തലശേരി: പാനൂർ-പാറാട് മേഖലയിൽ തെരുവ് നായ ശല്യം അതിരൂക്ഷമായി തുടരുന്നു. മൂന്ന് പിഞ്ചു കുട്ടികൾക്ക് കൂടി തെരുവ് നായയുടെ കടിയേറ്റതു കാരണം ജനം ഭീതിയിലാണ്. വീടിന്റെ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെയാണ് വ്യാഴാഴ്‌ച്ച ഉച്ചയോടെ മാതാവിന്റെ മുൻപിൽ വെച്ച് മൂന്നര വയസുകാരന് തെരുവ് നായ യുടെ കടിയേറ്റത്.

നോർത്ത് പാറാട് കുനിയിൽ നജീബയുടെ മകൻ മുഹമ്മദ് ഹംദാനാ ണ് അക്രമത്തിനിരയായത്. മുഖത്ത് ഗുരുതരമായി പരുക്കേറ്റ കുട്ടിയിലെ കണ്ണൂർ ചാലയിലെ മിംമ്‌സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസവും പാറാട് രണ്ടു പിഞ്ചു കുട്ടികൾക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു തലയ്ക്കും കൈക്കും പരുക്കേറ്റ കുട്ടികൾ തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

പാറാട് ഭാഗത്തെ തെരുവ് നായ ശല്യം അതിരൂക്ഷമായി തുടരുന്നതു കാരണം സ്‌കുളുകളിലേക്കും മദ്‌റസകളിലേക്കും കുട്ടികളെ അയക്കാൻ രക്ഷിതാക്കൾ ഭയക്കുകയാണ്. പാനൂർ മേഖലയിലെ പ്രധാന നഗരങ്ങളിലെല്ലാം തെരുവ് നായ വിലസുകയാണ്. കുട്ടികളെ മാത്രമല്ല മുതിർന്നവർക്കു നേരെയും ഇവ അക്രമം നടത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം ചമ്പാട് അരയാകുലിൽ വീട്ടുമുറ്റത്ത് നടക്കുകയായിരുന്ന കൂർക്കോത്ത് ശശിക്കും (45) തെരുവ് നായയുടെ കടിയേറ്റിരുന്നു. നിരവധി തവണ പരാതിപ്പെട്ടിട്ടും തെരുവ് നായ ശല്യമൊഴിവാക്കാനുള്ള നടപടികൾ പഞ്ചായത്ത് അധികൃതർ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.പാറാട് മേഖലകളിൽ ഇറച്ചിമാലിന്യ മുൾപ്പെടെ പൊതു സ്ഥലങ്ങളിൽ തള്ളുന്നതും തെരുവ് നായകൾ തമ്പടിക്കാൻ ഇടയാക്കിയിട്ടുണ്ട്.