തൃശൂർ: ജനങ്ങൾക്ക് പ്രിയങ്കരനായ ഒരു ഡോക്ടറെ ഒരു സുപ്രഭാതത്തിൽ സ്ഥലംമാറ്റിയതിനെതിരെ പ്രതിഷേധ സമരവുമായി നാട്ടുകാർ. ചാലക്കുടിയിലാണ് ഈ പ്രതിഷേധ സമരം നടക്കുന്നത്. നാട്ടിലെ ജനപ്രിയനായ ഡോക്ടറെ സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് കുത്തിയിരിപ്പു സമരമായി എത്തിയിരിക്കുകയാണ് നാട്ടുകാർ. ചാലക്കുടി താലൂക്ക് ആശുപത്രിയിലാണ് വ്യത്യസ്തമായ സമരം അരങ്ങേറുന്നത്.

ആറ് വർഷമായി ഇവിടെ ജോലി ചെയ്യുന്ന രാജേഷ് തങ്കപ്പൻ എന്ന ഡോക്ടറെ സ്ഥലംമാറ്റിയതിലാണ് പ്രതിഷേധം. ഡോക്ടർക്ക് പ്രൊമോഷനോടു കൂടിയാണ് സ്ഥലംമാറ്റം നൽകിയിട്ടുള്ളതെങ്കിലും അദ്ദേഹത്തിന് യോജിച്ച തസ്തിക ചാലക്കുടിയിൽ തന്നെ സൃഷ്ടിച്ച് അവിടെ തന്നെ നിലനിർത്തണമെന്നും ഇതിനായി എംഎൽഎ ഉൾപ്പെടെയുള്ളവർ ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. പ്രദേശത്തെ ഓട്ടോ ഡ്രൈവർമാരും, ചുമട്ടു തൊഴിലാളികളും, കൂലിപ്പണിക്കാരും, വീട്ടമ്മമാരുമെല്ലാം അടങ്ങുന്ന നിരവധി പേരാണ് സമരത്തിൽ അണിനിരക്കുന്നത്.

ഒപി സമയം കഴിഞ്ഞും ജോലി ചെയ്യുകയും പാവപ്പെട്ട രോഗികൾക്ക് അങ്ങോട്ട് പണവും മരുന്നും നൽകി സഹായിക്കുകയും സ്‌നേഹത്തോടെ പെരുമാറുകയും ചെയ്യുന്ന രാജേഷ് ഡോക്ടർ രോഗികൾക്കും ജനങ്ങൾക്കും ദൈവത്തെ പോലെയാണ്. കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് ബിരുദം നേടിയ രാജേഷ് തങ്കപ്പൻ ആറായിരത്തോളം ശസ്ത്രക്രിയകൾ ഇതിനോടകം പൂർത്തിയാക്കി കഴിഞ്ഞു.

തൃശ്ശൂർ ജില്ലാ ആശുപത്രിയിലേക്ക് പ്രമോഷൻ സഹിതമാണ് ഡോക്ടറെ സ്ഥലം മാറ്റുന്നതെങ്കിലും തങ്ങളുടെ പ്രിയപ്പെട്ട ഡോക്ടറെ വിട്ടുകൊടുക്കില്ലെന്ന വാശിയിലാണ് ചാലക്കുടിക്കാർ. രാജേഷ് സാറിന് മാറ്റം വേണ്ട എന്ന മുദ്രാവാക്യവുമായാണ് ഇവരിപ്പോൾ ആശുപത്രിക്ക് മുൻപിൽ പന്തൽ കെട്ടി സമരം നടത്തുന്നത്. രോഗികളുടേയും നാട്ടുകാരുടേയും കലർപ്പില്ലാത്ത ഈ സ്‌നേഹം കാണുമ്പോൾ താലൂക്ക് ആശുപത്രി വിട്ടു പോകാൻ തോന്നുന്നില്ലെന്നാണ് രാജേഷ് ഡോക്ടറും പറയുന്നത്.

സമരത്തിന് പിന്തുണയുമായി നിരവധിപേർ എത്തിയതോടെ സോഷ്യൽ മീഡിയയിലും വിവരം ചർച്ചയായി. ഇതൊരു ഇലക്ഷൻ പോസ്റ്ററല്ല...ഒരു മത്സരത്തിലും ജയിച്ചിട്ടുമല്ല...മറിച്ച് ,പാവപ്പെട്ടവന്റെ കണ്ണീരു കാണുന്ന,വേദനിക്കുന്നവന്റെ മനസ്സറിയുന്ന സർജനാണെന്ന് വ്യക്തമാക്കി, ജനങ്ങൾക്ക് ഡോക്ടറോടുള്ള സ്‌നേഹം ചൂണ്ടിക്കാട്ടി ചാലക്കുടി വാർത്തയെന്ന ഗ്രൂപ്പും എങ്ങനെയാണ് ഡോക്ടറെ ജനങ്ങൾ ഇത്രയും ഇഷ്ടപ്പെടുന്നതെന്ന് വ്യക്തമാക്കുന്നു.

നൂറു കണക്കിന് രോഗികൾ നിത്യവും ഈ കൈപ്പുണ്ണ്യമുള്ള ഡോക്ടറെ തേടിയെത്താറുണ്ട്. കഴിഞ്ഞ ഒൻപതു മാസം കൊണ്ട് ആയിരത്തിലധികം സർജറികൾ നടത്തി ചരിത്രം തിരുത്തിയത് സ്വന്തം നേട്ടങ്ങൾക്കായല്ല. മറിച്ച് തന്നെ തേടിയെത്തുന്ന അശരണരായ രോഗികൾക്ക് സാന്ത്വനമേകാൻ ഇദ്ദേഹം കാണിച്ച ആത്മാർതഥ ഒന്നുകൊണ്ടു മാത്രമായിരുന്നു.
നമുക്കറിയാം, ചില രോഗികൾക്ക് ഡോക്ടറെ ഒന്നു കണ്ടാൽ മതി രോഗം പമ്പ കടക്കും, മറ്റു ചിലർക്ക് ഡോക്ടർ ഒന്നു തൊട്ടാൽ മതി അസുഖം ഭേദമാകും, ഇതാണ് രോഗി മന:ശാസ്ത്രം, ചാലക്കുടി സർക്കാർ ആശുപത്‌റിയിൽ ഇദ്ദേഹത്തിന്റെ ചികിത്സയിൽ നാൽപ്പതിൽപരം രോഗികൾ ഇപ്പോൾ അഡ്‌മിറ്റ് ആണ്. ഇവർ ഇനി എങ്ങോട്ടു പോകും? - പോസ്റ്റിൽ ചോദിക്കുന്നു.

ജനങ്ങൾ തിരഞ്ഞെടുക്കുന്ന ഒരു സർക്കാർ പോലെ, ജനങ്ങൾ നെഞ്ചിലേറ്റിയ ഒരു ഡോക്ടർ, രാജേഷ് കെ തങ്കപ്പനെ പോലെയുള്ള ജനകീയനായ ഡോക്ടറെ ഇവിടെ തന്നെ തിരിച്ചു കിട്ടുവാനുള്ള ഒരു ജനകീയ സമരം ആണ് നടക്കുന്നതെന്ന് വ്യക്തമാക്കിയാണ് പോസ്റ്റ്. പാവപ്പെട്ടവന്റെ കഴുത്തിലല്ല ഈ ഡോക്ടർ കത്തി വച്ചത് എന്നു തെളിയിക്കുന്നതിനുള്ള മുറവിളികളാണ് ഇവിടെ നിന്നും ഉയരുന്നത്.

ഇതു ഞാൻ എഴുതാൻ തുടങ്ങുമ്പോൾ എനിക്കൊരു കാൾ വന്നു കരഞ്ഞുകൊണ്ട് ഒരാൾ, ഞാനെന്നും അമ്പലത്തിൽ കണ്ടു മുട്ടുന്ന ലോട്ടറി വിൽക്കുന്ന എന്റെ സുഹൃത്തായ കൃഷ്ണൻ, എന്നോട് പറഞ്ഞതിങ്ങനെ...ചേട്ടാ ആ രാജേഷ് ഡോക്ടറില്ലേ ആളെ ഇവിടെ നിന്നും മാറ്റി ചേട്ടാ,എന്തെങ്കിലും ചെയ്യൂ ചേട്ടാ.. ഞാനവിടെ സമരപന്തൽ കെട്ടാൻ സഹായിച്ചിട്ടാണ് ചേട്ടാ വന്നത്. - ഇത്തരത്തിലുള്ള പ്രതികരണങ്ങളാണ് ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കൃഷ്ണന്റെ കഴുത്തിലൊരു മുഴ കീറി കൊടുത്തതിന്റെ സ്‌നേഹം മുഴുവൻ അവന്റെ വാക്കുകളിൽ ഉണ്ടായിരുന്നു. - പോസ്റ്റിൽ പറയുന്നു. ഡോക്ടറെ ചാലക്കുടിക്കു നഷ്ടപ്പെടാതിരിക്കാൻ ജനപ്രതിനിധികളടക്കം ഇടപെട്ട് ജനങ്ങളിൽ നിന്ന് ഒപ്പു ശേഖരണവും തുടങ്ങിയിട്ടുണ്ട്.