ലണ്ടൻ: ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വേഗ രാജാവായ ഉസൈൻ ബോൾട്ടിനെ പരാജയത്തിലേക്കു നയിച്ചത് ട്രാക്കിലേക്ക് പൂർണനഗ്നനായി ഇറങ്ങി പ്രതിഷേധിച്ച ആളോ?

മത്സരം തുടങ്ങുന്നതിന് ഇടയ്ക്ക് ബാരിക്കേഡുകൾ തകർത്ത് ട്രാക്കിന് കുറുകെ നഗ്നനായി ഒരാൾ ഓടിയത് വേഗരാജാവിന്റെ ശ്രദ്ധതിരിച്ചെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.

മറ്റാരുടെയും കണ്ണിൽപ്പെടാതിരുന്ന ഈ ദൃശ്യം ട്രാക്കിനു സമീപം ഉണ്ടായിരുന്ന മാർട്ടിൻ ലെവിസ് എന്നയാളാണ് ക്യാമറയിൽ പകർത്തിയത്.

ഈ ചിത്രങ്ങൾ ലെവിസ് തന്നെ അദ്ദേഹത്തിന്റെ ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തിട്ടുണ്ട്. ട്രാക്കിലേക്ക് ഇറങ്ങിയ ആളെ സുരക്ഷാ ജീവനക്കാർ ഓടിച്ചിട്ട് പിടിക്കുന്ന ചിത്രം കോണോർ ഡെനിസ് എന്നയാൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

നഗ്നനായി പ്രതിഷേധം നടത്തിയ ആൾ ട്രാക്കിലേക്ക് ഇറങ്ങുമ്പോൾ വേഗ രാജാവായ ഉസൈൻ ബോൾട്ട് സ്വർണവേട്ടയ്ക്കുള്ള കുതിപ്പിന് തയ്യാറെടുക്കുകയായിരുന്നു. പക്ഷെ ആ മത്സരത്തിൽ ബോൾട്ട് മൂന്നാമതാണ് ഫിനിഷ്‌ചെയ്തത്. ജസ്റ്റിൻ ഗാറ്റ്‌ലിൻ ഒന്നാമതായും ക്രിസ്റ്റ്യൻ കോൾമാൻ രണ്ടാമതായും ഫിനിഷ് ചെയ്തു.