തിരുവനന്തപുരം: വന്ധ്യംകരണത്തിനായി പിടികൂടിയ നായ്ക്കളോട് നഗരസഭയുടെ ക്രൂരത. കൃത്യമായി ഭക്ഷണംപോലും നൽകാതെ മാസങ്ങളായി കൂട്ടത്തോടെ പൂട്ടിയിട്ടിരിക്കുകയാണ് . വണ്ടിത്തടം ഗവ. മൃഗാശുപത്രി പരിസരത്തെ കൂടുകൾക്കുള്ളിലാണ് നൂറിലേറെ നായ്ക്കൾ അനങ്ങാൻ പോലുമാകാതെ തിങ്ങിനിറഞ്ഞ് ക്രൂരത അനുഭവിക്കുന്നത്.

തെരുവുനായ്ക്കളുടെ വന്ധ്യംകരണപദ്ധതിയുടെ പേരിൽ പ്രജനന നിയന്ത്രണ ചട്ടങ്ങൾ (എബിസി) ലംഘിച്ചുകൊണ്ടാണ് ഈ കാടത്തം. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും പിടികൂടിയ തെരുവ് നായ്ക്കളെയാണ് ഇവിടെ എത്തിച്ചിരിക്കുന്നത്. പിടികൂടിയാൽ അഞ്ച് ദിവസത്തിനകം വന്ധ്യംകരണം നടത്തി ഇവയെ സ്വതന്ത്രമാക്കണമെന്നാണ് ചട്ടം. എന്നാൽ നായ്ക്കളെ ഇവിടെ എത്തിച്ചിട്ട് മാസങ്ങളായി.

നിർദ്ദേശിക്കപ്പെട്ടിട്ടുള്ള അളവിലെ കൂടുകളിലല്ല ഇവയെ ഇട്ടിരിക്കുന്നതെന്നാണ് പ്രധാന ആക്ഷേപം. ചെറിയ കൂടുകളിൽ ഇവയെ കൂട്ടത്തോടെ പൂട്ടിയിട്ടിരിക്കുകയാണ്. കൂട്ടിനുള്ളിൽ ഇവയ്ക്ക് കൃത്യമായി കിടക്കാനോ തിരിയാനോ പോലും കഴിയാത്തത്ര ഇടുങ്ങിയതാണ് കൂടുകൾ. ഓരോ കൂട്ടിലും എല്ലാ നായ്ക്കൾക്കും ഒരേസമയം കിടക്കാനുള്ള വീതി പോലും കൂടുകൾക്കില്ല.

നായ്ക്കളോടുള്ള ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിവിധ സംഘടനകളും മൃഗസ്നേഹികളും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇവയ്ക്ക് കൃത്യസമയത്ത് ആഹാരമോ വെള്ളമോ ലഭിക്കുന്നില്ലെന്നും ഇവർ പരാതിപ്പെടുന്നു. വൃത്തിയില്ലാതെ, നായ്ക്കൾക്ക് അസുഖം ഉണ്ടാകാവുന്ന ചുറ്റുപാടുകളിലാണ് കൂടുകൾ സ്ഥാപിച്ചിരിക്കുന്നതെന്നും ദൃശ്യങ്ങളിൽ വ്യക്തമാണ്.

പാലൂട്ടുന്ന നായ്ക്കളെ പിടിക്കാൻ പാടില്ല, പിടികൂടുന്നവയെ കരുണയോടെ കൈകാര്യം ചെയ്യുക, ആരോഗ്യമില്ലാത്തവയുടെ ശസ്ത്രക്രീയ ഒഴിവാക്കുക, ഒരാഴ്‌ച്ചയിലധികം തടഞ്ഞുവച്ചിരിക്കുന്ന നായ്ക്കളുടെ വിവരം പൊതുപോർട്ടലിൽ പ്രസിദ്ധപ്പെടുത്തുക തുടങ്ങിയ നിയമാവലികളൊന്നും പാലിക്കപ്പെടുന്നില്ലെന്നും ഇവർ പരാതിപ്പെടുന്നു.

ഒരു പ്രദേശത്തെ മുഴുവൻ തെരുവുനായ്ക്കളേയും പിടികൂടിയ ശേഷമേ അടുത്ത സ്ഥലം തെരഞ്ഞെടുക്കാവു എന്നാണ് ചട്ടം. എന്നാൽ എണ്ണം തികയ്ക്കാനായി പലയിടങ്ങളിൽ നിന്നായാണ് നായ്ക്കളെ പിടികൂടിയതെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. വന്ധ്യംകരണത്തിന് ശേഷം പിടികൂടിയ അതേ സ്ഥലത്ത് തന്നെ ഇവയെ തുറന്നുവിടണമെന്നും വ്യവസ്ഥയുണ്ട്. എന്നാൽ പലയിടങ്ങളിൽ നിന്നും ഒരേസമയം പിടികൂടുന്നതിനാൽ കൃത്യമായി എവിടെ നിന്നാണ് ഓരോന്നിനേയും പിടികൂടിയതെന്ന് അറിയാത്ത അവസ്ഥയാണ്.

മൃഗക്ഷേമത്തിനായി പ്രവർത്തിക്കുന്ന പൗരന്മാരും സംഘടനകളും ഉൾപ്പെടുന്ന എബിസി മോണിറ്ററിങ് കമ്മിറ്റി നിയമാവലിക്കനുസൃതമായി കാര്യങ്ങൾ ചെയ്യണമെന്നതാണ് ഉയരുന്ന ആവശ്യം. തെരുവ് നായ്ക്കളോടുള്ള നഗരസഭയുടെ ക്രൂരതയ്ക്കെതിരെ മൃഗസ്നേഹികളും സംഘടനകളും കോർപ്പറേഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു.