കുവൈറ്റ് സിറ്റി: കുവൈറ്റ് എംബസിയിൽ മലയാളി നേഴ്‌സുമാരിൽ നിന്ന് പണം പിരിക്കാൻ വർഗ്ഗീസ് ഉതുപ്പ് സ്ഥിരമായി എത്തുന്നത് ഫോട്ടോകളിലൂടെ ലോകത്തെ അറിയിച്ചത് മറുനാടൻ മലയാളിയാണ്. അതോടു കൂടി ഉതുപ്പിന് പരിഭ്രാന്തിയായി. ആരാണ് ഫോട്ടോയെടുത്ത്. അത് കണ്ടെത്താൻ തന്നെ ഉറപ്പിച്ചു. ഇതിനായി മലയാളി ചാരന്മാരേയും നിയോഗിച്ചു. ഫോട്ടോ എടുത്തയാളിനെ കണ്ടെത്തി കൈകാര്യം ചെയ്യാൻ ഗുണ്ടകളേയും ഒപ്പം കൂട്ടി. ആരെങ്കിലും ക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തുന്നുണ്ടോ എന്ന് കണ്ടെത്തെലായിരുന്നു ഗുണ്ടകളുടേയും ചാരന്മാരേയും ജോലി. ഇതിനിടെയിലേക്ക് വന്ന് വീണത് മംഗളത്തിന്റേയും റിപ്പോർട്ടർ ടിവിയുടേയും ലേഖകരായിരുന്നു. മറുനാടന്റെ വാർത്തയെ പിന്തുടർന്നാണ് ഇവരും ഷുവൈക്കിലുള്ള ആരോഗ്യ മന്ത്രാലയ ആസ്ഥാനത്ത് എത്തിയത്. തുടർന്ന് നടന്നതെല്ലാം കുവൈറ്റിലെ ഉതുപ്പിന്റെ സ്വാധീനത്തിന്റെ ബാക്കി പത്രമായിരുന്നു.

മറുനാടനിലെ വാർത്തകാരണം കനത്ത പരിശോധനകൾക്ക് ഒടുവിലാണ് മലയാളികളെ മന്ത്രാലയത്തിലേക്ക് കടത്തി വിട്ടിരുന്നത്. അത് തിരിച്ചറിഞ്ഞാണ് മംഗളത്തിന്റെ പ്രതിനിധി അനിൽ പി അലക്‌സ് മന്ത്രാലത്തിലെത്തിയത്. റിപ്പോർട്ടർ ചാനലിന്റെ ഇസ്മായിൽ പയ്യോളിയുമെത്തി. ബാഗിനുള്ളിൽ ക്യാമറ വച്ച് ദൃശ്യങ്ങൾ പതിയാനുള്ള ഭാഗം മാത്രം പുറത്ത് കാണിച്ച് ഉതുപ്പിന്റെ ദൃശ്യങ്ങൾ റിക്കോർഡ് ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ ഇത് ഉതുപ്പിന്റെ കൂട്ടാളികൾ കണ്ടു. മുറിയിൽ അടച്ചിട്ടു. അതിന് ശേഷം പൊലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിക്കാൻ ശ്രമിച്ചു. എല്ലാത്തിനും ഒത്താശയുമായി കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരിൽ പ്രമുഖനും ഉണ്ടായിരുന്നു. എത്രമാത്രം സ്വാധീനമാണ് ഉതുപ്പിന് കുവൈറ്റിലുള്ളതെന്ന് വ്യക്തമാക്കുന്നതായിരുന്നു സംഭവം. കുവൈറ്റിലെ മലയാളി മാദ്ധ്യമ പ്രവർത്തകരുടെ ഇടപെടലോടെ കാര്യങ്ങൾ മാറി മറിഞ്ഞു. ഉതുപ്പ് ജയിലിലാകുമെന്നും പ്രതീക്ഷിച്ചു. എന്നാൽ അപ്രതീക്ഷിത ന്യായങ്ങൾ എത്തി. ഉതുപ്പ് സ്വതന്ത്രനാവുകയും ചെയ്തു.

മറുനാടനിലെ ഫോട്ടോ കണ്ടതോടെ ഉതുപ്പിനെ കുവൈറ്റിൽ കണ്ടെത്താനുള്ള ശ്രമമാണ് മംഗളത്തിന്റേയും റിപ്പോർട്ടറിന്റേയും ലേഖകൻ നടത്തിയത്. നഴ്‌സിങ് റിക്രൂട്ടിങ് സംബന്ധിച്ചു ധാരണ ഉണ്ടാക്കാനായി സംസ്ഥാന സർക്കാർ പ്രതിനിധികളായി ഐ.എ.എസ്. ഉദ്യോഗസ്ഥരായ ടോം ജോസും റാണി ജോർജും കുവൈറ്റിിലെത്തിയിരുന്നു. ഇവർക്കൊപ്പമാണ് കേരളത്തിൽ കുപ്രസിദ്ധമായ റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിലെ പ്രതിയും നിറഞ്ഞത്. ഷുവൈക്കിലുള്ള ആരോഗ്യ മന്ത്രാലയ ആസ്ഥാനത്ത് കേരള പ്രതിനിധികൾ ചർച്ച നടത്തുമ്പോഴും വർഗീസ് ഉതുപ്പ് അവിടെ ഉണ്ടായിരുന്നു. കേരളത്തിലെ രണ്ട് മുതിർന്ന ഐഎഎസുകാർക്കും ഇത് അറിമായിരുന്നു താനും. പക്ഷേ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ ഉതുപ്പിനെതിരെ ഒന്നും ചെയ്യാൻ അവർ തയ്യാറായില്ല. പ്രാദേശിക സമയം രാവിലെ 9.45 ന് ആരോഗ്യ മന്ത്രാലയ ആസ്ഥാനത്ത് അനിലും ഇസ്മായിലും എത്തുമ്പോൾ നൂറുകണക്കിന് നഴ്‌സുമാർക്കൊപ്പം ഉതുപ്പ് അവിടുത്തെ കോൺഫറൻസ് റൂമിൽ ഉണ്ടായിരുന്നു. നഴ്‌സുമാരിൽനിന്നു ബയോ ഡേറ്റ സ്വീകരിച്ച് ഉദ്യോഗസ്ഥർക്കു കൈമാറുന്ന തിരക്കിലായിരുന്നു ഇയാൾ. ആ ദൃശ്യങ്ങളാണ് ഒളിപ്പിച്ചു വച്ച ക്യാമറയിൽ പകർത്താൻ ശ്രമിച്ചത്. ഇത് കണ്ടതോടെ മറുനാടന് വേണ്ടി ദൃശ്യങ്ങൾ പകർത്തുന്നവരാണെന്ന് ഉതുപ്പിന്റെ ഗുണ്ടകൾ കരുതി. ഇതോടെ തല്ലും തുടങ്ങി.

ഉതുപ്പിന്റെ ഫോട്ടോയും വാർത്തയും മറുനാടൻ നൽകിയത് ദേശാഭിമാനി ഉൾപ്പെടെ വിശദീകരിച്ച് വാർത്ത നൽകി. ഇതോടെയാണ് ഫോട്ടോ എടുക്കുന്നവരെ കുടുക്കാൻ തീരുമാനിച്ചത്. കുവൈറ്റിലെ സ്വാധീനത്തിന്റെ പിൻബലത്തിൽ ഗുണ്ടകളേയും ഉതുപ്പ് സംഘടിപ്പിച്ചു. ദൃശ്യങ്ങൾ പകർത്തുന്നവരെ കണ്ട ഉതുപ്പിന്റെ സഹായികളായ ഗുണ്ടകൾയായ മലയാളി മാദ്ധ്യമ പ്രവർത്തകരെ വിലക്കി. ഇവരെ തടഞ്ഞശേഷം ഇയാൾ ഉതുപ്പിനെ വിവരം അറിയിച്ചു. ഉതുപ്പ് ആക്രോശിച്ചുകൊണ്ട് ഓടിയെത്തി. ഒരു മാദ്ധ്യമ പ്രവർത്തകന്റെ കൈയിൽനിന്നു മൊബൈൽ ഫോൺ പിടിച്ചു വാങ്ങി. കോൺഫറൻസ് റൂമിനോട് ചേർന്നുള്ള മുറിയിൽ പൂട്ടിയിട്ടു. ആരോഗ്യമന്ത്രാലയത്തിലെ ഫയൽ ഓപ്പണിങ്ങ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ ഇബ്രാഹിം എന്ന കുവൈറ്റിയുടെ സഹായവും ഉതുപ്പിനുണ്ടായിരുന്നു. ഇയാളുടെ സഹായത്തോടെ ഈജിപ്റ്റുകാരായ സെക്യൂരിറ്റിക്കാരേയും എത്തിച്ചു. ഇതോടെ കഥമാറി. മലയാളി മാദ്ധ്യമ പ്രവർത്തകർ ആരോഗ്യ മന്ത്രാലയത്തിന്റെ ചിത്രമെടുക്കാൻ ശ്രമിച്ചെന്ന് ഉതുപ്പും സഹായികളും ആരോപിച്ചു. രണ്ടു പേർക്കുമെതിരെ കേസ് എടുക്കാനും നീക്കം നടത്തി.

വിവരമറിഞ്ഞ മറ്റ് മലയാളി മാദ്ധ്യമ പ്രവർത്തകർ ഇടപെട്ടു. വിവരം ഇന്ത്യൻ എംബസിയെ അറിയിച്ചു. തുടർന്ന് ഡെപ്യൂട്ടി ചീഫ് ഓഫ് മാർഷൽ സുഭിയപ് ഗോൾഡർ ഇടപെടുകയായിരുന്നു. അദ്ദേഹം ആരോഗ്യ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ജമാൽ അൽ ഹർബിയെ വിവരം അറിയിച്ചു. ഉച്ചയ്ക്ക് രണ്ടരയോടെ മാദ്ധ്യമപ്രവർത്തകരെ വിട്ടയച്ചു. പിടിച്ചെടുത്ത മൊബൈൽ ഫോണും തിരിച്ചു നൽകി. ഇതിനടെ ഉതുപ്പിന്റെ ക്രിമിനൽ പശ്ചാത്തലം അറിഞ്ഞതോടെ കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലെ നിയമ വിഭാഗത്തിന്റെ സേവനം ലഭ്യമാക്കി. ഉതുപ്പിനെ പിടികൂടാൻ പൊലീസിനു നിർദ്ദേശവും നൽകി. പൊലീസ് എത്തിയപ്പോഴേക്കും ഉതുപ്പ് മുങ്ങി. എന്നാൽ തെരച്ചിലിൽ ആരോഗ്യ മന്ത്രാലയത്തിൽനിന്നുതന്നെ ഇയാളെ പിടികൂടി. കുവൈത്ത് പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും അവിടെ കേസില്ലെന്നു പറഞ്ഞ് ഒരു മണിക്കൂറിനകം വിട്ടയച്ചു.

പക്ഷേ മലയാളി മാദ്ധ്യമ പ്രവർത്തകരെ ആരോഗ്യ മന്ത്രാലയത്തിൽ വച്ച് കൈകാര്യം ചെയ്ത വ്യക്തിയാണ് ഉതുപ്പ്. അവരുടെ പരാതി മുഖവിലയ്ക്ക് പോലും കുവൈറ്റി പൊലീസ് എടുത്തില്ല. കേരളത്തിലെ സംഭവം അറിഞ്ഞില്ലെങ്കിലും അവരുടെ മണ്ണിൽ നടന്ന കൈയേറ്റത്തിൽ കേസ് എടുത്ത് ഉതുപ്പിനെ ജയിലിൽ അടയ്ക്കാമായിരുന്നു. എന്തുമാത്രം ഉന്നത ബന്ധം ഉതുപ്പിനുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം. ഇതോടെയാണ് ഉതുപ്പ് കുവൈറ്റിലുണ്ടെന്ന് വ്യക്തമായിട്ടും ഇയാളുടെ ക്രിമിനൽ പശ്ചാത്തലം സിബിഐ എംബസി വഴി കുവൈറ്റിനെ അറിയിച്ചില്ലെന്ന് വ്യക്തമായത്. സിബിഐക്കു പുറമേ ആദായനികുതി വകുപ്പും എൻഫോഴ്‌സ്‌മെന്റും ഇയാളെ തെരയുന്നുണ്ട്. ആറു ദിവസമായി ഉതുപ്പ് കുവൈത്തിലുണ്ട്. ഇക്കാര്യം മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തെങ്കിലും പിടികൂടാനായി രാജ്യാന്തര ഏജൻസികളുടെ സഹായം തേടാൻ രാജ്യാന്തര സർക്കാരോ അന്വേഷണ ഏജൻസികളോ നടപടി സ്വീകരിച്ചിട്ടില്ല. ഇനിയും വൈകുന്നപക്ഷം കുറ്റവാളി കൈമാറ്റക്കരാറില്ലാത്ത ഏതെങ്കിലും രാജ്യത്തേക്ക് മുങ്ങാനിടയുണ്ട്.

കേസിൽ അകപ്പെട്ടെങ്കിലും കുവൈത്തിലേക്കു മുങ്ങിയ ഉതുപ്പ് അവിടെനിന്നു റിക്രൂട്ട്‌മെന്റ് ബിസിനസ് തുടരുകയാണ്. അടുത്ത മാസം മുതൽ നഴ്‌സുമാരുടെ വിദേശ റിക്രൂട്ട്‌മെന്റ് സർക്കാർ ഏജൻസി വഴിയാകുന്നതിനാൽ അതിനു മുമ്പ് പരമാവധി പേരെ എത്തിക്കാനാണു ശ്രമം. .കേസിലെ ഒന്നാംപ്രതിയും എറണാകുളം പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സുമായ അഡോൾഫസ് ലോറൻസിന്റെ സഹായത്തോടെ ഉതുപ്പ് നടത്തിയ റിക്രൂട്ടിങ് തട്ടിപ്പിലൂടെ ശതകോടികൾ മറിഞ്ഞെന്നാണു സിബിഐയുടെയും ആദായനികുതി വകുപ്പിന്റെയും പ്രാഥമിക നിഗമനം. നഴ്‌സുമാരിൽ നിന്ന് 20,000 രൂപ വാങ്ങാൻ അനുമതിയുള്ള സ്ഥാനത്ത് 20 ലക്ഷത്തിലധികമാണ് ഈടാക്കിയത്. പ്രതിഫലമായി അഡോൾഫസിനു വൻതുക ലഭിച്ചതായും സിബിഐ. കണ്ടെത്തിയിട്ടുണ്ട്.

ഇന്റർപോളിന്റെ സഹായത്തോടെ ഉതുപ്പിനെ കസ്റ്റഡിയിൽ കിട്ടാൻ എല്ലാം ചെയ്യുമെന്നാണ് സിബിഐ പറയുന്നത്. ആദായ നികുതി വകുപ്പും കേരളാ പൊലീസും ഒക്കെ ഉതുപ്പിന് പിന്നാലെയുണ്ടെന്നാണ് വയ്‌പ്പ്. പക്ഷേ ആരും ഒന്നും കുവൈറ്റിൽ അറിയിച്ചല്ല. കേസ് അ്‌ന്വേഷണത്തിന്റെ ഈ ബാലപാഠമെങ്കിലും ചെയ്തിരുന്നുവെങ്കിൽ ഉതുപ്പ് ഇന്ന് കേരളത്തിലെത്തിയേനേ. സിബിഐയ്ക്ക് വിശദമായ ചോദ്യം ചെയ്യലിനും അവസരം കിട്ടിയേനെ. അതിലുപരി നേഴ്‌സുമാരെ ഭീഷണിപ്പെടുത്തി പണം പിരിക്കുന്നതും അവസാനിക്കുമായിരുന്നു. കുവൈറ്റിൽ ഉതുപ്പ് സുഖവാസത്തിലാണെന്ന മറുനാടൻ വാർത്ത ശരിവയ്ക്കുന്ന അനുഭവമാണ് കുവൈറ്റിലെ മാദ്ധ്യമ പ്രവർത്തകർക്ക് ഇന്നലെ ഉണ്ടായത്.