തിരുവനന്തപുരം: വ്യത്യസ്തമായ സമരവുമായി സെക്രട്ടറിയേറ്റ് നടക്കൽ ദമ്പതികൾ. മലമൂത്ര വിസർജനത്തിനു പണം പിരിക്കുന്നത് നിർത്തലാക്കണം. യൂണിവേഴ്സിറ്റി ജീവനക്കാരനായ ജയപ്രകാശും ഭാര്യ ശ്രീകലയുമായിരുന്നു വ്യത്യസ്തമായ സമരത്തിനെത്തിയത്. കഴിഞ്ഞ മുപ്പത് വർഷങ്ങളായി ഇവർ ഈ ആവശ്യം ഉന്നയിച്ച് സമരം നടത്തിവരുകയാണ്. പൊതുസ്ഥലങ്ങളില മലമൂത്ര വിസർജ്ജനത്തിനു ഈടാക്കുന്ന പണപ്പിരിവ് നിർത്തലാക്കുക എന്നതാണ് ഈ ദമ്പതികളുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് വർഷങ്ങളായി ഇവർ സമരം നടത്തുകയും ചെയ്യുന്നു. ശുചിത്വമുള്ള ശൗചാലയവും, ശുചിത്വമുള്ള കുടിവെള്ളവും സൗജന്യമാക്കണം എന്നതാണ് ഇവരുടെ പ്രധാന ആവശ്യം അഞ്ചു വർഷം ഇതേ ആവശ്യം ഉന്നയിച്ച് നൂറിലധികം എംഎൽഎ മാരുടെ വീട് സന്ദർശിച്ച് ഒപ്പു ശേഖരണം നടത്തിയിരുന്നു. എംഎൽഎ മാരും മന്ത്രിമാരും നിവേദനത്തിൽ ഒപ്പുവെച്ചെങ്കിലും ഫലമൊന്നുമുണ്ടായില്ലെന്നു ജയപ്രകാശ് പറയുന്നു.

സ്വന്തം പഞ്ചായത്തായ പാരിപ്പള്ളി കല്ലുവാതുക്കൽ പഞ്ചായത്തിൽ തന്റെ സമരത്തിന്റെ ഫലമായി ഒരു പൊതു ശൗചാലയം വന്നു എന്നത് മാത്രമാണ് ഇതുവരെ നടത്തിയ സമരങ്ങളുടെ ആകെ ഗുണം. എന്നാൽ എല്ലായിടത്തും ഇത്തരം പൊതു ശൗചാലയങ്ങൾ അനിവാര്യമാണെന്നാണ് ജയപ്രകാശ് പറയുന്നത്. ഈ ആവശ്യമുന്നയിച്ച് ജയപ്രകാശും ഭാര്യയും മുട്ടാത്ത വാതിലുകളില്ല. ഒരു രാഷ്ട്രീയ നേതാക്കളും തന്റെ ആവശ്യത്തിന് അർഹമായ പിന്തുണ നൽകിയിട്ടില്ലെന്ന പരാതി ജയപ്രകാശിനുണ്ട്. എന്നാൽ ഇനിയും ഈ സമരം ഇങ്ങനെ കൊണ്ടുപോകാൻ ജയപ്രകാശ് ഉദ്ദേശിച്ചിട്ടില്ല. സർക്കാരിന്റെ അടുത്ത ബഡ്ജറ്റിൽ തന്റെ ആവശ്യം പരിഗണിച്ചില്ലെങ്കിൽ സമരത്തിന്റെ രൂപം മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ജയപ്രകാശ്. തന്റെ ആവശ്യം പരിഗണിച്ചില്ലെങ്കിൽ സെക്രട്ടറിയേറ്റിനു മുന്നിൽ മരണപ്പെടുമെന്നാണ് ജയപ്രകാശ് പറയുന്നത്.

ദാരിദ്ര്യത്തിൽ ജീവിക്കുന്ന ഈ കുടുംബം പൊതുജനങ്ങൾക്കായി, അവരുടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് സമരത്തിൽ ഏർപ്പെട്ടിരിക്കുന്നത്. വെള്ളം കുടിക്കാൻപോലും പൈസയില്ലാത്തവർ ആ പൈസ കൊടുത്ത് മലമൂത്ര വിസർജനനം നടത്തേണ്ടി വരുന്നതാണ് അവസ്ഥ. കേരളം വെളിയിട വിസർജ്യ വിമുക്ത സംസ്ഥാനമാമെന്നു സർക്കാർ പറയുമ്പോഴും ഇവിടെ ശുചിത്വമുള്ള ഒരു പൊതു ശൗചാലയമില്ലെന്നാണ് ജയപ്രകാശ് പറയുന്നത്. ഒരു പഞ്ചായത്തിൽ ഒരു പൊതു ശൗചാലയം ഉണ്ടായിരിക്കണം, എല്ലാ ബസ് സ്റ്റോപ്പുകളിലും ഒരു ശൗചാലയം ഉണ്ടായിരിക്കണം. ഇതൊക്കെയാണ് ജയപ്രകാശിന്റെ ആവശ്യം.

കേന്ദ്ര സർക്കാർ ശൗചാലയത്തിനായി കോടികൾ മുടക്കുമ്പോളാണ് ഇവിടെ ശുചിത്വമുള്ള ഒരു സൗജന്യ ശൗചാലയത്തിനായി കുടുംബം സമരത്തിനൊരുങ്ങുന്നത്. സൗജന്യ മലമൂത്ര വിസർജനം നടപ്പിലാക്കിയില്ലെങ്കിൽ ജനുവരി 30 നു താൻ സെക്രട്ടറിയേറ്റിനു മുന്നിൽ മരിക്കുമെന്നാണ്.ജയപ്രകാശ് പറയുന്നത്.

അടിസ്ഥാന സൗകര്യത്തെ ഒരുക്കി കൊടുത്താൽ താൻ കേരളത്തിലെ മുഴുവൻ ശൗചാലയങ്ങളും ശുചീകരിക്കാൻ തയ്യാറാണെന്നും ജയപ്രകാശ് പറയുന്നു. സർക്കാർ വിചാരിച്ചാൽ നടക്കുന്ന നിസാര കാര്യമാണ് ഇതെന്നും സർക്കാർ വിചാരിക്കില്ലെന്നും ജയപ്രകാശ് പറയുന്നു. സ്ത്രീകളടക്കമുള്ളവർ യാത്രകൾ പോകുമ്പോൾ ഒരുപാട് ബുദ്ധിമുട്ടുകൾ ഇതിന്റെ പേരിൽ അനുഭവിക്കുന്നുണ്ടെന്നും ഭാര്യ ശ്രീകലയും പറയുന്നു. വി എം സുധീരനെ കണ്ടു നിവേദനം നൽകിയെങ്കിലും സമരത്തിന് പിന്തുണയുമായി ഒരു ജനപ്രതിനിധികളും തന്നെ കാണാൻ വന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എംഎം മണി അടക്കമുള്ള മന്ത്രിമാർ പിന്തുണ പ്രഖ്യാപിച്ചിരുന്നു. നൂറിലധികം എംഎൽഎ മാരുടെ ഒപ്പു ശേഖരിച്ചു കൊണ്ട് ഇനി മുഖ്യ മന്ത്രിയെ കാണാനുള്ള ഒരുക്കത്തിലാണിവർ.