കോതമംഗലം: തെരുവ്‌നായ ശല്യം രൂക്ഷമായ കോതമംഗലത്തു നിന്നും ഭീതിപ്പെടുത്തുന്ന വാർത്തകൾ വീണ്ടും പുറത്തുവരുന്നു. കഴിഞ്ഞ ദിവസം പേവിഷബാധയേറ്റ ഒരു പശുവിനെ കൊലപ്പെടുത്തി പ്രതിരോധ നടപടികൾ സ്വീകരിച്ചതിന് പിന്നാലെ വീണ്ടും മൂന്ന് പശുക്കളിൽ കൂടി പേവിഷബാധ ഉണ്ടായത് കടുത്ത ആശങ്കയ്ക്ക് ഇടയാക്കി. രോഗം ബാധിച്ച ഈ പശുക്കളെ കൊലപ്പെടുത്തി. ഈ പശുവിന്റെ പാൽ കുടിച്ച വീട്ടുകർക്കു പുറമെ സമീപത്തെ മിൽമയിൽ നിന്നും പാൽവാങ്ങി ഉപയോഗിച്ചവരും പ്രതിരോധ മാർഗ്ഗങ്ങൾ തേടി നെട്ടോട്ടത്തിൽ. കുത്തിവയ്‌പ്പെടുക്കാൻ ആളുകൾ മൃഗാശുപത്രിയിലേക്ക് എത്തിക്കൊണ്ടിരിക്കയാണ്. അതിനിടെ നാട് മുഴുവൻ ആശങ്കയിൽ ആയതോടെ അധികൃതരുടെ അനങ്ങാപ്പാറ നയത്തിനെതിരെ നാട്ടുകാർ സമരരംഗത്തേ്കും നീങ്ങിയിട്ടുണ്ട്.

ആയവന കാലാംമ്പൂരിൽ കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിൽ കറവയുള്ള രണ്ട് പശുക്കൾക്കും പ്രസവിക്കാറായ മറ്റൊരുപശുവിനും പേയിളകിയിരുന്നു. രണ്ടെണ്ണത്തിനെ വെടിവച്ചും ഒരെണ്ണത്തിനെ വിഷംകുത്തിവച്ചും കൊലപ്പെടുത്തു. തെരുനായ്ക്കൾ കടിച്ച പശുക്കൾക്കാണ് പേയിളകിയത്. ഇതോടെ പ്രദേശത്തെ കന്നുകാലികളെയും മറ്റ് വളർത്തുമൃഗങ്ങളെയും വീട്ടുകാർ നിരന്തരം നിരീക്ഷിച്ചുവരികയാണ്. പേയിളകിയ പശുക്കളുടെ പാൽകുടിച്ച വീട്ടുകാരിൽ ഒട്ടുമിക്കവരും സമീപത്തെ ആശുപത്രികളിൽ നിന്നും പ്രതിരോധ കുത്തിവയ്‌പ്പുകൾ എടുത്തു വരികയാണ്.

പ്രതിരോധ മരുന്നിനുള്ള പണംമുടക്ക് നിർദ്ധന കുടുംമ്പങ്ങളിൽ സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കിയിട്ടുണ്ട്. പ്രതിരോധ വാക്‌സിന് ക്ഷാമം നേരിടുന്നത് നാട്ടുകാരുടെ ഭയാശങ്കകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ നിലതുടർന്നാൽ പൈങ്ങോട്ടൂർ മൃഗാശുപത്രയിലെ പ്രതിരോധ കുത്തിവയ്പുകൾ നിർത്തിവയ്‌ക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് വെറ്റിനറി സർജൻ കെ സി ജയൻ പറഞ്ഞു.

പശുക്കൾക്ക് പേവിഷബാധയേറ്റ വിവരം അറിഞ്ഞിട്ടും ആവശ്യമായ പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിൽ വീഴ്ചവരുത്തിയ അധീകൃതരുടെ നടപടിയിലാണ് ജനകീയരോഷം ശക്തമായത്. ജീവന് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ സംഘടിച്ച് ബന്ധപ്പെട്ട അധികൃതരുടെ നടപടിക്കെതിരെ സമരപരിപാടികൾ ആരംഭിക്കുന്നതിനുള്ള നീക്കം ശക്തമായിട്ടുണ്ട്.

പശുവിനെ കടിച്ചനായ മറ്റേതെങ്കിലും മൃഗങ്ങളെയോ ആക്രമിച്ചിട്ടുണ്ടോയെന്ന് അറിയാൻ കഴിയില്ലെന്നും പേഇളകി കഴിഞ്ഞാണ് വിവരം അറിയുന്നതെന്നും അതുകൊണ്ട് അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നായ്ക്കളെ ഉന്മൂലനം ചെയ്യണമെന്നും ഇക്കാര്യത്തിൽ ഉടനടി സർക്കാർ ഇടപെടണമെന്നും ആവശ്യപ്പെട്ട് ആയവനയിൽ എത്തിയ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന് മാസ് പെറ്റീഷൻ നല്കിയെന്നും ഉടൻ പരിഹാരം ഉണ്ടാക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയിയതായും ആയവന പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി ജോർജ്ജ് ് പറഞ്ഞു. പ്രതിരോധ കുത്തിവെയ്പ് ഉൾപ്പെടെ എല്ലാ പ്രതിരോധ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് വ്യക്തമാക്കി.

അതേസമയം തെരുവു നായ ശല്യം രൂക്ഷമായതോടെ ഭയന്നു വിറച്ചാണ് ജീവിക്കുന്നതെന്നും വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ ഭയമാണെന്നുമാണ് സ്ഥലവാസികള്ൾ പറയുന്നു.