- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബംഗാൾ പാഠമായി ഉൾക്കൊണ്ടു; ഐസക്കിനെയും സുധാകരനെയും മാറ്റി നിർത്തി ധൈര്യം കാണിച്ചത് നിർണായകമായി; പാർട്ടിയെ സജ്ജമാക്കി വെല്ലുവിളികൾ നേരിട്ട് തുടർഭരണം നേടി; മന്ത്രിസഭയിൽ പുതുമുഖങ്ങളെ ഇറക്കുന്നതും വിശാലമായ ഭാവി മുന്നിൽ കണ്ട്; പാർട്ടിയിലും മന്ത്രിസഭയിലും പിണറായിക്ക് തന്ത്രപരമായ വിജയം
കോഴിക്കോട്: ചരിത്രത്തിൽ ആദ്യമായി തുടർഭരണം പിടിച്ചു അധികാരത്തിലെത്തിയ മുഖ്യമന്ത്രിയെന്ന ഖ്യാദിയാണ് പിണറായി വിജയൻ സ്വന്തമാക്കിയത്. ഏറ്റവും ഒടുവിൽ സിപിഎം മന്ത്രിമാരെ നിശ്ചയിക്കുമ്പോൾ അടക്കം സസ്പെൻസ് നിലനിർത്തി കൊണ്ടാണ് മുഖ്യമന്ത്രി മുന്നോട്ടു പോകുന്നത്. പാർട്ടിയിലും മന്ത്രിസഭയിലും അടക്കം പിണറായി ലൈൻ വിജയിക്കുന്ന കാഴ്ച്ചയാണ് തെരഞ്ഞെടുപ്പിലും അതിന് ശേഷവും കണ്ടത്. ഇതോടെ ഇന്ത്യൻ സിപിഎമ്മിൽ തിരുവായ്ക്ക് എതിർവായില്ലാത്ത നേതാവായി തന്നെ പിണറായി മാറിയിട്ടുണ്ട്.
പശ്ചിമ ബംഗാൾ നൽകിയ പാഠത്തിൽ നിന്നുമാണ് സിപിഎം കേരളത്തിൽ അടിമുടി പൊളിച്ചെഴുത്തലിന് ശ്രമിച്ചത്. പശ്ചിമ ബംഗാളിൽ സിപിഎം നാമാവശേഷമാകാൻ കാരണം അവിടെ തലമുറ മാറ്റത്തിന് അവസരം ഒരുക്കാത്തതു കൊണ്ടായിരുന്നു. ഇവിടെയും തലമുറ മാറ്റത്തിലൂടെ സിപിഎമ്മിന്റെ ദ്വീർഘമായ ഭാവി കൂടിയാണ് പിണറായി മുന്നിൽ കണ്ടത്. ഈ തലമുറ മാറ്റത്തിന് മുന്നിലുണ്ടായിരുന്ന പ്രതിബന്ധങ്ങളെ എല്ലാം തന്നെ മറികടക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.
തുടക്കത്തിൽ സ്ഥാനാർത്ഥി നിർണയമായിരുന്നു പ്രശ്നം. ഐസക്കിനെയും ജി സുധാകരനെയും അടക്കം മാറ്റി നിർത്തുന്നതിൽ വിജയിച്ചു എന്നതാണ് പിണറായി ഇക്കാര്യത്തിൽ നേടിയ ആദ്യ വിജയം. അടുത്ത അഞ്ചോ പത്തോ വർഷത്തേക്കുള്ള പാർട്ടി നേതൃത്വത്തെയും ഭരണസംവിധാനത്തെയും രൂപപ്പെടുത്തിയെടുക്കുക എന്ന പിണറായി ലൈൻ കൂടിയാണിത്. വ്യക്തിപരമായി ഏറെ വെല്ലുവിളി നിറഞ്ഞ തീരുമാനങ്ങളാണ് ഇത്തവണ സ്ഥാനാർത്ഥിനിർണയത്തിൽ സിപിഎമ്മിനകത്ത് പിണറായി കൊണ്ടുവന്നത്.
രണ്ടുതവണ തുടർച്ചയായി എംഎൽഎ. ആയവർ മാറിനിൽക്കുക എന്ന മാനദണ്ഡം നിർബന്ധമായി നടപ്പാക്കാനുള്ള തീരുമാനം തുടക്കത്തിൽ പിണറായിയുടേത് മാത്രമായിരുന്നു. പിന്നീട് ഈ തീരുമാനം നേതാക്കളെ കൊണ്ട് ഏറ്റെടുപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു. ഇപ്പോൽ ദേശീയതലത്തിൽത്തന്നെ സിപിഎമ്മിന്റെ ചരിത്രത്തിലാദ്യമായി നടപ്പാക്കിയ തലമുറമാറ്റമെന്ന പ്രക്രിയയുടെ രണ്ടാം ഘട്ടമാണ് ചൊവ്വാഴ്ച നടക്കാൻപോകുന്ന സംഘടനാ നടപടിക്രമങ്ങളും.
ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെയും മുൻ സെക്രട്ടറി പ്രകാശ് കാരാട്ടിനെയും നേരത്തേതന്നെ ഇക്കാര്യത്തിൽ പിണറായി വിജയൻ വിശ്വാസത്തിലെടുത്തിരുന്നു. പി ബി അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണനെ ഇക്കാര്യത്തിൽ കൂടെനിർത്താനും അദ്ദേഹത്തിനായി. പി.ബി. അംഗങ്ങളായ എസ്. രാമചന്ദ്രൻ പിള്ളയും എം.എ. ബേബിയുംകൂടി ഇതിനോടു യോജിച്ചപ്പോൾ കാര്യങ്ങൾ എളുപ്പമായി. സംസ്ഥാന സെക്രട്ടേറിയറ്റിലും എതിരഭിപ്രായമുണ്ടായില്ല.
നേതാക്കളെ മാറ്റി നിർത്തിയപ്പോൾ ഉണ്ടായ എതിർപ്പുകളെ പാർട്ടി സംവിധാനത്തെ മിടുക്കോടെ ചലിപ്പിച്ചു മറികടക്കാനും പിണറായി വിജയന് സാധിച്ചു. ഈ തന്ത്രങ്ങളുടെ അവസാന ഘട്ടത്തിലേക്കാണ് ഇപ്പോൾ പാർട്ടി കടന്നിരിക്കുന്നത്. വൻ ഭൂരിപക്ഷത്തോടെ ഭരണത്തുടർച്ച എന്ന ചരിത്രംകൂടി സൃഷ്ടിച്ചതോടെ പുതിയ മന്ത്രിമാരുടെ കാര്യത്തിലും ഈ തീരുമാനം നടപ്പാക്കാൻ എളുപ്പമായി.
മന്ത്രിസഭ സംബന്ധിച്ച ആലോചനകൾ നേരത്തേതന്നെ പാർട്ടിതലങ്ങളിൽ ചർച്ചകളായാൽ വിവരങ്ങൾ ചോരാനും പിന്നീട് പലവിധ സമ്മർദങ്ങൾക്കും ലോബിയിങ്ങിനും ഇടയാക്കുമെന്ന് പിണറായിക്ക് ബോധ്യമുണ്ടായിരുന്നു. അതിനാലാണ് ഘടകകക്ഷികളുമായുള്ള ചർച്ചകൾ ആദ്യം പൂർത്തിയാക്കി, ഇടതുമുന്നണി യോഗത്തിന്റെ അംഗീകാരത്തിനുശേഷം മാത്രംമതി സ്വന്തം പാർട്ടിക്കകത്തെ ചർച്ച എന്ന തീരുമാനത്തിലേക്ക് അദ്ദേഹമെത്തിയത്.
നാല് ഘടകകക്ഷികൾക്കായി രണ്ട് മന്ത്രിപദം ഊഴമിട്ട് നൽകിയതിലും മുഖ്യമന്ത്രിയുടെ നയചാതുരി വ്യക്തം. അതേസമയം സിപിഎം മന്ത്രിമാർ ആരൊക്കെയാണ് എന്ന കാര്യത്തിൽ പോലും ആർക്കും ഇപ്പോഴും സൂചനകളില്ല. പുതിയ ടീമിൽ ഉൾപ്പെടാൻ സാധ്യതയുള്ളവരുടെ പേരുകൾ ഇപ്പോഴും ഉയരുമ്പോഴും അന്തിമ ചിത്രം ഇപ്പോഴും പിണറായിക്ക് മാത്രം അറിയാവുന്നതാണ്. കെ കെ ശൈലജയെ അടക്കം മാറ്റി നിർത്തുന്ന പൊളിച്ചു പണിക്കാണ് പിണറായി തയ്യാറെടുക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
മുഖ്യമന്ത്രിയും ശൈലജയും ഒഴികെ സിപിഎമ്മിന്റെ ബാക്കി 10 മന്ത്രിമാരും പുതുമുഖങ്ങളാകുമെന്നാണ് സൂചനകളുണ്ടെങ്കിലും കെ കെ ശൈലജയെ മാത്രം എങ്ങനെ മന്ത്രിസഭയിൽ നിലനിർത്തുമെന്ന ചോദ്യം ഉയരുന്നുണ്ട്. സിപിഎമ്മിൽ എം വി ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ, പി. രാജീവ്, കെ.എൻ. ബാലഗോപാൽ എന്നിവരാണ് മന്ത്രിസ്ഥാനം ഉറപ്പായവർ. നിലവിലെ മന്ത്രിമാരിൽ എ.സി. മൊയ്തീൻ, ടി.പി. രാമകൃഷ്ണൻ എന്നിവരുടെ പേരുകളും കേൾക്കുന്നെങ്കിലും ഇളവുണ്ടാകുമോ എന്ന് വ്യക്തമല്ല.
എം.എം. മണിയും കടകംപള്ളി സുരേന്ദ്രനും കെ.ടി. ജലീലും മാറ്റിനിർത്തപ്പെടും.അതേസമയം, സാദ്ധ്യതാ പട്ടികയിൽ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസിന്റേത് ഉൾപ്പെടെ നിരവധി പേരുകൾ പ്രചരിക്കുന്നുണ്ട്. ഡിവൈഎഫ്ഐ പ്രാതിനിദ്ധ്യമാണ്, മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ഭർത്താവു കൂടിയായ റിയാസിന്റെ പേര് ചർച്ചകളിലെത്തിക്കുന്നത്. വി.ശിവൻകുട്ടി, വി.എൻ. വാസവൻ, എം.ബി. രാജേഷ്, പി. നന്ദകുമാർ, സജി ചെറിയാൻ, സി.എച്ച്. കുഞ്ഞമ്പു, എ.എൻ. ഷംസീർ, പി.എ. മുഹമ്മദ് റിയാസ് എന്നിവരിൽ ആർക്കൊക്കെ നറുക്കു വീഴുമെന്ന് ഇന്നറിയാം.
രണ്ടു വനിതകൾക്ക് ടിക്കറ്റ് നൽകാൻ സിപിഎം തീരുമാനിച്ചാൽ വീണാ ജോർജ്, പ്രൊഫ. ആർ.ബിന്ദു, കാനത്തിൽ ജമീല എന്നിവരിലൊരാൾക്ക് നറുക്കു വീഴും. വീണയ്ക്ക് സ്പീക്കർ സാദ്ധ്യതയുമുണ്ട്. അതേസമയം, സഭാനാഥന്റെ പദവിയിലേക്ക് കെ.ടി. ജലീൽ എത്തുമെന്നും ശ്രുതിയുണ്ട്.
മറുനാടന് മലയാളി ബ്യൂറോ