തിരുവനന്തപുരം: തെരവുനായ്ക്കളെ കൊന്ന് ഇറച്ചി വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലേക്കും പട്ടിയിറച്ചി കഴിക്കുന്ന രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുമെന്ന വാർത്ത മാദ്ധ്യമസൃഷ്ടിയാണെന്ന് കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ. അസോസിയേഷന്റെ ജനറൽ ബോഡി യോഗത്തിലാണ് ഭാരവാഹികൾ മാദ്ധ്യമങ്ങളെ വിമർശിച്ചത്.

ഈ മാസം നാലിനു നടന്ന അസോസിയേഷൻ യോഗത്തിൽ തെരുവ് നായ്ക്കളെ കൊന്ന് പട്ടിയിറച്ചി ഫിലിപ്പൈൻസ്, ചൈന എന്നീ രാജ്യങ്ങളിലേക്കും, നാഗാലാൻഡ്, ആസാം, മണിപ്പൂർ, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിലേക്കും അയക്കാൻ തീരുമാനിച്ച് പ്രമേയം പാസാക്കിയതായി മാദ്ധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. എറണാകുളം ജില്ലയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗമാണ് പട്ടിയിറച്ചി കയറ്റുമതി ചെയ്യാനുള്ള നിർദ്ദേശം സമർപ്പിച്ചതെന്നായിരുന്നു വാർത്ത.

എന്നാൽ അത്തരമൊരു നിർദേശമോ, പ്രമേയമോ എറണാകുളം ജില്ലാ ഭാരവാഹികൾ നൽകിയിട്ടില്ലെന്ന് അസോസിയേഷൻ പ്രസിഡന്റ് പി.ടി.മാത്യു പറഞ്ഞു. എറണാകുളത്ത് നടന്ന പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തിൽ അങ്ങനെയൊരു നിർദ്ദേശം വന്നിരുന്നെങ്കിലും ചില അംഗങ്ങളുടെ രൂക്ഷമായ എതിർപ്പ് യോഗത്തിലുണ്ടായി. എന്നാൽ നിർദ്ദേശം വിവാദമായതോടെ അങ്ങനെയൊരു ചർച്ച ഉണ്ടായിട്ടില്ല എന്ന നിലപാടാണ് അസോസിയേഷന്റേത്.

തൊരുവ് നായ്ക്കൾ ഗ്രാമനഗരഭേദമന്യേ വർധിച്ച സാഹചര്യത്തിൽ അവ നിർമ്മാർജനം ചെയ്യേണ്ട ചുമതല തദ്ദേശഭരണ സ്ഥാപനങ്ങളുടെ തലയിൽ വീണപ്പോഴാണ് പട്ടിയിറച്ചി കയറ്റുമതി എന്ന ആശയം അവതരിപ്പിച്ചത്. അക്രമകാരികളായ നായ്ക്കളെ കൊല്ലാൻ സർക്കാർ നിർദ്ദേശം നൽകിയെങ്കിലും സർക്കാർ ഉത്തരവ് പുറപ്പെടുവിക്കാത്തതിനാൽ പഞ്ചായത്ത്-നഗരസഭ നടപടികൾ സ്വീകരിച്ചിട്ടില്ല.

സർക്കാർ ഉത്തരവില്ലാതെ തെരുവ് നായ്ക്കളെ കൊല്ലാൻ ഇറങ്ങിയാൽ മൃഗസ്‌നേഹികൾ കോടതി കയറ്റുമെന്ന ഭയവും ഉദ്യോഗസ്ഥർക്കുണ്ട്. തെരുവ് നായ്ക്കളുടെ ആക്രമണം നിയമസഭയ്ക്ക് അകത്തും പുറത്തും ചർച്ചയായതോടെ, വിഷയം വിവിധ വകുപ്പ് തലവന്മാരുടെ യോഗവും മന്ത്രിസഭാ സഭായോഗവും ചർച്ച ചെയ്തിരുന്നു. ഒടുവിൽ തെരുവ് നായ്ക്കളെ നിർമ്മാർജനം ചെയ്യേണ്ട ഉത്തരവാദിത്വം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ തലയിലായി.

തെരുവ് നായ്ക്കളുടെ ആക്രമണം തടയുന്നതിനായി തദ്ദേശഭരണ സ്ഥാപനങ്ങൾ ചില പദ്ധതികൾ ആലോചിച്ചു വരുകയാണ് . പദ്ധതികൾക്ക് സർക്കാർ അനുമതി നൽകുന്നതു വരെ പഞ്ചായത്ത്ുകൾ തോറും സ്‌പെഷ്യൽ ക്യാമ്പുകൾ രൂപീകരിച്് നായ്ക്കളുടെ വന്ധ്യംകരണം നടത്താനാണ് ആലോചിക്കുന്നതെന്നും കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് പി.ടി.മാത്യു പറഞ്ഞു.