തിരുവനന്തപുരം : സെക്രട്ടേറിയേറ്റിൽ പൊതുജനങ്ങളുടെ പ്രവേശനത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി സർക്കാർ . സെക്രട്ടേറിയേറ്റിലും അനക്‌സ് 1, അനക്‌സ് 2 എന്നിവിടങ്ങിലും അക്‌സസ് കൺട്രോൾ സിസ്റ്റം സ്ഥാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പൊതുജനങ്ങളുടെ സന്ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നത്.

അക്‌സസ് കൺട്രോൾ സിസ്റ്റം വരുന്നതോടു കൂടി സന്ദർശകർക്ക് സെക്രട്ടേറിയേറ്റിൽ പ്രവേശിക്കാൻ സന്ദർശക റൂമിൽ നിന്ന് ഐ.ഡി കാർഡ് നൽകും. എവിടെയാണ് പോകേണ്ടതെന്നും ആഗമനോദ്ദേശ്യവും സന്ദർശക റൂമിലെ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തും. തുടർന്ന് സന്ദർശകന്റെ ഫോട്ടോയെടുത്തതിനുശേഷം ഐ.ഡി കാർഡ് നൽകും. കാർഡ് അക്‌സസ് കൺട്രോൾ സിസ്റ്റത്തിൽ സ്വൈപ് ചെയ്യതിനുശേഷം, കാർഡ് കഴുത്തിലണിഞ്ഞ് സന്ദർശകർക്ക് സെക്രട്ടേറിയേറ്റിൽ കയറാനാകും.

നിശ്ചിത സമയം മാത്രമേ സന്ദർശനത്തിന് അനുവദിക്കു. ഒരു ദിവസം പ്രവേശിക്കുന്നതിനുള്ള സന്ദർശകരുടെ എണ്ണം നിജപ്പെടുത്തും. എത്ര സന്ദർശകരെ ഒരു ദിവസം സെക്രട്ടേറിയേറ്റിൽ പ്രവേശിക്കാൻ അനുമതി നൽകാം എന്ന കാര്യം ചീഫ് സെക്രട്ടറി തീരുമാനിക്കും. നിലവിൽ വൈകുന്നേരം 3 മണി മുതൽ 5 മണി വരെയാണ് പൊതുജനങ്ങളെ സെക്രട്ടേറിയേറ്റിൽ കയറാൻ അനുവദിക്കുന്നത്. സെക്രട്ടേറിയേറ്റിലെ 4 സന്ദർശക റൂമിൽ നിന്ന് പാസ് വാങ്ങിയാണ് പൊതുജനങ്ങൾ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പരാതികൾ സമർപ്പിക്കാനും തങ്ങളുടെ പരാതികളിൽ മേൽ എടുത്ത നടപടി അന്വേഷിച്ച് സെക്രട്ടേറിയേറ്റിലെ വിവിധ വകുപ്പുകളിലും എത്തുന്നത്.

കാസർഗോഡ് മുതൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് ആയിര കണക്കിന് പേരാണ് പല തരം അപേക്ഷകളുമായി സെക്രട്ടേറിയേറ്റിൽ എത്തുന്നത്. 3 മണിവരെ കാത്തിരുന്ന ശേഷം ലഭിക്കുന്ന പാസുമായി സെക്രട്ടേറിയേറ്റിൽ പ്രവേശിച്ചാൽ ഒഴിഞ്ഞ കസേരകളാകും ഇവരെ ആദ്യം സ്വീകരിക്കുന്നത്. സെക്രട്ടേറിയേറ്റ് കോംപൗണ്ടിനകത്തെ കാന്റിനിലും കോഫി ഹൗസിലും ചായ കുടിക്കാൻ ജീവനക്കാർ പോകുന്ന സമയം ആയതു കൊണ്ട് പലരും കസേരയിൽ കാണില്ല. ചായ കുടി കഴിഞ്ഞ് തിരിച്ചെത്തുന്ന ജീവനക്കാരനെ കണ്ട് വന്ന കാര്യം തിരക്കി സന്ദർശകർ മടങ്ങി പോകുമ്പോൾ 5 മണിയെങ്കിലും കഴിഞ്ഞിരിക്കും.

വന്ന കാര്യം നടക്കാതെ വരുന്ന പലരും സെക്രട്ടേറിയേറ്റ് പരിസരത്തെവിടെയെങ്കിലും തങ്ങി പിറ്റേദിവസം വീണ്ടും ഈ സർക്കസ് തുടരുകയാണ് പതിവ്. മുൻ കാലങ്ങളിൽ മന്ത്രിമാർ 4 ദിവസം നിർബന്ധമായും സെക്രട്ടേറിയേറ്റിലെ ഓഫിസിലെത്തുമായിരുന്നു. ഇപ്പോൾ കാബിനറ്റ് ഉള്ള ദിവസം അല്ലങ്കിൽ പരമാവധി രണ്ട് ദിവസം മാത്രമേ മന്ത്രിമാർ സെക്രട്ടേറിയേറ്റിലെ ഓഫിസിലെത്തുകയുള്ളു. മുഖ്യമന്ത്രിയെ കണ്ട് പരാതി സമർപ്പിക്കണമെന്ന ആഗ്രഹം പലർക്കുമുണ്ടെങ്കിലും ഒരിക്കലും അത് നടക്കാറില്ല.

മുഖ്യമന്ത്രിയുടെ ഓഫിസിനു പുറത്ത് വച്ച് തന്നെ ഡ്യൂട്ടിയിലുള്ളവർ പരാതി സ്വീകരിച്ച് സന്ദർശകരെ മടക്കുകയാണ് പതിവ്. ഓഫിസിലെത്തുന്ന പൊതു ജനങ്ങളുടെ കയ്യിൽ നിന്ന് നേരിട്ട് പരാതി സ്വീകരിക്കുന്ന പതിവ് മുഖ്യമന്ത്രി പിണറായി വിജയനും ഇല്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയെ മാതൃകയാക്കുകയാണ് മിക്ക മന്ത്രിമാരും. പിണറായിക്ക് മുമ്പുള്ള മുഖ്യമന്ത്രിമാരുടെ കാലത്ത് സന്ദർശകർക്ക് പ്രവേശനത്തിന് നിശ്ചിത സമയം നിഷ്‌കർഷിച്ചിരുന്നില്ല.

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയാൽ ആൾക്കൂട്ടം ചുറ്റിലും ഉണ്ടാകുമായിരുന്നു. പൊതു ജനങ്ങളിൽ നിന്ന് നിശ്ചിത അകലം പാലിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. അക്‌സസ് കൺട്രോൾ സിസ്റ്റം വരുന്നതോടു കൂടി നിലവിലെ രീതികൾ പൂർണമായും മാറുന്നതോടെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിലാവുന്നത് പൊതുജനങ്ങളാണ്. സെക്രട്ടേറിയേറ്റിൽ സന്ദർശക നിയന്ത്രണം ഏർപ്പെടുത്തിയാൽ കാര്യം സാധിക്കാൻ പാർട്ടി ഓഫിസുകളെ ജനങ്ങൾക്ക് സമീപിക്കേണ്ടി വരും. എല്ലാം പാർട്ടിയുടെ നിയന്ത്രണത്തിലാക്കാനാണ് സർക്കാരിന്റെ ഉദ്ദേശ്യം എന്ന ആക്ഷേപം ഉയരുന്നത് ഈ പശ്ചാത്തലത്തിലാണ്.

കെൽട്രോൺ ആണ് സെക്രട്ടേറിയേറ്റിൽ അക്‌സസ് കൺട്രോൾ സിസ്റ്റം സ്ഥാപിക്കുന്നത്. 4 കോടിയോളം രൂപയാണ് അക്‌സസ് കൺട്രോൾ സിസ്റ്റത്തിന്റെ ചെലവ്. ജനങ്ങൾക്കു വേണ്ടിയാണ് ഭരണ സംവിധാനത്തിൽ നൂതന പരിഷ്‌കാരങ്ങൾ ഉണ്ടാവേണ്ടത്. ജനങ്ങളെ അകറ്റി നിർത്താൻ കോടികൾ ചെലവഴിച്ചുള്ള പരിഷ്‌കാരങ്ങളാണ് സെക്രട്ടേറിയേറ്റിൽ നടപ്പാക്കാൻ പിണറായി ശ്രമിക്കുന്നത്. ജനാധിപത്യത്തിന്റെ ശോഭ കെടുത്തുന്ന ജനാധിപത്യ വിരുദ്ധ സമീപനങ്ങൾ തുടരുന്ന രീതിയാണ് തുടർ ഭരണത്തിൽ സംസ്ഥാനമെമ്പാടും പിണറായി സ്വീകരിക്കുന്നത്. ജനങ്ങളുടെ ദാസൻ ആണ് മുഖ്യമന്ത്രിയെന്ന് പിണറായി മറന്നു പോകുമ്പോൾ നഷ്ടപ്പെടുന്നത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്.