'കിലുക്കത്തിലെ' കിട്ടുണ്ണി ലോട്ടറി അടിക്കുന്നതിന് തൊട്ടുമുമ്പ് പറയുന്ന ഒരു ഡയലോഗുണ്ട്.'കെ കുറേ കണ്ടതാണെന്ന്'.അതാണ് പ്രശസ്ത ഛായാഗ്രാഹകൻ ഷാംദത്ത് സൈനുദ്ദീന്റെ ആദ്യ സംവിധാന സംരഭമായ സ്ട്രീറ്റ് ലൈറ്റ്‌സ് എന്ന മമ്മൂട്ടി ചിത്രം കണ്ടപ്പോൾ ആദ്യം തോന്നിയത്.ഇതൊക്കെ നാം എത്ര തവണ കണ്ടതാണ്.പഴയവീഞ്ഞിനെ, കുപ്പിമാത്രം പുതിയതാക്കി മാർക്കറ്റ് ചെയ്യാൻ ഇറങ്ങിയിരിക്കയാണ് മമ്മൂട്ടിയും കൂട്ടരും.അതുകൊണ്ടുതന്നെ വീണ്ടുമൊരു മമ്മൂട്ടി ചിത്രംകൂടി ബോക്‌സോഫീസ് ദുരന്തമായി.കൈ്‌ളമാക്‌സിലൊക്കെ ജനം കൂക്കുകയാണ്.ചിത്രം ഏത് രീതിയിൽ പോവും എങ്ങനെ അവസാനിക്കുമെന്നൊക്കെ, അവിദഗ്ധനായ ഒരു കാക്കാലനുപോലും പ്രവചിക്കാൻ കഴിയുന്ന അവസ്ഥ.മറ്റ് ഭാഷാ ചിത്രങ്ങളുടെ മുന്നേറ്റം കാണുമ്പോൾ ലജ്ജാകരമായ പ്രതിഭാരിദ്രമാണിത്.

ഏറ്റവും രസകരം മമ്മൂട്ടിയുടെതന്നെ സ്വന്തം കമ്പനിയായ പ്‌ളേഹൗസിന്റെ പടമാണ് ഇതെന്നതാണ്.സ്വതവേ തന്നെ സൂപ്പർ താര ചിത്രങ്ങളിൽ ക്‌ളാപ്പടിക്കുന്നവനെ തൊട്ട്, നായികയെവരെ തീരുമാനിക്കുന്നത് താരങ്ങൾ തന്നെയാണ്.അതുകൊണ്ടുതന്നെ ഈ പടം പ്രേക്ഷകർക്ക് പിടിക്കാത്തതിന്റെ പ്രധാനകാരണം പുതുമുഖ സംവിധായകനല്ല.മമ്മൂട്ടിയെന്ന ഇത്രയും അനുഭവ സമ്പത്തുള്ള ചലച്ചിത്ര കുലപതി തന്നെയാണ്.പ്രിയപ്പെട്ട മമ്മൂക്ക, ഇന്നത്തെ കാലത്ത് അവതരണത്തിലും പ്രമേയത്തിലും എന്തെങ്കിലും പുതുമകൾ ഉണ്ടെങ്കിലേ ജനം ചിത്രം ഏറ്റടുക്കുവെന്ന് ആരെങ്കിലും താങ്കളോട് പറഞ്ഞുതരണോ. അങ്ങ് കൂളിങ്ങ്ഗ്‌ളാസ്വെച്ച് ചുള്ളനായി ആഡംബരവാഹനങ്ങളിൽ ഇറങ്ങിയാൽ മാത്രം പടം വിജയിക്കുന്ന കാലം കഴിഞ്ഞുവെന്ന് ഇനിയെങ്കിലും ഓർക്കുക.കട്ട ഫാൻസുകാർപോലും മാറിച്ചിന്തിക്കുന്ന കാലമാണിത്.

ആദ്യ ചിത്രമായിട്ടല്ലേയുള്ളൂ.സംവിധായകൻ ഷാംദത്തും പൂർണമായും നിരാശപ്പെടേണ്ട.കലാപരമായി നോക്കുമ്പോൾ മമ്മൂട്ടിയുടെ തന്നെ മാസ്റ്റർ പീസിനേക്കാൾ നല്ല ചിത്രമാണിത്.ചിത്രത്തിലെ പല സീനുകളുടെയും കമ്പോസിഷൻ സംവിധായകന്റെ പ്രതിഭ വെളിപ്പെടുത്തുന്നുണ്ട്.മികച്ച ഒരു കഥകിട്ടിയാൽ ഇയാൾ കയറിവരും.കഥയില്ലായ്മകൾ തന്നെയാണ് തെരുവിവിളക്കുകളെയും പവർകട്ടിലത്തെിച്ചത്.

ആവർത്തനം തനിയാവർത്തനം!

മോഷണവും കൊലപാതകവും ഗുണ്ടാവേട്ടയുമൊക്കൊയായി നാം എത്രയോ തവണ കേട്ട കുറ്റാന്വേഷണ കഥയെ,മൾട്ടി ലീനിയർ ന്യൂജൻ സ്റ്റോറിയാക്കി പുതിയ കുപ്പിയിലാക്കാനുള്ള ശ്രമം തിരക്കഥാകൃത്ത് ഫവാസ് മുഹമ്മദ് നടത്തിയിട്ടുണ്ട്.ഒരു ബംഗ്‌ളാവിലെ വജ്രമാലാ മോഷണം, ഒരു ബ്യൂട്ടിപാർലർ നടത്തിപ്പുകാരന്റെ പ്രേമം,ഒരു ബാലന്റെ അതിജീവനം എന്നിങ്ങനെ മൂന്ന് വ്യത്യസ്തമായ കഥ പറഞ്ഞ് തുടങ്ങുമ്പോഴേ പ്രേക്ഷകരിലെ കിട്ടുണ്ണി ഇതെത്ര കണ്ടതാണെന്ന് പറയുന്നു.ഈ മൂന്നുകഥകളും ഒരു ബിന്ദുവിൽ സന്ധിക്കുമെന്ന് ആർക്കാണ് അറിയാത്തത്.ഇങ്ങനെ ഗിമ്മിക്ക് കാട്ടുന്നതിലും നല്ലത് നേരെചൊവ്വെ കഥപറയുന്നതായിരുന്നു.

ഇനി പുതുമായർന്ന കഥയൊന്നുമല്ല ഇത്.ഫഹദ് ഫാസിൽ നായകനായ മണിരത്‌നം, മമ്മൂട്ടിയുടെ രഞ്ജിത്ത് ചിത്രം പുത്തൻപണം,ജയസൂര്യയുടെ ലാൽ ബഹാദൂർ ശാസ്ത്രി തുടങ്ങിയവയുമായി നല്ല സാമ്യമുണ്ട് ഈ തെരുവുവിളക്കുകൾക്കും.അതിസമ്പന്നനായ ഒരു ജൂവലറി ഉടമയുടെ ( സിനിമയിൽ ജോയ് മാത്യു) വീട്ടിൽ നടക്കുന്ന ഒരു വജ്രമോഷണത്തോടെയാണ് ചിത്രം തുടങ്ങുന്നത്.അഞ്ചുകോടി രുപ വിലമതിക്കുന്ന മാലയായിരുന്നിട്ട് കൂടി കള്ളപ്പണമായതിനാൽ അയാൾക്ക് അത് പൊലീസിൽ രേഖാമൂലം പരാതിപ്പെടാൻ ആവുന്നില്ല. അതിനാൽ സ്വന്തം മരുമകനും ക്രൈംബ്രാഞ്ചിലെ ഉന്നത ഉദ്യോഗസ്ഥനുമായ ജെയിംസിനെ (മമ്മൂട്ടി) മാല കണ്ടത്തെിത്തരാൻ അയാൾ ചുമതലപ്പെടുത്തുകയാണ്.മോഷണം നടന്ന അന്ന് പുലർച്ചെമുതൽ പിറ്റേന്ന് പുലർച്ചെവരെയുള്ള സംഭവങ്ങളാണ് ചിത്രം പറയുന്നത്.അല്ല ന്യൂജൻ സിനിമകൾ അങ്ങനെയാവണമല്ലോ?

പതിവുപോലെ കള്ളന്മാരുടെ കൈയിൽനിന്ന് മാല വഴുതിപ്പോവുന്നു.അത് കണ്ടത്തൊനുള്ള തസ്‌ക്കര വീരന്മാരുടെ ശ്രമവും പ്രതിയെ തേടിയുള്ള പൊലീസുകാരുടെ അനൗദ്യോഗിക അന്വേഷണവുമാണ് ഈ പടം.നായകൻ സൂപ്പർസ്റ്റാൻ ആയതുകൊണ്ട് അവസാനം എന്ത് സംഭവിച്ചുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

വീണ്ടും സൂപ്പർസ്റ്റാർ സിൻഡ്രോം

എന്തൊക്കെ കുഴപ്പങ്ങൾ ഉണ്ടായിരുന്നെങ്കിലും മലയാളത്തിലെ നവതരംഗ സിനിമകൾ ഉണ്ടാക്കിയ ഒരു നേട്ടമെന്ന് പറയുന്നത് സിനിമക്ക് മുകളിലല്ല താരങ്ങൾ എന്ന ധാരണയാണ്.ഇവിടെ സംവിധായകന് ആ ന്യൂജൻ ഫോർമാറ്റ് പിന്തുടരുകയും വേണം,എന്നാൽ മമ്മൂട്ടിയുടെ താരപ്രഭാവത്തെ പൊലിപ്പിക്കയും വേണം.ഇങ്ങനെ ചെയ്തതുകൊണ്ടാണ് ബർണാഡ്ഷാ ഫലിതംപോലത്തെ ചിത്രമായി ഇതുമാറിയത്.കൃത്യമായി എല്ലാ മസാലകളും ചേർത്ത ഒരു ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ആക്കിയാൽ ചിത്രം ഫാൻസിനെങ്കിലും പിടിക്കുമായിരുന്നു.ഇപ്പോഴിത് മാസ്ത്രില്ലറുമായില്ല, മികച്ച ചിത്രവുമായില്ല. ആകെ പാതിവെന്ത അവസ്ഥ.

ചിത്രത്തിന്റെ ആദ്യപകുതിയിലെ ചില ഭാഗങ്ങൾ കാണുമ്പോൾ താരത്തിനല്ല സിനിമക്കാണ് ഇവിടെ പ്രാധാന്യമെന്ന് നമുക്ക് തോന്നും. പ്രതീക്ഷയുണർത്തുന്ന രീതിയിൽ ഈ ഭാഗങ്ങൾ ചിത്രീകരിക്കാൻ സംവിധായകന് ആയിട്ടുണ്ട്. പക്ഷേ ഇടവേളയടുക്കട്ടെ അതാ സൂപ്പർസ്റ്റാർ സിൻഡ്രോം വരുന്നു. മരണമാസായി താരം തോക്കെടുക്കുന്നു.കുറ്റംമാത്രം പറയരുത്, രാജാധിരാജയെയും മാസ്റ്റർപീസിനെയും പോലെ മമ്മൂട്ടി ഗുണ്ടാത്തൊഴിലാളികളെ അടിച്ച് പറപ്പിച്ച് കളയുന്നില്ല. ഒരു മയത്തിലാണ് തല്ല്.ഗുണ്ടാത്തൊഴിലാളികളുടെയും, അകമ്പടി വാഹനങ്ങളുടെയും, കത്തി വടിവാൾ ഹോക്കിസ്റ്റിക്ക് തുടങ്ങിയ ടൂൾസിന്റെയും എണ്ണം ഗണ്യമായി കുറച്ചിട്ടുണ്ട്.വെടിയുണ്ട സ്ലോമോഷനിൽ പോവുന്ന രംഗം ഒഴിച്ചാൽ ഇത്തരം ചിത്രങ്ങളിൽ പതിവുള്ള മുട്ടിനുമുട്ടിനുള്ള സ്ലോമോഷനും കുറിച്ചിട്ടുണ്ട്.അത്രയും ആശ്വാസം.

കൈ്‌ളമാക്‌സിൽ പോയിന്റ്ബ്‌ളാങ്കിൽ കിട്ടിയ വില്ലനെ വെടിവെക്കാതെ,തോക്ക് ചാരിവെച്ച് അടിച്ചിടുന്ന രംഗവും പഴയ ജയൻ-ബാലൻ.കെ നായർ കാലത്തെയാണ് ഓർമ്മിപ്പിച്ചത്.വില്ലനെ തല്ലിച്ചതച്ച്, അയാൾ ചെയ്ത പാതകങ്ങൾ എണ്ണിപ്പറഞ്ഞ് കൊല്ലുന്ന എം.എൻ നമ്പ്യാർ വില്ലനായ അന്തകാലം മുതൽക്കുള്ള രീതിയുടെ ഭയാനകമായ ന്യൂജൻ വേർഷൻ!

പൊളിറ്റിക്കലായി വിലയിരുത്തിയാലും ഒട്ടും കറക്ടല്ല ഈ പടം.അമിതമായ പൊലീസിങ്ങിനെയും ഏറ്റുമുട്ടൽ കൊലകളെപ്പോലും ന്യായീകരിക്കുന്ന പല രംഗങ്ങളും ചിത്രത്തിൽ കാണാം.ഭരണകൂടവും പൊതുസമൂഹവുമല്ല പൊലീസാണ് സർവ്വശക്തൻ.യൂണിഫോം ഇട്ടാലും ഇട്ടില്‌ളെങ്കിലും പൊലീസ് പൊലീസ് തന്നെയാണെന്ന് ചിത്രം വ്യക്തമായി പറയുന്നു.ഡ്യൂട്ടിയിൽ അല്‌ളെങ്കിലും പൊലീസുകാരന് തോക്കെടുക്കാം.ഏത് കേസ് അന്വേഷിക്കാം.ആരെയും അകത്തിടാം! ഈ വെള്ളരിക്കാപ്പട്ടണ -അരാഷ്ട്രീയ ആശയങ്ങളുടെ പൂക്കാലമാണിതെന്ന് തോനുന്നു. തമിഴ്‌നാട്ടിൽ തിരുട്ടുഗ്രാമങ്ങൾ തൊട്ടുള്ളവ യാഥാർഥ്യമായതുകൊണ്ട് സെമി റേഷ്യൽ എന്ന് തോന്നുന്ന ചില രംഗങ്ങളെ സാധൂകരിക്കാം.

ആശ്വാസമായത് സൗബിൻ ഷാഹിറും ലിജിമോളും

കഥാപാത്രങ്ങളുടെ പ്രകടനം വെച്ചുനോക്കുമ്പോൾ ആശ്വാസമായത് സൗബിൻ ഷാഹിർ-ലിജിമോൾ ടീമിന്റെ പ്രസരിപ്പാർന്ന പ്രകടമാണ്.'മഹേഷിന്റെ പ്രതികാരത്തിലെ' ഏതാണ്ട് അതേ രസതന്ത്രം ഇവിടെയും നന്നായി വർക്കൗട്ടായിട്ടുണ്ട്.ഇവരുടെ പ്രണയവും നർമ്മവും ഇടകലർത്തിയ ചില ഭംഗിയാർന്ന സീനുകൾ ഇല്ലായിരുന്നെങ്കിൽ തെരുവുവിളക്കുകളിൽ പൂർണ അന്ധകാരം ആവുമായിരുന്നു.ധർമ്മജൻ-ഹരീഷ് പെരുമണ്ണ ടീമിന്റെ കോമഡിക്ക് പലപ്പോളും മിമിക്രി സ്‌കിറ്റിന്റെ നിലവാരമാണ്.ചില വിറ്റുകളെല്ലാം സൂപ്പർ ചളിയുമാണ്.തങ്ങൾ എന്ത് പ്രോകിത്തരവും കാട്ടിയാൽ ജനം ചിരിക്കുമെന്നത് അമിതമായ ആത്മവിശ്വാസമാണെന്ന്, ഇപ്പോൾ മലയാള സിനിമയിൽ മുൻനിരയിലേക്ക് കയറിക്കൊണ്ടരിക്കുന്ന ഈ നടന്മാർ ഓർക്കണം.മലയാള സിനിമയിലെ സ്ഥിരം കള്ളൻ വേഷക്കാരാണ് ഇവർ.അൽപ്പം മാറ്റിപ്പിടിച്ചില്‌ളെങ്കിൽ ജനം പെട്ടെന്ന് മടുക്കും.

മമ്മൂട്ടിയെ സംബന്ധിച്ച് അഞ്ചൂറ്റിയൊന്ന് തവണ ക്ഷീരബലയായ ടിപ്പിക്കൽ പൊലീസ് ഓഫീസർ വേഷമാണിത്.പക്ഷേ വ്യത്യസ്തയില്‌ളെന്ന് പറയരുത്.യൂണിഫോം ധരിക്കുന്നില്‌ളെന്നത് മഹാ വെറൈറ്റിയല്ലേ! കൂളിങ്ങ് ഗ്‌ളാസുകൊണ്ടുള്ള ഫാഷൻ പരേഡിന് ഇത്തവണയും മാറ്റമില്ല.( ഈ മനുഷ്യന് കൂളിങ്ങ് ഗ്‌ളാസിൽ ആരോ കൈവിഷം കൊടുത്തിട്ടുണ്ട്) ഇനിയും ഖനനം ചെയ്തിട്ടില്ലാത്ത ഭാവാഭിനയങ്ങൾ ബാക്കിവെച്ച അഭിനയ സാഗരമായ മമ്മൂട്ടിയിലെ നടന് വെല്ലുവിളിയാവുന്ന ഒറ്റരംഗംപോലും ചിത്രത്തിലില്ല.പക്ഷേ ഉള്ളത് മമ്മുക്ക മോശമാക്കിയിട്ടില്ല.67വയസ്സുള്ള വയോധികനാണ് ഇദ്ദേഹമെന്ന് ഒരിക്കലും തോന്നാത്ത രീതിയിൽ എൻർജി പാക്കഡ് ആണ് ഫൈറ്റുസീനുകളും മറ്റും. സ്റ്റണ്ട് സിൽവയുടെ വില്ലൻ കഥാപാത്രം മുരുകൻ ഉഗ്രനായിട്ടിട്ടുണ്ട.പ്രധാന കഥാപാത്രങ്ങളിലൊന്നായ മണിയെന്ന ബാലനെ അവതരിപ്പിച്ച ബാലതാരം ആദിഷ് പ്രവീണും ഭാവിയുള്ളവനാണ്.

വാൽക്കഷ്ണം: കലാപരമായി നോക്കുമ്പോൾ മമ്മൂട്ടിയുടെ തന്നെ മാസ്റ്റർ പീസിനേക്കാൾ നല്ല ചിത്രമാണിതെന്ന് പറഞ്ഞുവല്ലോ.പക്ഷേ മാസ്റ്റർ പീസിന് തുള്ളിയ ഫാൻസുകാരെയൊന്നും സ്ട്രീറ്റ് ലൈറ്റ്‌സിന് കാണാൻ കഴിയുന്നില്ല.മമ്മൂട്ടിയുടെ മാസ് എന്റർടെയിനറല്ല ഈ പടം എന്ന് അണിയറ പ്രവർത്തകൾ പ്രഖ്യാപിച്ചതാവണം കാരണം.സമാധാനപരമായി ടിക്കറ്റെടുത്ത് രണ്ടാം ദിനംതന്നെ ഒരു താരചിത്രം കാണാനായി എന്ന ഗുണവും അതുകൊണ്ടുണ്ട്.