അലപ്പുഴ: തെരുവുനായയുടെ ശരീരത്തിൽ വെടിയുണ്ട കണ്ടെത്തിയ സംഭവത്തിൽ പൊലീസിൽ പരാതി നൽകി മൃഗസ്‌നേഹികളുടെ സംഘടനയായ വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ ആനിമൽ അഡ്‌വോക്കസി.കായംകുളം പത്തിയൂരിലാണ് തെരുവുനായയ്ക്ക് വെടിയേറ്റത്.സംഭവം ഇങ്ങനെ; കായംകുളം പത്തിയൂരിലാണ് അവശനിലയിൽ നായയെ കണ്ടത്. സമീപത്തെ ഒരുവീട്ടുകാർ എന്നും നായയ്ക്കു ഭക്ഷണം നൽകുമായിരുന്നു. രണ്ടുദിവസം കാണാതായപ്പോൾ സമീപത്തെല്ലാം അന്വേഷിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച നായ ഇവരുടെ വീടിനു മുൻപിൽവന്നു മോങ്ങാൻ തുടങ്ങി.

നായയ്ക്കു ഭക്ഷണവും നൽകുന്ന രണ്ടു യുവാക്കൾ മൃഗാശുപത്രിയിൽനിന്നു ഡോക്ടറെ വിളിച്ചുകൊണ്ടുവന്നു.അവശനിലയിലായ നായയെ എത്രയുംപെട്ടെന്ന് ആശുപത്രിയിലെത്തിക്കാൻ ഡോക്ടർ നിർദ്ദേശിച്ചു. തുടർന്ന് യുവാക്കൾ മൃഗസ്‌നേഹികളുടെ സംഘടനയായ വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ ആനിമൽ അഡ്‌വോക്കസിയുമായി ബന്ധപ്പെട്ടു. ഇവരെത്തി നായയെ കരുനാഗപള്ളിയിലെ സ്വകാര്യ മൃഗാശുപത്രിയിലെത്തിച്ചു. അവിടെ നടത്തിയ എക്‌സ്-റേ പരിശോധനയിലാണു ശരീരത്തിൽ മൂന്നു വെടിയുണ്ടകൾ കണ്ടത്.

വെടിയുണ്ട കയറി വയർവീർത്തു നീരുവന്ന് ആശുപത്രിയിൽ അത്യാസന്നനിലയിൽ ചികിത്സയിലാണു നായ. എയർഗൺ വെടിയുണ്ടകളാണെന്നാണു സംശയിക്കുന്നത്. പുറത്തെടുത്തിട്ടില്ല.ഇപ്പോഴത്തെ സാഹചര്യത്തിൽ ശസ്ത്രക്രിയ നടത്താനാകില്ല. ആരോഗ്യം മെച്ചപ്പെടുകയാണെങ്കിൽ ശസ്ത്രക്രിയ നടത്താനാണു ശ്രമം. നായ രക്ഷപ്പെടാൻ സാധ്യതകുറവാണെന്ന് ചികിത്സിക്കുന്ന കരുനാഗപ്പള്ളി വെറ്റ്‌സ് ആൻഡ് പെറ്റ്‌സ് ഫോർട്ട് ആശുപത്രി അധികൃതർ അറിയിച്ചു. ഒരു വെടിയുണ്ട ശ്വാസകോശം തുളച്ചുകയറി. മറ്റൊന്ന് ഹൃദയത്തോടുചേർന്ന ഭാഗത്തും ഒരെണ്ണം വാരിയെല്ലിന്റെ ഭാഗത്തുമാണ്.

അതേസമയം എങ്ങനെ വെടിയേറ്റുവെന്നു വ്യക്തമായിട്ടില്ല. പല ഊഹാപോഹങ്ങളും പരക്കുന്നുണ്ടെങ്കിലും ഒന്നിനും സ്ഥിരീകരണമില്ല. സമീപത്തു പക്ഷികളെയും മറ്റും വേട്ടയാടുന്ന സംഘങ്ങളുണ്ട്. ഇവർ ഉന്നം പരിശോധിക്കുന്നത് ഇത്തരം മൃഗങ്ങളിലാണെന്നു സൂചനയുണ്ട്.വെടിയുണ്ടകൾ കണ്ടെത്തിയതിന്റെ തെളിവുസഹിതം പൊലീസിൽ പരാതി നൽകുമെന്നു സംഘടന അറിയിച്ചു.