പത്തനംതിട്ട: ഇപ്പോൾ കേരളം ഏറ്റവുമധികം ചർച്ച ചെയ്യുന്ന ശാശ്വതീകാനന്ദ സ്വാമിയുടെ മരണം കൊലപാതകമാണെന്ന് ആദ്യവെടി പൊട്ടിച്ചത് എട്ടുവർഷം മുൻപ് വെള്ളാപ്പള്ളിയുടെ വിശ്വസ്തനും എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റുമായിരുന്ന എം.ബി. ശ്രീകുമാറായിരുന്നു. ദുബായിൽ നടന്ന അടിപിടി ഉൾപ്പെടെയുള്ള കാര്യങ്ങളും ശാശ്വതീകാനന്ദയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നും അന്ന് ശ്രീകുമാർ പത്രസമ്മേളനം വിളിച്ച് ആവശ്യമുന്നയിച്ചിരുന്നു.

ഗോകുലം ഗോപാലനും ബിജു രമേശും കെ.കെ. പുഷ്പാംഗദനും സി.കെ. വിദ്യാസാഗറുമായി ചേർന്ന് ശ്രീനാരായണ ധർമവേദി രൂപീകരിക്കാനും ശ്രീകുമാർ മുൻകൈയെടുത്തു. പക്ഷേ, ഇപ്പോൾ ശ്രീകുമാർ മൗനത്തിലാണ്. ശാശ്വതീകാനന്ദ വിഷയം ചാനലുകൾ അലക്കി വെളുപ്പിച്ചപ്പോൾ പ്രതികരണമാരാഞ്ഞ് ശ്രീകുമാറിനെ ബന്ധപ്പെട്ടവർക്ക് നിരാശയായിരുന്നു ഫലം. മൂന്നാറിൽ പുതുതായി പണി കഴിപ്പിച്ച വീട്ടിൽ വിശ്രമജീവിതത്തിലാണ് അദ്ദേഹം. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വെള്ളാപ്പള്ളിയുമായി ശ്രീകുമാർ അടുക്കുകയാണ്. അതു തന്നെയാണ് അദ്ദേഹം മാദ്ധ്യമങ്ങളിൽനിന്ന് അകന്നു നിൽക്കാനുള്ള കാരണവും.

ഒരു കാലത്ത് വെള്ളാപ്പള്ളിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായിരുന്നു ശ്രീകുമാർ. വെള്ളാപ്പള്ളിയുടെ പിൻഗാമിയായി വരെ ശ്രീകുമാർ വാഴ്‌ത്തപ്പെട്ടു. എന്നാൽ, പത്തനംതിട്ടയിൽ നിന്നുള്ള ശ്രീകുമാറിന്റെ ശത്രുക്കൾ ഇരുവരെയും തമ്മിൽ തെറ്റിച്ചു. തുഷാറിനെയാണ് ഇതിനായി നിയോഗിച്ചത്. തുഷാർ പടിപടിയായി നേതൃത്വത്തിലേക്ക് വന്നതോടെ ശ്രീകുമാർ നടേശനിൽനിന്ന് അകന്നു. അകൽച്ച പൂർണമായതോടെയാണ് ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്നും അന്വേഷിക്കണമെന്നും ശ്രീകുമാർ ആവശ്യപ്പെട്ടത്. എന്റെ അടുക്കളയിൽ തിന്നു കുടിച്ചു കഴിഞ്ഞവൻ, കട്ടുമുടിച്ചവൻ എന്നൊക്കെയാണ് വെള്ളാപ്പള്ളി അന്ന് ശ്രീകുമാറിനെ വിശേഷിപ്പിച്ചത്. തുടർന്നാണ് ധർമവേദി രൂപീകരിച്ചതും വെള്ളാപ്പള്ളിക്ക് എതിരേ പട നയിച്ചതും. മുട്ടത്തുകോണം എസ്.എൻ.ഡി.പി സ്‌കൂളിലെ അദ്ധ്യാപകനായിരുന്ന വിജയന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച്, എം.ബി. ശ്രീകുമാറിനെ പ്രതിക്കൂട്ടിൽ നിർത്തിയാണ് വെള്ളാപ്പള്ളി തിരിച്ചടിച്ചത്. കുറേക്കാലം ധർമവേദിയുമായി നടന്ന ശ്രീകുമാർ പിന്നീട് തിരശീലയ്ക്ക് പിന്നിലേക്കുപോയി.

ഏഴുവർഷത്തോളം നീണ്ട പിണക്കത്തിനൊടുവിൽ മുൻ ദേവസ്വം സെക്രട്ടറിയും വൈസ് പ്രസിഡന്റുമായ എം. ബി. ശ്രീകുമാർ എസ്. എൻ. ഡി. പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ഇപ്പോൾ കൈകോർക്കുകയാണ്. വെള്ളാപ്പള്ളിക്കെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ച് എസ്.എൻ.ഡി.പിയിൽ നിന്നകന്ന ശ്രീകുമാർ ഗോകുലം ഗോപാലനുമായി ചേർന്ന് ശ്രീനാരായണ ധർമവേദി രൂപീകരിച്ചെങ്കിലും പ്രതീക്ഷിച്ച പോലെ ഏറ്റില്ല. ശ്രീകുമാറിന്റെ ഇപ്പോഴത്തെ മടങ്ങിവരവ് പത്തനംതിട്ട യൂണിയൻ നേതൃത്വത്തിലെ ചിലരെ ഞെട്ടിച്ചു കൊണ്ടാണ്. വെള്ളാപ്പള്ളിയും ശ്രീകുമാറും തമ്മിലുള്ള അഭിപ്രായ വ്യത്യാസം പറഞ്ഞുതീർത്തു കഴിഞ്ഞു.

പത്തനംതിട്ട യൂണിയനിലെ തെങ്ങുക്കാവ് ശാഖാംഗമായ ശ്രീകുമാർ എസ്.എൻ.ഡി.പിയുടെ തലപ്പത്തേക്ക് ഉയർന്നത് വളരെപ്പെട്ടെന്നായിരുന്നു. യൂത്ത്മൂവ്‌മെന്റിലൂടെ സാമുദായിക പ്രവർത്തനത്തിനിറങ്ങിയ ശ്രീകുമാറിനെ ഉയർത്തിക്കൊണ്ടു വന്നത് വെള്ളാപ്പള്ളിയുടെ മകനും ഇപ്പോഴത്തെ യോഗം വൈസ് പ്രസിഡന്റുമായ തുഷാർ ആണ്. വില്ലേജ് അസിസ്റ്റന്റായി സർക്കാർ സർവീസിലുണ്ടായിരുന്ന ശ്രീകുമാർ എസ്.എൻ.ഡി.പിയിലെ പ്രവർത്തനം ശക്തമാക്കിയപ്പോൾ ആ ജോലി രാജിവച്ചു.

ബി.എഡ്. ബിരുദധാരിയായിരുന്നതിനാൽ എസ്.എൻ ട്രസ്റ്റിനു കീഴിലുള്ള മെഴുവേലി പി.എച്ച്.എസ് സ്‌കൂളിൽ അദ്ധ്യാപകനായി ചേർന്നു. എസ്.എൻ.ഡി.പിയെന്നാൽ ശ്രീകുമാറായി മാറുന്നതാണ് പിന്നെ കണ്ടത്. അദ്ധ്യാപകജോലിയിൽ ശ്രീകുമാർ ഏറെ നാൾ തുടർന്നില്ല. സാമുദായിക പ്രവർത്തനത്തിന്റെ മുന്നണിയിലെത്തിയ ശ്രീകുമാറിന് തന്ത്രങ്ങൾ ഏറെ അറിയാമായിരുന്നു. സ്വന്തം മകനേക്കാൾ വെള്ളാപ്പള്ളി ശ്രീകുമാറിനെ വിശ്വാസത്തിലെടുക്കുന്ന ഒരു ഘട്ടമുണ്ടായി. ശ്രീകുമാറിന്റെ പദ്ധതികൾ അനുസരിച്ച് മാത്രമാണ് പിന്നീട് എസ്.എൻ.ഡി.പിയിൽ കാര്യങ്ങൾ നീങ്ങിയിരുന്നത്. ഇതിനിടെ എസ്.എൻ.ഡി.പി പ്രതിനിധിയായി ഗുരുവായൂർ, തിരുവിതാംകൂർ ദേവസ്വം ബോർഡുകളിൽ അംഗമായി.

യൂത്ത്മൂവ്‌മെന്റിന്റെ തലപ്പത്തുനിന്ന് എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിലേക്ക് ഉയർന്നു. പ്രസിഡന്റാകാനുള്ള തയ്യാറെടുപ്പിനിടെ, വളർച്ചയിൽ അസൂയ പൂണ്ട, പത്തനംതിട്ട യൂണിയനിലെ ചിലർ നടത്തിയ കളികളിലാണ് വെള്ളാപ്പള്ളിയും ശ്രീകുമാറുമായി തെറ്റുന്നത്. അകൽച്ച പൂർണമായതോടെ ശ്രീകുമാറും വെള്ളാപ്പള്ളിയും തമ്മിൽ ഗുരുതരമായ ആരോപണ-പ്രത്യാരോപണങ്ങളും ഉന്നയിച്ചു. സ്വാമി ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്നും ഇതേപ്പറ്റി അനേ്വഷിക്കണമെന്നും കാട്ടി സ്വാമിയുടെ മാതാവ് പരാതി നൽകിയതും അങ്ങനെയാണ്. പിന്നെ, ഗോകുലം ഗോപാലനുമായി ചേർന്ന് വെള്ളാപ്പള്ളിക്കെതിരേ പട നയിക്കാൻ ശ്രീകുമാർ മുന്നിട്ടിറങ്ങി. ഇതിനെ പത്തനംതിട്ട യൂണിയനിലെ ശ്രീകുമാർ വിരുദ്ധർ നേരിട്ടത് വെള്ളാപ്പള്ളിയെ മണിയടിച്ചു കൊണ്ടാണ്. ശാഖകളിലെ ചെറിയ പരിപാടിക്ക് പോലും വെള്ളാപ്പള്ളിയെ രംഗത്തിറക്കി ശ്രീകുമാറിനെ താറടിക്കാനായിരുന്നു ശ്രമം.

ഇക്കാര്യം വെള്ളാപ്പള്ളിക്ക് മനസിലായത് ഏറ്റവും ഒടുവിലാണ്. തന്നെ കോമാളി വേഷം കെട്ടിക്കുകയാണെന്ന് മനസിലാക്കിയ വെള്ളാപ്പള്ളി അവരിൽ ചിലരെ വേദിയിലിരുത്തി, പല അവസരങ്ങളിലും ഇക്കാര്യം തുറന്നടിച്ചു. ഈ കോലാഹലങ്ങൾക്കിടയിലും ശ്രീകുമാറിന്റെ സ്വന്തം ശാഖയായ തെങ്ങുക്കാവിൽ പിടിമുറുക്കാൻ വെള്ളാപ്പള്ളി പക്ഷത്തിന് കഴിഞ്ഞിരുന്നില്ല. പത്തനംതിട്ട യൂണിനിലും ശ്രീകുമാറിന് തന്നെയാണ് മുൻതൂക്കമെന്നും തന്നെ പേടിച്ചാണ് പലരും അയാളെ ഒഴിവാക്കുന്നതെന്നും മനസിലാക്കാൻ വെള്ളാപ്പള്ളിക്ക് കഴിഞ്ഞു. നിലവിൽ യൂണിയന്റെ തലപ്പത്തുള്ള പലരേയും സംശയത്തോടെയാണ് വെള്ളാപ്പള്ളി ഇപ്പോൾ വീക്ഷിക്കുന്നത്.

പത്തനംതിട്ട യൂണിയനിൽപ്പെട്ട അമ്പത്തിയാറിൽ മുപ്പതിൽപരം ശാഖകളിലെ പ്രസിഡന്റും സെക്രട്ടറിയും വനിതാസംഘം യൂത്ത്മൂവ്‌മെന്റ് ഭാരവാഹികളും ശ്രീകുമാറിനെ അനുകൂലിച്ച് രംഗത്തു വന്നിട്ടുണ്ട്. ശ്രീകുമാർ തിരികെ എസ്.എൻ.ഡി.പിയുടെ തലപ്പത്ത് എത്തുമ്പോൾ പ്രസിഡന്റ് സ്ഥാനം നൽകാമെന്നാണ് വെള്ളാപ്പള്ളിയുടെ വാഗ്ദാനം. അതുകൊണ്ടുതന്നെയാണ് ശ്രീകുമാർ മൗനം അവലംബിക്കുന്നത്. ഇപ്പോൾ ശ്രീകുമാർ വായ് തുറന്നാൽ അതു വെറുതേയാകില്ല. ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ചുള്ള എല്ലാ ദുരൂഹതകളും അന്ന് പത്രസമ്മേളനം നടത്തി വിളിച്ചു പറഞ്ഞിരുന്നു. അതൊക്കെതന്നെയാണ് ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുന്നത്.