പന്തളം: സിപിഎം പ്രതിനിധികൾ ഭരിക്കുന്ന ക്ഷേത്രത്തിൽ സ്ത്രീകളെ വിലക്കി നോട്ടീസ് ബോർഡ്. ക്ഷേത്രത്തിന്റെ മുൻവാതിലിൽ കൂടി സ്ത്രീകൾ പ്രവേശിക്കരുതെന്ന് കാട്ടിയാണ് ക്ഷേത്രഭരണസമിതി ബോർഡ് വച്ചത്. പന്തളം കുരമ്പാല പുത്തൻകാവിൽ ഭഗവതീ ക്ഷേത്രത്തിലാണ് സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചുകൊണ്ട് ബോർഡ് ഉയർന്നിരിക്കുന്നത്.

കുരമ്പാലയിലെ പ്രസിദ്ധമായ ക്ഷേത്രമാണ് പുത്തൻകാവിൽ ഭഗവതീ ക്ഷേത്രം. വനിതാമതിലിന് ചുക്കാൻ പിടിച്ച സിപിഎം പ്രതിനിധികൾ ഭരിക്കുന്ന ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം മുതലാണ് ഇത്തരത്തിൽ ഒരു ബോർഡ് ഉയർന്നത്. ഭക്തർക്കിടയിൽ ഇത് വലിയ ചർച്ചയ്ക്ക് വഴിവയ്ക്കുകയും പ്രതിഷേധം ഉയരുകയും ചെയ്തിട്ടുണ്ട്. വർഷങ്ങളായി ക്ഷേത്രത്തിൽ ഇതുവരെയും ഇത്തരത്തിൽ ഒരു വിലക്ക് ഉണ്ടായിട്ടില്ല. ബോർഡ് എത്രയും വേഗം എടുത്തു മാറ്റണമെന്നും അല്ലെങ്കിൽ അടുത്ത ദിവസം സ്ത്രീകൾ പ്രതിഷേധവുമായെത്തി ബോർഡ് എടുത്ത് ദൂരെക്കളയുമെന്നും ഭക്തരുടെ പ്രതിനിധികൾ മറുനാടനോട് പറഞ്ഞു.

ഭരണസമിതി പ്രസിഡന്റും സെക്രട്ടറിയും സിപിഎമ്മിന്റെ നേതാക്കളാണ്. പ്രസിഡന്റ് സ്‌ക്കൂൾ അദ്ധ്യാപകൻ കൂടിയാണ്. സ്ത്രീ സ്വാതന്ത്ര്യത്തിനായി മുറവിളികൂട്ടുന്ന പാർട്ടിയുടെ സ്ഥാനത്തിരിക്കുന്നവരാണ് സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ച് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. മുൻവാതിലിന്റെ പടിക്ക് ഉയരം കൂടുതലായതിനാൽ സ്ത്രീകൾക്ക് ഇതുവഴി ഉള്ളിലേക്ക് കടക്കാൻ ബുദ്ധിമുട്ടാണെന്നും അതിനാൽ ക്ഷേത്രത്തിലെ വെളിച്ചപ്പാടിന്റെ നിർദ്ദേശ പ്രകാരമാണ് ബോർഡ് സ്ഥാപിച്ചതെന്നുമാണ് ഭരണസമിതിയുടെ വിശദീകരണം.

എന്നാൽ വർഷങ്ങളായി ഇതുവഴി സ്ത്രീകൾ ഉൾപ്പെടെ പ്രവേശിക്കുന്നതാണ്. അപ്പോൾ ഇല്ലാത്ത എന്ത് ബുദ്ധിമുട്ടാണെന്നാണ് ഭക്തർ ചോദിക്കുന്നത്. കൂടാതെ ക്ഷേത്രത്തിൽ ഇത്തരത്തിൽ എന്തെങ്കിലും നടപ്പിലാക്കണമെങ്കിൽ ക്ഷേത്ര തന്ത്രിയുടെ നിർദ്ദേശമോ ദേവ പ്രശ്നം നടത്തുമ്പോൾ എന്തെങ്കിലും നിർദ്ദേശമോ വേണം. എന്നാൽ ഇതൊന്നുമില്ലാതെ ഒരു സുപ്രഭാതത്തിൽ ഇത്തരത്തിൽ ഒരു ബോർഡ് സ്ഥാപിച്ചത് ഹൈന്ദവ വിശ്വാസങ്ങൾക്ക് നേരെയുള്ള കടന്നു കയറ്റമാണെന്ന് വിശ്വാസികൾ പറയുന്നു.

സംഭവത്തെപറ്റി പ്രദേശവാസിയായ മിനി മുളയ്ക്കൽ എന്ന ഭക്ത ഫെയ്സ് ബുക്കിൽ കുറിച്ചിരിക്കുന്നതിങ്ങനെ;

'അമ്മാവൻ മരിച്ചതിന്റെ പുല കാരണം കഴിഞ്ഞ പത്തു പതിനാറു ദിവസം അമ്പലത്തിൽ പോയിരുന്നില്ല. പുല ഒക്കെ കഴിഞ്ഞു ഇന്ന് പുത്തെൻകാവിൽ ചെന്നു മുൻവാതിലിൽ തൊഴുതു നിന്നപ്പോ ആണ് ആ ബോർഡ് വാതിൽക്കൽ തൂക്കിയേക്കുന്നെ കണ്ടത്... 'സ്ത്രീകൾ മുൻവാതിലിൽ കൂടി അകത്ത് പ്രേവേശിക്കരുത് ''
ശെടാ... പാടെ ഇതെന്തു കഥ..

കാര്യം തിരക്കിയപ്പോൾ ഒരാൾ പറഞ്ഞത് 'പെണ്ണുങ്ങൾ അങ്ങനെ കിഴക്കൂടെ കേറണ്ട... വടക്കൂടെ കേറിയ മതിയെന്ന്.'.. കാരണം എന്തുവാന്നു ചോദിച്ചപ്പോൾ കൈ മലർത്തുന്നു. മറ്റൊരാൾ പറയുന്നു.. 'പെണ്ണുങ്ങൾ വാതിലിൽ തട്ടി വീഴും അതുകൊണ്ടാണെന്നു..' എങ്കിൽ 'സൂക്ഷിച്ചു കയറുക' എന്ന ബോർഡ് അല്ലെ വെക്കേണ്ടത്.

പല ഭദ്രകാളി ക്ഷേത്രങ്ങളിലും പോയിട്ടുള്ള ഞാൻ കിഴക്കേ വാതിലിൽ കൂടി തന്നേ ആണ് കയറിയിട്ടുള്ളത്. ഇന്നലെ വരെ ഇല്ലാത്ത ആചാരം ഇന്നെങ്ങനെ വന്നു ? ശബരിമലയിൽ യുവതികളെ കയറ്റാൻ ഘോര ഘോരം വാദിച്ചു പാതിരാത്രിൽ തലേൽ മുണ്ടിട്ട് സ്ത്രീകളെ കയറ്റിയവർ തന്നേ ആണ് പുത്തൻകാവിലും ഭരിക്കുന്നത് എന്നതാണ് ഇതിലെ തമാശ.

ആചാരമായാലും അനാചാരമായാലും സ്ത്രീകളുടെ ആരോഗ്യത്തിൽ ഉള്ള ശ്രദ്ധ കാരണമാണെങ്കിലും കാര്യങ്ങൾ കൊള്ളാം....
പോതോം വിവരോം ഇല്ലാത്ത ഞാൻ കഴിഞ്ഞ നാല്പത്തഞ്ചു വർഷം മുൻവാതിലിൽ കൂടി ക്ഷേത്രത്തിനകത്തു പ്രവേശിച്ചതിനു എന്ത് പരിഹാരം ചെയ്യണമെന്ന് ക്ഷേത്രം പ്രസിഡന്റ് കൂടിയായ പ്രിയ ഗുരുനാഥൻ പറഞ്ഞു തരുമായിരിക്കും...'

മാധ്യമ പ്രവർത്തകനായ വിനു കുരമ്പാലയുടെ ഫെയ്സ് ബുക്കിൽ പോസ്റ്റിൽ പറഞ്ഞിരിക്കുന്നതിങ്ങനെ:

പുത്തൻകാവിൽ അമ്പലത്തിൽ സ്ത്രീ വിലക്ക്; മുൻവാതിൽ വഴി കയറരുത്

എന്റെ നാട്ടിലെ അമ്പലത്തിലും നവോത്ഥാനം വന്നു. നൂറ്റാണ്ടുകളായി ഒരു മനുഷ്യനും വിലക്കില്ലാതിരുന്ന കുരമ്പാല പുത്തൻകാവിൽ ഭഗവതി ക്ഷേത്രത്തിന്റെ കിഴക്കേ വാതിലിൽ പുതിയ ബോർഡ് തൂങ്ങി . സ്ത്രീകൾ ഇതു വഴി പ്രവേശിക്കരുത്. നാളെ സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിക്കരുത് എന്ന ബോർഡ് തൂങ്ങിയാലും അദ്ഭുതപ്പെടരുത്. ദേവീ ക്ഷേത്രത്തിലെ സ്ത്രീ വിലക്ക്. മാരകമായ സ്ത്രീവിരുദ്ധതയും, സാമൂഹിക വിരുദ്ധതയും കൈമുതലായ ഭരണ സംവിധാനത്തിനേ ഇത്ര വെറുപ്പുളവാക്കുന്ന ഒരു ബോർഡ് സ്ഥാപിക്കാൻ കഴിയൂ. ഏത് നൂറ്റാണ്ടിലേക്കാണ് പോക്ക്. പകുതിയിലധികം ഭരണ സമിതി അംഗങ്ങളും പണ്ട് വനിതാ മതിലിന് ഇഷ്ടിക പെറുക്കിയവരാണ്.'