വിക്ടോറിയ: വിക്ടോറിയയുടെ മിക്ക ഭാഗങ്ങളിലും ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ പിടിച്ചുകുലുക്കുന്ന തരത്തിൽ മോശമായ കാലാവസ്ഥയായിരിക്കും അടുത്ത രണ്ടു ദിവസത്തേക്ക് ഉണ്ടാകുക. മണിക്കൂറിൽ 90 കിലോമീറ്റർ വേഗത്തിൽ ആഞ്ഞു വീശുന്ന കാറ്റാണ് വിക്ടോറിയയിൽ കനത്ത നാശം വിതയ്ക്കാൻ ഒരുങ്ങുന്നതെന്ന് ബ്യൂറോ ഓഫ് മെറ്റീരിയോളജി റിപ്പോർട്ട് വ്യക്തമാക്കുന്നു.  

സൗത്ത് വെസ്റ്റ്, സെൻട്രൽ മേഖലകളിലാണ് കാറ്റിന്റെ ആക്രമണം ഉണ്ടാകുന്നത്. വ്യാഴാഴ്ച ആരംഭിക്കുന്ന കാറ്റ് വെള്ളിയാഴ്ചയും തുടരും. കനത്ത തോതിൽ നാശനഷ്ടം ഇതുമൂലം പ്രതീക്ഷിക്കുന്നുണ്ട്. ആളുകൾ മുൻകരുതൽ എടുക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കാറ്റിനെ തുടർന്ന് മരങ്ങൾ കടപുഴകി വീഴാൻ സാധ്യതയുള്ളതിനാൽ റോഡിൽ വാഹനവുമായി ഇറങ്ങുന്നവർ ജാഗ്രത പുലർത്തണം. പല സ്ഥലങ്ങളിലും ഇത്തരത്തിൽ ഗതാഗത തടസങ്ങൾ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.