തിരുവനന്തപുരം: സവർണ സംവരണത്തിനെതിരെ ജനപക്ഷതാക്കീതും പ്രേക്ഷാഭ പോരാട്ടങ്ങൾക്കുള്ള പ്രഖ്യാപനവുമായി വെൽഫെയർ പാർട്ടി ഉപവാസ സമരം സമാപിച്ചു. 24 മണിക്കൂർ നീണ്ടു നിന്ന ഉപവാസസമരത്തിന്റെ സമാപനം കുറിച്ചുള്ള സമ്മേളനം വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സുബ്രമണി അറുമുഖം ഉദ്ഘാടനം ചെയ്തു. ജാതിവ്യവസ്ഥയെ അരക്കിട്ടുറപ്പിക്കുന്ന സവർണ സംവരണവുമായി മുന്നോട്ടുപോകാനുള്ള സർക്കാർ നീക്കത്തിനെതിരെ നിയമപരമായും രാഷ്ട്രീയമായും ശക്തമായ പ്രക്ഷോഭം ആളിപ്പടരുമെന്ന് സുബ്രമണ്യം അറുമുഖം പറഞ്ഞു. ജനങ്ങളോട് വിവേകത്തോടെ സർക്കാർ പെരുമാറണം. ചരിത്രപരമായ വിവേചനത്തിന് വിധേയരായവർക്കാണ് സംവരണത്തിലൂടെ പ്രാതിനിധ്യം ഉറപ്പാക്കുന്നത്. ജാതി മേധാവിത്വത്തിന്റെ ബാലൻസ് തകരാതെ സംരക്ഷിക്കാനാണ് ഇടതു സർക്കാർ ശ്രമിക്കുന്നത്. സംഘ്പരിവാർ നിലപാടണിത്. ജാതിമേധാവിത്വത്തിന്റെ കടുത്ത പ്രഹരങ്ങളെ അതിജീവിച്ച് നിവർന്ന് നിൽക്കാൻ തുടങ്ങിയ പിന്നാക്ക വിഭാഗങ്ങളെ ചവിട്ടിയൊതുക്കലാണ് ഇപ്പോൾ മുന്നോക്ക സംവരണത്തിലൂടെ സംഭവിച്ചിരിക്കുന്നത്. സവർണ സംവരണവുമായി മുന്നോട്ടുപോകാനാണ് സർക്കാർ തീരുമാനമെങ്കിൽ വരുന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും കേരളം ഇടതുമുന്നണിക്കെതിരെ വിധിയെഴുതുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നവോത്ഥാന പോരാട്ടത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്ന സിപിഎം നവോത്ഥാന പ്രവർത്തനങ്ങളെ റദ്ദ് ചെയ്യും വിധത്തിൽ നാടിനെ ജാതി വ്യവസ്ഥയുടെ ഇരുട്ടിലേക്ക് കൂട്ടികൊണ്ട് പോകുന്നതിന്റെ കാർമ്മികത്വമാണ് നിർവഹിക്കുന്നതെന്ന് ഉപവാസ സമരത്തിന്റെ നായകനും വെൽഫെയർ പാർട്ടി സംസ്ഥാന അധ്യക്ഷനുമായ ഹമീദ് വാണിയമ്പലം പറഞ്ഞു. സാമൂഹ്യ നീതിയല്ല, സാമാന്യ നീതി പോലും നിഷേധിച്ചാണ് സിപിഎം മുന്നോട്ട് പോകുന്നത്. നീതി നിഷേധത്തെ വ്യവസ്ഥാപിത സംവിധാനമാക്കി സവർണ സംവരണത്തെ ആഘോഷപൂർവം കൊണ്ടാടുകയാണ് സിപിഎം. ദേവസ്വം ബോർഡിലെ ഉദ്യോഗങ്ങളിൽ 97 ശതമാനവും കൈയടക്കിയ മുന്നോക്ക വിഭാഗങ്ങൾക്കാണ് 10 ശതമാനം സംവരണം കൂടി അനുവദിച്ച് ഇടതുസർക്കാർ നരേന്ദ്ര മോദിക്കും അമിത്ഷായ്ക്കും ചെക്ക് പറഞ്ഞത്. ഏത് നീതിബോധത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു സംവരണമെന്നത് ഇടതുപക്ഷം വിശദീകരിക്കണം. ഫാഷിസ കാലത്ത് സംഘ്പരിവാർ പ്രത്യയശാസ്ത്രത്തിന് മുന്നിൽ പകച്ച് നിൽക്കുകയാണ് ഇടതുസർക്കാർ. കെ.എ.എസിൽ ശക്തമായ പ്രക്ഷോഭത്തിന് മുന്നിൽ തിരുത്തേണ്ടി വന്ന സംസ്ഥാന സർക്കാറിന് ഇതിലും തിരുത്തേണ്ടി വരിക തന്നെ ചെയ്യും. സമാപിച്ചത് ഉപവാസ സമരം മാത്രമാണ്. സവർണ സംരണത്തിനെതിരെ കേരളമാകെ ആളിപ്പടരാൻ പോകുന്ന ശക്തമായ പ്രേക്ഷാഭമാണ് തുടങ്ങുന്നതെന്നും സർക്കാർ കാട്ടുന്ന കാപട്യത്തെ ജനസമക്ഷം തുറന്ന് കാണിക്കുക തന്നെ ചെയ്യുമെന്നും ഹമീദ് വാണിയമ്പലം കൂട്ടിച്ചേർത്തു. സെക്രട്ടറിയേറ്റ് മുന്നിലെ സമരപ്പന്തലിൽ സുബ്രമണി അറുമുഖം, ഹമീദ് വാണിയമ്പലത്തിന് നാരങ്ങാ നീര് നൽകിയാണ് ഉപവാസ സമരം അവസാനിപ്പിച്ചത്.

നവംബർ നാല് രാവിലെ 11 മണിക്ക് ആരംഭിച്ച ഉപവാസ സമരത്തിന് സമാപന ദിവസം സി.എംപി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി ജോൺ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ് തുടങ്ങിയ രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ സമരപ്പന്തൽ സന്ദർശിച്ച് അഭിവാദ്യങ്ങൾ അർപ്പിച്ചു. വെൽഫെയർ പാർട്ടി നേതാക്കളായ ടി. മുഹമ്മദ് വേളം, ഗണേശ് വടേരി, ഉഷാകുമാരി, കെ.കെ റഹീന, അഡ്വ. അനിൽകുമാർ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നേതാക്കളായ ഷംസീർ ഇബ്രാഹിം, കെ.എസ് നിസാർ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ. എ ഷഫീഖ് മുഖ്യപ്രഭാഷണം നിർവഹിച്ച സമാപന സമ്മേളനത്തിൽ തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് എൻ.എം അൻസാരി അധ്യക്ഷത വഹിച്ചു.