കൊച്ചി. സാറ്റലൈറ്റ് സർവേയിലൂടെ കണ്ടെത്തിയ ഭൂമി തിരുവനന്തപുരത്തിരുന്ന് പ്ലോട്ടുകളാക്കി നമ്പറിടും. പിന്നീട് അതു ഭൂരഹിതർക്കുള്ള പട്ടയങ്ങളാക്കും. പട്ടയം ചമയ്ക്കപ്പെട്ട ഭൂമി നേരിട്ട് അളന്ന് പ്ലോട്ടുകൾ തിരിച്ചിട്ടുണ്ടാവില്ല. ഓരോ പട്ടയത്തിന്റേയും പ്രത്യേകം ഫയൽ റവന്യൂ വകുപ്പിന്റെ കയ്യിൽ വയ്ക്കണമെന്ന നിയമം പാലിക്കപ്പെടുന്നില്ലെന്നു മാത്രമല്ല, ബന്ധപ്പെട്ട വില്ലേജ് ഓഫീസിൽ തയ്യാറാക്കി താലൂക്ക് ഓഫീസിലേക്ക് അയച്ചു കൊടുക്കുന്നുമില്ല.

പട്ടയം ലഭിച്ചവർ ഭൂമിയെവിടെയെന്നു ചോദിച്ച് വില്ലേജ് ഓഫീസുകൾ കയറി ഇറങ്ങണം. കഷ്ടപ്പെട്ട് ഭൂമി കണ്ടുപിടിച്ചവർക്ക് കാടു പിടിച്ചു കിടക്കുന്ന ഭൂമി വൃത്തിയാക്കാൻ തന്നെ ഏറെ ബുദ്ധിമുട്ടണം. കണ്ടുപിടിച്ച് അനുഭവിക്കണമെങ്കിൽ വില്ലേജ് ഓഫീസിൽ നിന്ന് സ്ഥലം അതു തന്നെയാണെന്നു കാണിച്ച് അനുവദിച്ചുകിട്ടുകയും ചെയ്യണം. ഉടൻ തന്നെ എല്ലാം ശരിയാകുമെന്നു കരുതി തിരികെ പോകുന്നവർ മാസങ്ങൾക്കു ശേഷം വീണ്ടും വന്ന് കാടു വെട്ടണം. ഇത് ഒരു ന്യൂനപക്ഷത്തിനുണ്ടാകുന്ന അനുഭവമാണ്്. ഭൂരിഭാഗം പേരും പട്ടയം കയ്യിൽ വച്ച് ഭൂമി തേടി അലയുകയാണ്. ഈ പാവങ്ങൾ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിലൂടെ മൂന്നു സെന്റ് ഭൂമി അനുവദിക്കപ്പെട്ടെന്ന് പറയുന്ന ഹതഭാഗ്യരാണ്.

ഭൂരഹിതരില്ലാത്ത കേരളം പദ്ധതി എന്ന ഉമ്മൻ ചാണ്ടി സർക്കാറിന്റെ പദ്ധതി പ്രതീക്ഷയായി തുടരുമെന്നു നേരത്തെ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. ആ വാർത്തയിലും എന്തെങ്കിലും നടന്നേക്കും എന്ന ഒരു പ്രതീക്ഷ ബാക്കിയുണ്ടായിരുന്നു. എന്നാൽ ആ പദ്ധതി പൂർണമായും തട്ടിപ്പു പരിപാടിയായി മാറിയെന്നതാണ് കാലാവധി തീരാൻ മാസങ്ങൾ മാത്രമുള്ള ഉമ്മൻ ചാണ്ടി സർക്കാർ വെളിപ്പെടുത്തുന്നത്. നടത്തിയത് വോട്ട് തട്ടാനുള്ള പ്രഹസനമായിരുന്നുവെന്നതാണ് സത്യം.

രാജ്യത്തെ ഭൂരഹിതരില്ലാത്ത ആദ്യ ജില്ലയായ കണ്ണൂരിന്റെ കാര്യം നോക്കാം. 2013 -ൽ അന്നത്തെ ഗ്രാമവികസന മന്ത്രി കേരളപ്പിറവി ദിനത്തിൽ കണ്ണൂരിനെ ഭൂരഹിത ജില്ലയായി പ്രഖ്യാപിച്ചിരുന്നു. 11,033 പേർക്ക് അന്ന് ചടങ്ങിൽ വച്ച് കേന്ദ്രമന്ത്രി പട്ടയം വിതരണം ചെയ്തിരുന്നു. ഇതിനായി 500.81 ഏക്കർ ഭൂമിയാണ് കണ്ടെത്തിയിരുന്നത്. ഒരു വർഷത്തിനകം വിനിയോഗിച്ചില്ലെങ്കിൽ തിരിച്ചെടുക്കുമെന്ന നിബന്ധനയിലാണ് ഭൂമി അനുവദിച്ചത്.

അന്ന് പട്ടയം ലഭിച്ച ഭൂരിഭാഗം പേരും സ്വന്തം ഭൂമി ഒന്നു കണ്ടിട്ടുപോലുമില്ല. സർക്കാർ നിബന്ധനയനുസരിച്ച് ഇവരുടെ ഭൂമി സർക്കാരിനു തന്നെ തിരികെ ലഭിച്ചു കഴിഞ്ഞു. കാലാവധിക്ക് മുമ്പ് ഭൂമി കണ്ടെത്തി വിനിയോഗിക്കാൻ ഇവരിലാർക്കും സാധിച്ചിട്ടില്ല. പുതിയതായി പട്ടയം ലഭിക്കുന്നവരുടേയും സ്ഥിതി ഇതാണ്. ഭൂരഹിതരില്ലാത്ത പദ്ധതി പ്രകാരം പട്ടയം വിതരണത്തിന്റെ ഒന്നാംഘട്ട പരിപാടി തിരുവനന്തപുരത്ത് സോണിയാഗാന്ധി ഉദ്ഘാടനം ചെയ്തിരുന്നു.

2013 സെപ്റ്റംബർ 30 നു നടന്ന ചടങ്ങിൽ വിതരണം ചെയ്ത ഭൂമി പലർക്കും കിട്ടിയിട്ടില്ല. 2012 മാർച്ചിലാണ് സംസ്ഥാനത്ത് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. 2013 ഫെബ്രുവരി മാസത്തിൽ ഇതിലേക്കുള്ള അപേക്ഷകളെല്ലാം സ്വീകരിച്ചു കഴിഞ്ഞിരുന്നു. 2,43,867 പേർ സംസ്ഥാനത്ത് ഭൂരഹിതരുണ്ടെന്നായിരുന്നു അന്നു കണ്ടെത്തിയിരുന്നത്. ഈ വർഷത്തിൽ പദ്ധതി പൂർത്തിയാക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ പട്ടയവിതരണമല്ലാതെ ഭൂമി ലഭിച്ചവർ കുറവാണ്.

ഭൂരഹിതരില്ലാത്ത പദ്ധതിയിൽ ഇതുവരെ സംസ്ഥാനത്തെ ഒരു ശതമാനം പേർക്കു പോലും ഭൂമി ലഭിച്ചിട്ടില്ല. പദ്ധതി അവസാനിക്കാറാകുമ്പോൾ സംസ്ഥാനത്ത് ജനസംഖ്യയിൽ 33 ശതമാനം പേരും ഭൂരഹിതരാണ്. ഉള്ള വീടും പറമ്പുമെല്ലാം വിറ്റ് വാടക വീട്ടിലേക്കും മറ്റും താമസം മാറുന്നവരുടെ എണ്ണം കാര്യമായി വർദ്ധിച്ചുവരുന്നതായും പഠനങ്ങൾ കാണിക്കുന്നു.