കോഴിക്കോട്: കുത്തക കമ്പനികളുടെ ചൂഷണത്തിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കാനായി ഒരു ബദൽ കട. ദൈനംദിന ജീവിത്തിനാവശ്യമായ എല്ലാ ഉൽപ്പന്നങ്ങളും തദ്ദേശീയമായി നിർമ്മിച്ച് വിപണനം ചെയ്യുന്ന കട പാലക്കാട് വടക്കഞ്ചരിയിലാണ് പ്രവർത്തിക്കുന്നത്.

കോർപ്പറേറ്റ് കമ്പനികൾ ഉൽപ്പന്നങ്ങൾക്ക് വൻവില ഈടാക്കുമ്പോൾ തദ്ദേശീയമായി നിർമ്മിച്ച അതേ ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയിൽ ഈ കടയിൽ ലഭിക്കുന്നു.

നമുക്ക് വേണ്ട സാധനങ്ങൾ പ്രാദേശികമായി നമ്മൾത്തന്നെ ഉൽപ്പാദിപ്പിക്കുക എന്ന ഗാന്ധിയൻ ദർശനം ഉൾക്കൊണ്ടാണ് വടക്കഞ്ചേരി സ്വദേശി സന്തോഷ് അറക്കൽ തന്റെ ബദൽക്കട ആരംഭിച്ചത്. കടയ്ക്ക് യോജിച്ച പേര് തന്നെ ഇട്ടു 'സ്വദേശി ബദൽ ഷോപ്പ്'. ഒരു വീട്ടിലേക്കാവശ്യമായ എല്ലാ സാധനങ്ങളും ഈ കടയിൽ ലഭിക്കും.

ഒരു ഉൽപ്പന്നവും കുത്തക കമ്പനികളോ ബഹുരാഷ്ട്ര കമ്പനികളോ ഉൽപ്പാദിപ്പിച്ചതല്ല. എല്ലാം പ്രാദേശികമായി ഉണ്ടാക്കിയതാണ്. ഗുണമേന്മ കൃത്യമായി ഉറപ്പു വരുത്തിയ സാധനങ്ങളേ കടയിൽ വിൽക്കുന്നുള്ളൂ. വിലയാണെങ്കിൽ വളരെ കുറവും.

ചില സാധനങ്ങൾ സന്തോഷ് സ്വയം ഉൽപ്പാദിപ്പിക്കുന്നുണ്ട്. ചില സാധനങ്ങൾ ഉണ്ടാക്കാൻ ചെറിയ ഗ്രൂപ്പുകൾക്ക് പരിശീലനം നൽകും. അവർ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ കടയിലൂടെ വിപണനം നടത്തും. സോപ്പ്, സോപ്പ് പൊടി, ഹാൻഡ് വാഷ് തുടങ്ങിയവയെല്ലാം സ്വയം ഉൽപ്പാദിപ്പിക്കുന്നതാണ്. ശുദ്ധമായ വെളിച്ചെണ്ണയിലാണ് സോപ്പ് നിർമ്മിക്കുന്നതെന്ന് സന്തോഷ് പറയുന്നു. കാസ്റ്റിക് സോഡ ഒഴികെ ബാക്കിയെല്ലാം പ്രകൃതിദത്ത അസംസ്‌കൃത വസ്തുക്കളാണ് ഉപയോഗിക്കുന്നത്.

മാർക്കറ്റിൽ 30 രൂപ വില വരുന്ന സോപ്പുകൾ ഇവിടെ 15 രൂപയ്ക്ക് കിട്ടും. ഗ്‌ളിസറിൻ  സോപ്പിന് മാർക്കറ്റിൽ 40 രൂപയോളം കൊടുക്കേണ്ടി വരുമ്പോൾ ഇവിടെ ഗ്‌ളിസറിൻ സോപ്പ് 20 രൂപയ്ക്ക് കിട്ടും.

അടുക്കളയിലേക്കാവശ്യമായ മസാല പൊടികളും സ്വയം നിർമ്മിക്കുന്നതാണ്. മാർക്കറ്റിൽ നിന്ന് വാങ്ങിയ മഞ്ഞളും ഇന്ദുപ്പും ചേർത്ത് കഴുകി പൊടിച്ചുണ്ടാക്കുന്ന മഞ്ഞൾപ്പൊടിയാണ് സ്വദേശി ബദൽ ഷോപ്പിൽ ഉള്ളത്. മുളകു പൊടിയും മുളക് മാർക്കറ്റിൽ നിന്ന് വാങ്ങി പൊടിച്ചാണ് ഉണ്ടാക്കുന്നത്. മഞ്ഞൾ നാട്ടിലെ കർഷകരിൽ നിന്ന് വാങ്ങിയാണ് പൊടിക്കുന്നത്.

ജൈവ പച്ചക്കറി മാത്രമേ സ്വദേശി ബദൽഷോപ്പിൽ നിന്ന് ലഭിക്കൂ. കുറെ പച്ചക്കറികൾ സന്തോഷ് തന്നെ ഉൽപ്പാദിപ്പിക്കുന്നുണ്ട്. ബാക്കി കർഷകരിൽ നിന്നും നേരിട്ട് ശേഖരിക്കും. നെല്ല് സന്തോഷ് തന്നെ ഉൽപ്പാദിപ്പിക്കുന്നുണ്ട്. എങ്കിലും കർഷകരിൽ നിന്നും സംഭരിക്കുന്നുണ്ട്. ഇതിൽ നിന്ന് അരിപ്പൊടി, അവിൽ, അരിപലഹാരങ്ങൾ തുടങ്ങിയ തുടങ്ങിയവ ഉൽപ്പാദിപ്പിച്ച് വിപണനം നടത്തും.

ഇടുക്കിയിലെ ഹൈറേഞ്ചിൽ പോയി തേയില നേരിട്ടു വാങ്ങി പൊടിച്ചാണ് കടയിൽ വിതരണം ചെയ്യുന്നത്. കാപ്പിയും ഇതുപോലെത്തന്നെ. വിവിധ വീടുകളിൽ ഉൽപ്പാദിപ്പിക്കുന്ന തൈലങ്ങൾ, അച്ചാറുകൾ, പലഹാരങ്ങൾ എന്നിവയ്ക്കെല്ലാം സ്വദേശി കടയിൽ സ്ഥാനമുണ്ട്. 40ഓളം ഉൽപ്പന്നങ്ങൾ ഇത്തരത്തിൽ ഈ കടയിൽ നിന്നും ലഭിക്കും.

2010ലാണ് സന്തോഷ് സ്വദേശി ഷോപ്പ് ആരംഭിച്ചത്. ആദ്യ വർഷങ്ങളിൽ വലിയ നഷ്ടം സംഭവിച്ചു. എങ്കിലും ലോണെടുത്തും കടംവാങ്ങിയും പിടിച്ചുനിന്നു. ഇപ്പോൾ നഷ്ടമില്ലാതെ പ്രവർത്തിക്കാനാവുന്നുണ്ട്. സന്തോഷും ഭാര്യയുമാണ് കടയുടെ എല്ലാ കാര്യങ്ങൾക്കും ചുക്കാൻ പിടിക്കുന്നത്. ബഹുരാഷ്ട്ര കമ്പനികൾ വലിയ ലാഭമെടുത്ത് നമ്മുടെ പണം രാജ്യത്തിനു പുറത്തേക്ക് കൊണ്ടു പോവുകയാണെന്നും ഇതിനു തടയിടാനുള്ള എളിയ ശ്രമമാണ് തന്റെ സ്വദേശി ഷോപ്പെന്നും സന്തോഷ് മറുനാടൻ മലയാളിയോട് പറഞ്ഞു.

നമുക്ക് കഴിയുന്ന സാധനങ്ങൾ നാം വീട്ടിൽത്തന്നെ ഉൽപ്പാദിപ്പിച്ചാൽ ഇത്തരം കമ്പനികളുടെ ചൂഷണത്തിൽ നിന്നും ഒരു പരിധിവരെ രക്ഷപ്പെടാനാവുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായുള്ള പരിശീലനവും സന്തോഷ് നൽകുന്നുണ്ട്. സോപ്പ്, സോപ്പുപ്പൊടി തുടങ്ങി നിരവധി സാധനങ്ങൾ ഉണ്ടാക്കാനുള്ള പരിശീലനമാണ് സന്തോഷ് നൽകുന്നത്. പാവപ്പെട്ടവർക്ക് സൗജന്യമായി തന്നെ ഇതിനുള്ള പരിശീലനം നൽകും. ചെറിയ സാമ്പത്തിക ശേഷിയുള്ളവരിൽ നിന്ന് അസംസ്‌കൃത വസ്തുക്കൾക്കുള്ള പണം വാങ്ങി പരിശീലനം നൽകും. സാമ്പത്തിക ശേഷി ഉള്ളവരിൽ നിന്ന് ചെറിയൊരു തുക വാങ്ങി പരിശീലനം കൊടുക്കും.

ദൂര സ്ഥലങ്ങളിൽ നിന്നു പോലും സ്വദേശി ഷോപ്പ് അന്വേഷിച്ച് ആളുകൾ വരാറുണ്ട്. ഒരിക്കൽ ഉപയോഗിച്ചവർ പിന്നെയും വരും. നേരത്തെ ഉപയോഗിച്ചവർ വിദേശരാജ്യങ്ങളിൽ നിന്നുപോലും സാധനങ്ങൾ ആവശ്യപ്പെട്ട് വിളിക്കാറുണ്ട്. അവർക്ക് സന്തോഷ് ആവശ്യമുള്ളവ അയച്ചുകൊടുക്കും. സ്വദേശി മറ്റു പട്ടണങ്ങളിലേക്ക് കൂടി വിപുലപ്പെടുത്തണമെന്നുണ്ട് സന്തോഷിന്. സാമ്പത്തികമാണ് തടസം. എങ്കിലും അതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. കുത്തകകളുടെ ചൂഷണത്തിനെതിരെയുള്ള ഈ പോരാട്ടത്തിന് പിന്തുണ കൂടിവരുന്നതിന്റെ ആഹ്ലാദത്തിലാണ് സന്തോഷ് ഇപ്പോൾ.