ക്യൂൻസ് ലാൻഡ്: ജീവിത സമ്മർദം താങ്ങാൻ പറ്റാതെ ക്യൂൻസ് ലാൻഡിലെ അമ്മമാർ അറിയാതെ മയക്കു മരുന്നിന് അടിമകളായിത്തീരുന്നതായി പുതിയ റിപ്പോർട്ട്. നിത്യജീവിതത്തിലുണ്ടാകുന്ന പലവിധ സമ്മർദങ്ങളേയും അതിജീവിക്കുന്നതിനായി വേദനാസംഹാരികളിൽ തുടങ്ങുന്ന ശീലം മെല്ലെ മെല്ലെ മയക്കു മരുന്ന് ഉപയോഗത്തിലേക്കു നീങ്ങിയാണ് ഇതിന് അടിമകളായിത്തീരുന്നതെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

നാല്പത്തഞ്ചു വയസിനു താഴെയുള്ള അമ്മമാരാണ് ഇത്തരത്തിൽ ജീവിത സമ്മർദങ്ങളിൽ നിന്ന് ഒളിച്ചോടുവാൻ മയക്കു മരുന്നിനെ ആശ്രയിക്കുന്നവർ. അനുദിനം codeine-ibuprofen ടാബ്ലറ്റുകൾ കണക്കറ്റെ കഴിക്കുന്നവരാണ് പിന്നീട് മയക്കു മരുന്നിൽ അഭയം തേടുന്നത്. തുടക്കത്തിൽ പൊതുവേ നിരുപദ്രവകാരികളായി ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നവർ പിന്നീട് methadone പോലെയുള്ള അപകടകാരികളായ ഡ്രഗ്ഗുകളെ കൂട്ടുപിടിക്കുകയാണ് ചെയ്യുന്നത്.

നാല്പത്തഞ്ചു വയസിൽ താഴെയുള്ള സ്ത്രീകളാണ് മിക്കവാറും ഇത്തരത്തിൽ ജീവിത സമ്മർദം താങ്ങാനാവാതെ മയക്കുമരുന്നിനെ ആശ്രയിച്ചു തുടങ്ങുന്നതെന്ന് ബ്രിസ്‌ബേൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അഡിക്ഷൻ സ്‌പെഷ്യലിസ്റ്റ് ഡോ. ക്രിസ്റ്റിയൻ റോവൻ പറയുന്നത്. ഈ പ്രായത്തിലുള്ളവർ വിവാഹമോചനം, സാമ്പത്തിക പ്രശ്‌നങ്ങൾ, പോസ്റ്റ് നേറ്റൽ ഡിപ്രഷൻ, കുടുംബപ്രശ്‌നങ്ങൾ എന്നിവ കൂടുതലായും നേരിടേണ്ടി വരുന്നുണ്ട്. ഈ പ്രശ്‌നങ്ങൾ മൂലം ഉണ്ടാകുന്ന തലവേദന അല്ലെങ്കിൽ ആർത്തവസംബന്ധമായ വേദന തുടങ്ങിയവയ്ക്ക് വേദനാ സംഹാരികൾ ഉപയോഗിച്ചു തുടങ്ങുകയാണ് പതിവ്. പിന്നീട് ഇവയുടെ ഡോസ് വർധിക്കുകയും പതുക്കെ കഴിക്കുന്ന മരുന്നിന്റെ സ്വഭാവം മാറ്റുകയുമാണ് പതിവ്. 2013-ൽ നടത്തിയ പഠനത്തിൽ കൊഡേയ്ൻ അഡിക്ഷനു ചികിത്സ തേടുന്ന ഓസ്‌ട്രേലിയക്കാരുടെ എണ്ണം ഒരു വർഷത്തിൽ ആയിരത്തിൽ കവിഞ്ഞുവെന്നാണ് തെളിയിക്കുന്നത്.

ഇത്തരം വേദനാ സംഹാരികളുടെ അമിത ഉപയോഗം മൂലം പിന്നീട് ആരോഗ്യപ്രശ്‌നങ്ങൾ കണ്ടു തുടങ്ങുമ്പോഴാണ് ദിവസേന അവർ കഴിച്ചിരുന്ന ഗുളികകളുടെ എണ്ണത്തെക്കുറിച്ചു പോലും ബോധവതികളാകുന്നത്. ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന നെഞ്ചെരിച്ചിൽ, വൃക്കകളുടെ തകരാർ തുടങ്ങിയ രോഗം വേദനാ സംഹാരികളുടെ അമിത ഉപയോഗം മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളാണെന്ന് ഡോ. റോവൻ അഭിപ്രായപ്പെടുന്നു.