കൊച്ചി: തെരുവുനായ്ക്കളെ കൊല്ലുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി.യുടെ സർക്കുലറിന്റെ ചൂടാറും മുമ്പെ കേരളത്തിൽ തെരുവുനായയെ കൊന്നതിന് ആദ്യത്തെ അറസ്റ്റ് കഴിഞ്ഞു. 130 ഓളം നായ്ക്കളെ കൊന്ന രാജൻ എന്നയാൾക്ക് തൊട്ടു പുറകെ ഗാന്ധിജയന്തി ദിനത്തിൽ നായ്ക്കളെ കൊല്ലുമെന്ന് പ്രഖ്യാപിച്ച തെരുവുനായ ഉന്മൂലനസമിതി നേതാവ് ജോയിയെയും അറസ്റ്റ് ചെയ്ത് വിട്ടയച്ചു.

അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതിയും ശരിവച്ചതിനു പുറകെയാണ് നായകളെ കൊന്നതിന് പൊലിസ് നടപടി. സുപ്രീംകോടതി ഉത്തരവ് നിലനിൽക്കുമ്പോൾ നായ്ക്കളെ കൊല്ലുന്നതിനു നടപടി സ്വീകരിക്കുമെന്നു പറഞ്ഞ് ഡി.ജി.പി ഉത്തരവിറക്കിയതും ചൂടാറും മുമ്പേ അറസ്റ്റ് നടന്നതും കോടതി ഉത്തരവിന്റെ ലംഘനമല്ലേ എന്ന് സംശയിക്കുന്നവരുണ്ട്.

എന്നാൽ ഐ.പി.സി 428, 429 സെക്ഷൻ പ്രകാരം കേസെടുക്കാനാണ് ഡി.ജി.പിയുടെ നിർദ്ദേശം. തെരുവുനായ്ക്കളെ കൊന്നതിന് കേസെടുത്ത കാര്യം നോക്കിയാൽ എല്ലാ മൃഗത്തേയും കൊല്ലുന്നതിനു കേസെടുക്കേണ്ടി വരും. ആട്ടിറച്ചി, മാട്ടിറച്ചി വിൽപ്പനക്കാരെയെല്ലാം പരാതിയുണ്ടെങ്കിൽ ഈ നിയമപ്രകാരം ജയിലിൽ അടയ്ക്കാൻ കഴിയും. നായ മാത്രമല്ല, മൃഗവർഗത്തിൽ പെട്ട എല്ലാം; മുയൽ, പൂച്ച, മൂരി, പോത്ത്, ഒട്ടകം, കാള, ആട് തുടങ്ങിയവയെല്ലാം ഇതിൽപെടും. 428 വകുപ്പ് പ്രകാരം പത്തുരൂപയിൽ കൂടുതൽ വിലയുള്ള മൃഗങ്ങളെ പരിക്കേൽപ്പിക്കുന്നതും കൊല്ലുന്നതും വിഷം കൊടുക്കുന്നതുമെല്ലാം രണ്ടു വർഷം ജയിൽ ശിക്ഷയും പിഴയും അല്ലെങ്കിൽ രണ്ടും കൂടിയോ ചുമത്താവുന്ന കുറ്റങ്ങളാണ്. ഐ.പി.സി 429 പ്രകാരം പത്തു രൂപയെന്നത് അമ്പതു രൂപയായും രണ്ടു വർഷം ശിക്ഷയെന്നത് അഞ്ചുവർഷമായും മാറും. രണ്ടിലും വ്യക്തമായ പിഴ ചുമത്താം.

ഈ നിയമപ്രകാരം ഇന്ത്യയിലെ ഏതൊരു മൃഗത്തെ കൊല്ലുന്നതും കുറ്റകരമാണ്. പത്തുരൂപയുള്ള തന്റെ എലിയെ കൊന്നെന്നു പറഞ്ഞ് ഒരാൾ പരാതി കൊടുത്താലും അയാളെ പൊലീസിന് അറസ്റ്റ് ചെയ്യാം. ഇതിന്റെ വില അമ്പതു രൂപയാക്കി കാണിച്ചാൽ അഞ്ചുവർഷം ജയിൽ ശിക്ഷക്കും പിഴക്കും പ്രതി അർഹനായിത്തീരും. ഈ നിയമം അതേപടി നടപ്പിലാക്കുകയാണെങ്കിൽ ഇന്ത്യയിൽ ഒരിടത്തും ഒരു മൃഗത്തേയും കൊല്ലാൻ കഴിയില്ല. മതപരമായ കാര്യങ്ങൾക്കു കൂടി മൃഗബലി നടത്താൻ കഴിയാത്ത അവസ്ഥയാകും. എന്നാൽ മതപരമായ കാര്യങ്ങൾക്കുള്ള മൃഗബലി നിരോധിക്കാനാവില്ലെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടതാണ്.

വില കൊടുത്ത് വാങ്ങുന്ന മൃഗത്തെ കശാപ്പു ചെയ്ത് വിൽക്കുന്നവരേയും സെൻകുമാറിന്റെ പൊലീസിന് ഈ നിയമം വച്ച് അറസ്റ്റ് ചെയ്യാം. പക്ഷെ ഇത്തരം കാര്യത്തിൽ പരാതിയോ അറസ്റ്റോ ഉണ്ടാകാത്തത് ഇതിൽ പരാതിക്കാർ ഇല്ലാത്തതുകൊണ്ടാണ്. സെക്ഷൻ 428 ൽ പറയുന്ന പത്തുരൂപ, 429 ൽ പറയുന്ന അമ്പതു രൂപ മൃഗങ്ങളുടെ മൂല്യമാണ്. വാങ്ങി വിൽക്കുന്നതിലും അറുത്തുവിൽക്കുന്നതിലും മൂല്യത്തിന് നഷ്ടം സംഭവിക്കാത്തതിനാൽ പരാതിയില്ല മനഃപൂർവ്വം നഷ്ടം വരുത്തലും ചെറിയ കുറ്റക്യത്യവുമെല്ലാം സെക്ഷൻ 425 ൽ വരുന്ന മിസ്ചീഫ് നിയമമാണ്.

ഇതിൽ ഒരാളുടെ പശുവിന്റേയോ, പട്ടിയുടേയോ കാൽ മറ്റൊരാൾ ഒടിച്ചാൽ അതിനെതിരെ പരാതിപ്പെടാനും കേസെടുക്കാനും കഴിയും. ഈ നിയമമാണ് തെരുവുനായുടെ കാര്യത്തിൽ ദുർവിനിയോഗം ചെയ്യുന്നത്. 428, 429 സെക്ഷനുകളിൽ മൃഗത്തിന്റെ മൂല്യം പറയുന്നതിനാൽ പത്തു രൂപയുടെ പോലും മൂല്യം ഉണ്ടെന്ന് തെളിയിക്കാനാവാത്ത തെരുവുനായയുടെ കാര്യത്തിൽ കേസ് നിലനിൽക്കില്ലെന്നും എടുക്കാൻ കഴിയില്ലെന്നും നിയമവിദഗ്്ധർ പറയുന്നു. തെരുവുനായയെ കൊല്ലുന്നതുകൊണ്ട് വ്യക്തിക്കോ സമൂഹത്തിനോ നഷ്ടം സംഭവിക്കുന്നുവെന്ന് തെളിയിക്കാനാവില്ല. 428, 429 വകുപ്പുകളിൽ കേസ് വേണമെങ്കിൽ പരാതിക്കാരന് നഷ്ടം കൊടുക്കാൻ തയ്യാറായാൽ കോടതിയിൽ വച്ച് ഒത്തുതീർപ്പാകാം.

എന്നാൽ തെരുവുനായയുടെ കാര്യത്തിൽ ഒരു ഉടമസ്ഥനില്ല, വാദി സർക്കാറാണ്. അതിനാൽ കേസ് ഒത്തുതീരാനാകില്ല. കൊലപാതക കേസുകളിൽ വാദി സർക്കാറെന്ന പോലെ. ആരും പരാതിക്കാരില്ലെങ്കിലും സർക്കാറാണ് കേസ് നടത്തുന്നതും പ്രതി ശിക്ഷ കിട്ടാൻ വേണ്ടി കോടതിയിൽ വാദിക്കുന്നതും. ശിക്ഷയിൽ മാറ്റമുണ്ടെങ്കിലും തെരുവുനായയെ കൊന്നാലും സമൂഹത്തിന് എതിരെയുള്ള കുറ്റകൃത്യമായി സർക്കാർ പരിഗണിക്കും. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്തുക എന്ന സർക്കാറിന്റെ ദൗത്യത്തിൽ നിന്നുമാറി ജനങ്ങൾക്ക് ഭീഷണിയായ തെരുവുനായകളെ സംരക്ഷിക്കുന്നു എന്ന വിധത്തിലേക്കാണ് തെരുവുനായയെ കൊന്ന വിഷയത്തിൽ കാര്യങ്ങൾ ചെന്നെത്തുന്നത്.

1860 ൽ ബ്രിട്ടീഷുകാർ ഉണ്ടാക്കിയ നിയമമാണ് സർക്കാർ ഇക്കാര്യത്തിൽ ഇപ്പോഴും പിന്തുടരുന്നതെന്നതാണ് വാസ്തവം. 1860 ൽ ഒരു മൃഗത്തിന്റെ വില പത്തുരൂപയായി കണക്കു കൂട്ടിയിരുന്നത് അന്നത്തെ നിലയിൽ വളരെ ഉയർന്ന നിരക്കാണ്. ഏകദേശം എഴുപതു കൊല്ലം മുമ്പ് വരെ പ്രധാനനഗരങ്ങളിൽ മൂന്ന് സെന്റ് സ്ഥലം വരെ പത്ത് രൂപ വച്ച് വാങ്ങാമായിരുന്നു. ഇന്നതിനുലക്ഷങ്ങൾ മതിയാവില്ല. ആനകൾ, പശുക്കളുടേയും മറ്റും കൂട്ടം എന്നിവയെ ശത്രുക്കൾ കൊന്നാൽ ഇരകൾക്ക് നീതി കിട്ടാൻ വേണ്ടി ബ്രീട്ടിഷുകാർ കൊണ്ടുവന്ന നിയമമാണ് ഇന്നു തെരുവുനായയുടെ രൂപത്തിൽ കേരളീയനെ തിരിഞ്ഞുകടിക്കുന്നത്.

അന്നത്തെ അമ്പതുരൂപയുടെ കാര്യം പറയാനില്ല.അമ്പതു രൂപ വിലമതിക്കുന്ന മൃഗങ്ങളെ അന്നു കൊല്ലാൻ ശ്രമിച്ചാൽ ഇന്നതിനു കോടികൾ വിലമതിക്കുമെന്നുറപ്പാണ്. എന്നാൽ പക്്ഷികളുടെ കാര്യത്തിൽ വന്യജീവി സംരക്ഷണ നിയമപ്രകാരം മാത്രമെ കേസ് എടുക്കുന്നുള്ളു. അതുകൊണ്ട് കോഴിയെ കൊന്നാൽ ഈ വകുപ്പ് പ്രകാരം കേസെടുക്കാൻ കഴിയില്ല. മയിലിനെ കൊന്നാൽ കേസെടുക്കാം.

കേരളത്തിൽ 25 ലക്ഷം തെരുവുനായ്ക്കൾ ഉണ്ടെന്നാണ് ശരാശരി കണക്ക്. നായ്ക്കൾ രാവിലെ പ്രഭാതസവാരിക്ക് ഇറങ്ങുന്നവരേയും കുട്ടികളേയുമാണ് കൂടുതൽ ആക്രമിക്കുന്നത്. മാസത്തിൽ 400 ലേറെ പേർക്ക് നഗരപ്രദേശങ്ങളിൽനിന്ന് മാത്രം കടിയേൽക്കുന്നുണ്ട്. തിരുവനന്തപുരം, കൊച്ചി പോലുള്ള സിറ്റികളിൽ നിന്നുള്ള കണക്ക് മാത്രമാണിത്. കടിയേറ്റാൽ സർക്കാർ ആശുപത്രികളിൽ വാക്‌സിൻ ലഭ്യമല്ല. മാസങ്ങൾക്കു മുമ്പു മദ്രസയിൽനിന്ന് വീട്ടിലേക്ക് നടന്നു വരുന്ന ബാലികക്ക് കടിയേറ്റിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് കുത്തിവെപ്പും പരിപൂർണ ചികിത്സയിട്ടും നടത്തിയിട്ടും ആ കുട്ടി പേവിഷബാധയേറ്റ് മരിച്ചു.

കുത്തിവച്ചാലും മരുന്നു ഫലിക്കാത്ത നിരവധി സംഭവങ്ങളുണ്ട്. നഗരപ്രദേശങ്ങളിൽ വച്ച് ശാന്തമായി വരുന്ന നായയാണ് പെട്ടെന്ന് ആളുകളെ കടിച്ച് ഓടി മറയുന്നത്. അപകടകാരികളായ നായകളെ മുൻകൂട്ടി കണ്ടെത്താൻ പെട്ടെന്നു വഴികളില്ല. അത് നായയുടെ അപ്പോഴത്തെ സ്വഭാവം പൊലീരിക്കും. നായ്ക്കളിൽ അധികവും പേവിഷ രോഗവാഹകരാണെന്നതാണ് പഠനങ്ങൾ കാണിക്കുന്നത്. വന്ധ്യംകരണം നടത്തണമെങ്കിൽ തന്നെ നായയ്ക്ക് പേവിഷബാധയില്ലെന്ന് ആദ്യം കണ്ടെത്തേണ്ടി വരും. ഡി.ജിപിയുടെ സർക്കുലർ വാഹന പരിശോധനയുൾപ്പടെ മറ്റു പല നല്ല കാര്യത്തിനും വന്നിട്ടുണ്ടെങ്കിലും പുല്ലുവില കൽപ്പിച്ച പൊലിസ,് നായവിഷയത്തിൽ ജാഗരൂകരായി എന്നതും ശ്രദ്ധേയമാണ്.