- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൂലിവേലക്കാരനും ഓട്ടോറിക്ഷ-ടാക്‌സി-ബസ് ഡ്രൈവർമാരും അടങ്ങുന്ന താഴ്ന്ന വരുമാനക്കാർ മുദ്രാവാക്യം വിളിക്കും; സർക്കാർ ജീവനക്കാരന് ശമ്പളം ഉറപ്പിക്കുാൻ ഉത്തരവുകൾ ഇറങ്ങും; വഞ്ചിക്കപ്പെടുന്നത് കൂലിയില്ലാത്ത സമരം നടത്തുന്ന അടിസ്ഥാന വർഗ തൊഴിലാളികൾ; ഇത് സമരാഭാസം
തിരുവനന്തപുരം : സർക്കാർ ചെലവിൽ ഒരു സംസ്ഥാനത്തെ ജനങ്ങളെ മുഴുവൻ ബന്ദികളാക്കുന്ന കിരാത നടപടിയാണ് ഇന്നലെ അർദ്ധ രാത്രി മുതൽ ആരംഭിച്ചിരിക്കുന്നത്. ഭരണഘടന ഉറപ്പു നൽകുന്ന സഞ്ചാര സ്വാതന്ത്ര്യം 48 മണിക്കൂർ നേരത്തേക്ക് നിഷേധിച്ചിട്ടും സർക്കാർ കൈയും കെട്ടി നോക്കി നിൽക്കയാണ്.
സമരത്തിൽ സാധാരണ ചുമട്ട് തൊഴിലാളികൾ, മോട്ടോർ വാഹന തൊഴിലാളികൾ, കൂലി വേലക്കാർ തുടങ്ങി നാട്ടിലെ സകലമാന തൊഴിലാളികളും പങ്കെടുക്കുന്നു. അവർക്ക് രണ്ട് ദിവസം കൂലിയില്ലാ സമരം - എന്നാൽ അവധിയെടുത്ത് പണിമുടക്കുന്ന സർക്കാർ, അർധ സർക്കാർ, ബാങ്കിങ് മേഖലകളിലെ രാജ്യസ്‌നേഹികൾക്ക് അവധിയോടെ അടിച്ചു പൊളിക്കാം. ഇവരുടെ സുഖവാസത്തിന് കീ ജയ് വിളിക്കുന്ന അടിസ്ഥാന വർഗക്കാരന് രണ്ട് ദിവസം സർക്കാർ ചെലവിൽ പട്ടിണി. ഇതാണ് വർഗ ബഹുജന സംഘടനകൾ വിഭാവനം ചെയ്യുന്ന സമത്വ സുന്ദര കേരളം .
സമരത്തിന്റെ മറവിൽ ബന്ദ് നടത്തുമ്പോൾ സർക്കാർ ജീവനക്കാരന് ഒന്നും നഷ്ടപ്പെടുന്നില്ല. വഞ്ചിക്കപ്പെടുന്നത് കൂലിവേലക്കാരനും ഓട്ടോറിക്ഷ - ടാക്‌സി - ബസ് തുടങ്ങിയ താഴ്ന്ന വരുമാനക്കാരനും. സർക്കാർ ജീവനക്കാരൻ പണിമുടക്കിയാൽ അവന് ഒരു ചുക്കും സംഭവിക്കുന്നില്ല എന്ന് ഉറപ്പിക്കുന്ന നാല് സർക്കാർ ഉത്തരവുകൾ ഇതാ.
13.06.2006 ലെ പണിമുടക്ക് ശമ്പളത്തോടുകൂടിയ അവധിയായി GO (P)
199/2006/GAD dt. 8.7.2006 ഉത്തരവിൻപ്രകാരം എൽ.ഡി.എഫ്. സർക്കാർ, ജീവനക്കാരുടെ ശമ്പളം അഡ്ജസ്റ്റ് ചെയ്തുകൊടുത്തു.
17.12.2006 ലെ പണിമുടക്ക് GO (P)
385/2004/GAD 29.12.2006 ലൂടെയും 21.07.2008-ലെ പണിമുടക്ക് GO (P)
300/2008/GAD dtd. 4.09.2008 ലൂടെയും
20.08.2008 ലെ പണിമുടക്ക് GO (P)
386/2006/GAD dt. 16.12.2008 ലൂടെയും ശമ്പളത്തോടുകൂടിയ പണിമുടക്കാക്കി കൊടുത്തു.
അടുത്ത നാളിൽസമരം ചെയ്ത സർക്കാർ ജീവനക്കാരുടെ സമര ദിവസത്തെ ശമ്പളം റദ്ദാക്കിയ ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധിക്കെതിരേ പിണറായി സർക്കാർതന്നെ സുപ്രീംകോടതിയെ സമീപിച്ചതും പ്രബുദ്ധ മലയാളികൾ കണ്ടു കഴിഞ്ഞു. ഇന്ത്യാ മഹാരാജ്യത്ത് ഈ അഖിലേന്ത്യാ പണിമുടക്ക് നടക്കുന്നത് കേരളത്തിൽ അല്ലാതെ മറ്റൊരിടത്തുമില്ല. 34 കൊല്ലം സമരവും ഭരണവും ഒരുമിച്ചു നടത്തിയ ബംഗാളിലും ത്രിപുരയിലും മഷിയിട്ട് നോക്കിയാ പോലും ഇടത് പക്ഷവും ചുവപ് കൊടിയും കാണാനില്ല. ഇക്കൂട്ടരെ കണ്ടാൽ ജനം അടിച്ചോടിക്കും. അതിന്റെ കലിപ്പ് തീർക്കുന്നത് കേരളത്തിലെ ജനങ്ങളുടെ മേലാണ്.
48 മണിക്കൂർ ബന്ദുനടത്താൻ കാരണങ്ങൾ കണ്ടെത്തുന്ന തൊഴിലാളി യൂണിയനുകളെ അടുത്ത കാലത്ത് കേരളത്തിൽ ആരംഭിച്ച കെഎസ്ആർടിസി സ്വിഫ്റ്റ് കമ്പനി എന്ന സ്ഥാപനത്തിന്റെ സ്ഥിതി ഒന്ന് പരിശോധിക്കുക. കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിലാളികൾ പണിയെടുത്തിരുന്ന പൊതുമേഖല സ്ഥാപനമാണ് കെ എസ് ആർ ടി സി. 2016 ൽ 6400 ബസുകൾ, 48000 തൊഴിലാളികൾ. ഇന്ന് 3700 ബസുകൾ 26000 തൊഴിലാളികൾ.
അടുത്ത നാളിൽ നടന്ന ശമ്പള പരിഷ്‌കരണത്തിനു മുന്പ് കെഎസ്ആർടിസിയിലെ കോൺഗ്രസ്/ സിപിഎം/ ബിജെപി അനുഭാവ അംഗീകൃത സംഘടനാ നേതാക്കളുമായുള്ള ചർച്ചയിൽ അന്നത്തെ ശമ്പള ത്തിന് കെഎസ്ആർടിസിയിൽ തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കാനാവില്ലെന്നും അന്നത്തേതിന്റെ പകുതി ശമ്പളത്തിൽ പണിയെടുപ്പിക്കാനും നിലവിലെ അധ്വാനഭാരം വർധിപ്പിക്കാനും എൽഡിഎഫ് സർക്കാർ പുതിയ സ്വകാര്യ ഗതാഗത കമ്പിനി ആരംഭിക്കും എന്ന് സി.എം.ഡി. ബിജു പ്രഭാകരൻ വ്യക്തമാക്കിയിരുന്നു.
ഒരു സ്ഥിരം തൊഴിലാളിക്ക് പ്രതിദിനം എട്ടു മണിക്കൂറിന് 950 രൂപ ശന്പളം കൊടുത്തുകൊണ്ടിരുന്ന കാലത്ത് ഏകദേശം 15000 എംപാനൽ ജീവനക്കാർ കഴിഞ്ഞ 10 വർഷമായി 450 രൂപായ്ക്ക് പണിയെടുത്തിരുന്നു കെഎസ്ആർടിസിയിൽ. ഇവരുടെ ശമ്പളം സ്ഥിരം ജീവനക്കാരുടേതിനു തുല്യമാക്കണമെന്നു നിർദ്ദേശിച്ചപ്പോൾ ചുവരുണ്ടെങ്കിലേ ചിത്രം വരക്കാനാവൂ എന്നായിരുന്നു ചുവപ്പുനേതാവിന്റെ പ്രതികരണം. കുറഞ്ഞ ശമ്പളത്തിൽ എം പാനൽകാർ പണിയെടുത്താലെ കൂടിയ ശന്പളം വാങ്ങുന്ന സ്ഥിരം ജീവനക്കാരനു ശമ്പളം കിട്ടൂ എന്നുസാരം.
ഇമ്മാതിരി തൊഴിലാളി പ്രേമമാണിവിടെ വെച്ചു നടത്തുന്നത്. പാവപ്പെട്ട കൃഷിക്കാരന് അവന്റെ അധ്വാനത്തിന് ഒരു വിലയും കൂലിയും ഇല്ലാത്ത അവസ്ഥയാണിവിടെ. സർക്കാർ ജീവനക്കാരന് കൃത്യമായി ശമ്പളം കൊടുക്കാൻ വേണ്ടി കടം മേടിച്ചു കൂട്ടുന്ന സംസ്ഥാനത്താണീ സമരാഭാസം!
മുഖ്യധാരാ രാഷ്ട്രീയത്തിൽ കീരിയും പാമ്പും പോലെ കഴിയുന്ന ബിജെപിക്കും കോൺഗ്രസിനും സിപിഎമ്മിനും 48 മണിക്കൂർ പൊതുപണിമുടക്കിൽ തൊഴിലാളി സംഘടനകളുടെ മറവിൽ ഒന്നിക്കാൻ ഒരു മടിയുമില്ല. അത് മൊത്തം ജനസംഖ്യയുടെ 20% ത്തിൽ താഴെയുള്ളവർക്കുവേണ്ടി. എന്നാൽ ഇവർ എന്തുകൊണ്ട് ദരിദ്രരുടെയും കർഷകരുടെയും താൽപ്പര്യങ്ങൾക്കുവേണ്ടി ഇവർ ഒരിക്കലും ഒന്നിക്കാറില്ല, ഒന്നും ചെയ്യാറുമില്ല.
48 മണിക്കൂർ കഴിഞ്ഞാ എല്ലാം നേടിയെന്ന മട്ടിലുള്ള നേതാക്കളുടെ ബഡായികൾ കേൾക്കാം. രണ്ട് ദിവസം മൂന്നരക്കോടി ജനങ്ങളെ പൂട്ടിയിട്ട ഈ കൊള്ള സംഘത്തെ വീണ്ടും വീണ്ടും താലോലിക്കുന്ന കപട രാഷ്ടീയ നേതൃത്വത്തെയാണ് ജനം സംഘടിതമായി നേരിടേണ്ടത്.വ്യവസായ സ്ഥാപനങ്ങൾ പൂട്ടിയിടാനും, പണിയെടുക്കാൻ വരുന്നവനെ പണിയെടുക്കാൻ അനുവദിക്കാത്ത സർക്കാർ നേതൃത്വമാണ് നിക്ഷേപം നടത്താൻ സ്വദേശി - വിദേശ സംരഭകരെ ക്ഷണിക്കുന്നത്. ഈ ആഭാസത്തിനെ കാപട്യമെന്നല്ലാതെ മറ്റെന്ത് വിളിക്കണം