മേരിക്കൻ പ്രസിഡന്റ് ട്രംപിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നലെ രാജ്യത്തുടനീളം ' നോട്ട് മൈ പ്രസിഡന്റ് ഡേ' ആചരിച്ചു. ഇതോടനുബന്ധിച്ച് അയാൾ ഞങ്ങളുടെ പ്രസിഡന്റല്ലെന്നും അയാളെ ഇംപീച്ച് ചെയ്യണമെന്നുമാവശ്യപ്പെട്ട് അനേകം പേർ വിവിധ അമേരിക്കൻ നഗരങ്ങളിൽ പ്രകടനം നടത്തി. ട്രംപിനെതിരെ ആർപ്പുവിളികളും മുദ്രാവാക്യങ്ങളുമായി എത്തിയത് ആയിരക്കണക്കിന് പേരാണ്. മുൻ കൂട്ടി ആസൂത്രണം ചെയ്ത മാർച്ചുകൾ ന്യൂയോർക്ക്, ലോസ് ഏയ്ജൽസ്, വാഷിങ്ടൺ ഡിസി, ഷിക്കാഗോ, സാൾട്ട് ലേയ്ക്ക്, തുടങ്ങിയ നിരവധി നഗരങ്ങളിൽ അരങ്ങേറിയിരുന്നു. ലോസ് ഏയ്ജൽസിലെ ഇവന്റിൽ പതിനായിരക്കണക്കിന് പേരാണ് അണിനിരന്നിരിക്കുന്നത്. ന്യൂയോർക്ക് സിറ്റിയിൽ അരലക്ഷത്തോളം പേർ മാർച്ചിൽ അണി നിരന്നിരുന്നു.

രാജ്യമൊട്ടാകെ നടന്ന മാർച്ചുകളിൽ എത്ര പേർ അണിനിരന്നുവെന്നതിന്റെ കൃത്യമായ കണക്കുകൾ പുറത്ത് വന്നിട്ടില്ലെങ്കിലും മിക്കയിടങ്ങളിലും ശക്തമായ പ്രതിഷേധമായിരുന്നു അരങ്ങ് തകർത്തിരുന്നത്. മാർ-അ-ലോഗോവിലെ തന്റെ വീട്ടിൽ നിന്നും പാം ബീച്ചിലേക്ക് ട്രംപ് സഞ്ചരിച്ച വഴിയിലും പ്രതിഷേധം അരങ്ങേറിയിരുന്നു. ഇവിടെ വച്ചായിരുന്നു വാഷിങ്ടൺ ഡിസിയിലേക്ക് അദ്ദേഹം എയർഫോഴ്സ് വിമാനതത്തിൽ കയറിയിരുന്നത്. തങ്ങളുടെ പ്രതിഷേധത്തിന് എൻവൈപിഡിയുടെ പിന്തുണയുണ്ടെന്നാണ് സംഘാടകർ അവകാശപ്പെട്ടിരുന്നത്. എന്നാൽ ഏതൊരാൾക്കും ഈ പ്രതിഷേധത്തിൽ സമാധാനപരമായി പങ്കെടുക്കാമെന്നും സംഘാടകർ അറിയിച്ചിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് ശേഷം നടന്ന പ്രതിഷേധ പ്രകടനങ്ങളെ തുടർന്ന് ആരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. പൊതുവെ മാർച്ചുകൾ സമാധാനപരമായിരുന്നുവെന്നാണ് റിപ്പോർട്ട്. ഡൊണാൾഡ് ട്രംപ് യഥാർത്ഥത്തിൽ അമേരിക്കയുടെ പ്രസിഡന്റാണെങ്കിലും അദ്ദേഹം ഇവിടുത്തെ മൂല്യങ്ങളെ ആക്രമിച്ചിരിക്കുകയാണെന്നും അതിനാൽ അദ്ദേഹം തങ്ങളുടെ താൽപര്യങ്ങളെ പ്രതിനിധീകരിക്കുന്ന ആളല്ലെന്നുമാണ് ഈ പ്രതിഷേധ മാർച്ച് ഫേസ്‌ബുക്കിലൂടെ പ്രഖ്യാപിക്കുന്നതിനിടെ സംഘാടകർ വിശദീകരിച്ചിരുന്നത്. അമേരിക്കയ്ക്ക് വിരുദ്ധമായി വൈറ്റ് ഹൗസ് സ്വീകരിച്ച് വരുന്ന നയങ്ങൾക്കെതിരായുള്ള പ്രതിഷേധമാണ് തങ്ങൾ രാജ്യമാകമാനം സംഘടിപ്പിക്കുന്നതെന്നും ഇവർ വ്യക്തമാക്കിയിരുന്നു.

ഇതിൽ ആദ്യം സംഘടിപ്പിച്ചിരുന്നത് ലോസ് ഏയ്ജൽസ് ഇവന്റായിരുന്നു. ഇസ്ലാമോഫോബിക്ക് ആയതും നീതിക്ക് നിരക്കാത്തതുമായ നയങ്ങളെ തുടർന്ന് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. ഡൗൺടൗൺ ചിക്കാഗായിൽ 1200 പേരാണ് മാർച്ചിനെത്തിയിരുന്നത്. ഷിക്കാഗോ നദി മുതൽ ട്രംപ് ഇന്റർനാഷണൽ ഹോട്ടൽ ടവർ വരെയായിരുന്നു അവർ ഒത്ത് കൂടിയിരുന്നത്. ' മൈ ബോഡി മൈ ചോയ്സ്' ' ജീസസ് വാസ് എ റെഫ്യൂജി' തുടങ്ങിയ പ്ലേക്കാർഡുകൾ ഇവിടുത്തെ പ്രതിഷേധക്കാർ ഉയർത്തിപ്പിടിച്ചിരുന്നു. ഇവിടെ 25 പ്രാദേശിക സംഗീതജ്ഞർ പ്രതിഷേധത്തിൽ പങ്കാളികളായിരുന്നു. ഇന്നലെ നടന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ നിരവധി സ്‌കൂളുകളിലെ കുട്ടികളെ അണിനിരത്താനും ചില രക്ഷിതാക്കൾ തയ്യാറായിരുന്നു. ഒറെഗോണിലെ പോർട്ട്ലാൻഡിലുള്ള പൊലീസ് പ്രതിഷേധക്കാരുമായി കലഹമുണ്ടായിരുന്നു. ഇന്നലെ ഇവിടെ നടന്ന പ്രതിഷേധത്തിന് ഇവർ മുൻകൂട്ടി അനുവാദം വാങ്ങാത്തതിനെ തുടർന്നായിരുന്നു ഇത്.