുപ്പിക്കാൻ കഴിയുമെന്ന് രമേശൻ പറയുന്നു. സിസിടിവിയും പട്ടികളും ഉള്ള വീടുകൾ ഒഴിവാക്കും.
വ്യത്യസ്തനാമീ.. പെരുംകള്ളൻ
സാധാരണ കള്ളന്മാർ മോഷ്ടിക്കുന്നതൊക്കെ അടിച്ചുപൊളിക്കാൻ ഉപയോഗിക്കുമ്പോൾ ഒരു രൂപ പോലും ധൂർത്തടിക്കാതെ കോടികൾ സമ്പാദിച്ച രമേശന്റെ സമ്പാദ്യം കണ്ട് പൊലീസ് ഉദ്യോഗസ്ഥർ തന്നെ ഞെട്ടിപ്പോയി. രണ്ടരലക്ഷം തവണ വ്യവസ്ഥയിൽ കെ.എസ്.എഫ്.ഇയിൽ മൂന്നരക്കോടിയുടെ ചിട്ടി ഉൾപ്പെട 18 ചിട്ടികൾ.
ആലംകോട് 1.8 ഏക്കർ, മംഗലപുരത്ത് 42 സെന്റും ഇരുനില വീട്, കിളിമാനൂരിൽ എം.സി റോഡിനോട് ചേർന്ന് 37 സെന്റ്, മാമത്ത് 60 സെന്റ് ഭൂമി എന്നിവയാണ് ഇതുവരെ രമേശൻ വെളിപ്പെടുത്തിയ സമ്പാദ്യങ്ങൾ. എന്നാൽ, ഇതിൽ കൂടുതൽ വസ്തുവകകൾ രമേശനുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. നൂറിൽപരം കവർച്ചകൾ നടത്തിയ രമേശന് ഇതരസംസ്ഥാനങ്ങളിൽ റിയൽ എസ്റ്റേറ്റ് നിക്ഷേപമുള്ളതായും രമേശൻ വെളിപ്പെടുത്തിയിട്ടുണ്ട്. രമേശിന്റെ സമ്പാദ്യങ്ങളുടെ വിശദാംശങ്ങൾ ശേഖരിക്കാനാണ് രമേശിന്റെ രണ്ടു ഭാര്യമാരെയും പൊലീസ് ചോദ്യം ചെയ്തത്. രമേശിന് മോഷണമുണ്ടെന്ന് ആദ്യമൊന്നും മനസിലായില്ലെങ്കിലും പിന്നീടാണ് തങ്ങൾക്ക് മനസിലായതെന്നും ഭാര്യമാർ പൊലീസിന് മൊഴി നൽകി. നിയമപ്രകാരമുള്ള രമേശിന്റെ ഭാര്യ പലതവണ ഇതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ഇവർ ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചിട്ടുമില്ല.
എന്നാൽ മക്കളുടെ മുന്നിൽ സ്‌നേഹനിധിയായ അച്ഛന്റെ വേഷമായിരുന്നു രമേശന്. മക്കൾക്ക് ഏത് ആഗ്രഹവും സാധിച്ചു കൊടുക്കുന്ന പ്രിയപ്പെട്ട അച്ഛനായിരുന്നു രമേശൻ. രണ്ടു പെൺമക്കൾക്കും നല്ല വിദ്യാഭ്യാസം നൽകുകയും അവരെ നല്ല രീതിയിൽ വിവാഹം കഴിച്ചു കൊടുക്കാനുമാണ് ഇത്രയും സമ്പാദിച്ചതെന്നാണ് രമേശന്റെ മൊഴി. ഇടയ്ക്ക് മോഷണം നിർത്തി ബിസിനസ് തുടങ്ങാൻ പദ്ധതിയിട്ടെങ്കിലും കുറച്ച് കൂടി 'സാമ്പത്തിക'മായി മെച്ചപ്പെട്ട ശേഷം മതിയെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് രമേശൻ പൊലീസിന് മൊഴി നൽകി. മക്കളിൽ ഒരാളെ ബി.ടെക്ക് വരെയും മറ്റൊരാളെ ബി.എസ്.സി എം.എൽ.ടി വരെയും പഠിപ്പിച്ചും. മക്കളെ നല്ല ഉദ്യോഗസ്ഥരെ കൊണ്ട് വിവാഹം കഴിപ്പിക്കാനായിരുന്നു ലക്ഷ്യം. ഇതിനായി മാരേജ് ബ്യൂറോകളിൽ പരസ്യം നൽകുകയും ചെയ്തു. എത്ര രൂപ സ്ത്രീധനം നൽകിയാലും വേണ്ടിയില്ല ഡോക്ടറോ, എൻജിനീയറോ വരനായി വേണമെന്നായിരുന്നു രമേശന്റെ ആഗ്രഹം.
മാരത്തൺ തെളിവെടുപ്പ്
മൂന്നു ജില്ലകളിൽ തെളിവെടുപ്പ് നടത്തിയപ്പോൾ വാ പൊളിച്ചു പോയത് പൊലീസാണ്. തുമ്പില്ലാതെ എഴുതിത്ത്ത്ത്തള്ളിയ പല കേസുകളുടേയും മാസ്റ്റർ ബ്രെയിൻ രമേശാണെന്ന് മനസിലാകുന്നത് ഇപ്പോഴാണ്. രമേശൻ മോഷ്ട്ിച്ച ആയിരം പവൻ സ്വർണം കണ്ടെത്തുക എന്ന ശ്രമകരമായ ജോലിയാണ് പൊലീസ് ഉദ്യോഗസ്ഥർക്കുള്ളത്. അറുപത്തി മോഷണക്കേസുകളാണ് രമേശന്റെ കിരീടത്തിൽ ഇതു വരെ ചേർത്തത്. സുഹൃത്തായ സെന്തിൽ കുമാറായിരുന്നു സ്വർണം വിൽക്കാൻ ഇയാളെ സഹായിച്ചത്. ഇങ്ങനെ വാങ്ങിയ സ്വർണാഭരങ്ങൾ കൂടുതലും ഉരുക്കി മറ്റ് ആഭരണങ്ങളാക്കിയതായാണ് സൂചന.
ഓരോ അഞ്ചു കിലോമീറ്റർ പിന്നിടുമ്പോഴും രമേശൻ പറയും വണ്ടി നിർത്താൻ, പിന്നെ ആ സ്ഥലത്തെ അഞ്ചു വീടുകളിലാണ് തെളിവെടുപ്പ്. രമേശനുമായി പൊലീസ് ചെന്നപ്പോൾ മാത്രം വീട്ടിൽ മോഷണം നടന്ന വിവരമറിഞ്ഞ വീട്ടുകാരും ഉണ്ട്. രണ്ടര വർഷം കൊണ്ട് മംഗലപുരം മീരാ കോട്ടേജിൽ രമേശൻ എന്ന കായംകുളം കൊച്ചുണ്ണി മോഷണം നടത്തിയ വീടുകളുടെ എണ്ണം നൂറിലേറെയാണ്. കേസുകളിൽ നിന്ന് ഊരിപ്പോകാതിരിക്കാൻ കഴിയാവുന്നത്ര തെളിവുകൾ ശേഖരിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം.