ഹൈദരാബാദ്: ഹൈദരാബാദ് സർവകലാശാലയിലെ വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒന്നാം വർഷ ഫൈൻ ആർട്സ് വിദ്യാർത്ഥി പ്രവീൺ(25) ആണ് ജീവനൊടുക്കിയത്. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് സംഭവം.

അടുത്ത മുറിയിലെ കുട്ടികൾ എത്തിയപ്പോഴാണ് മുറിയിൽ പ്രവീൺ ഫാനിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയത്്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

പ്രവീണിന്റെ മുറിയിൽ നിന്നും ആത്മഹത്യാ കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് സൈബർബാദ് ജോയിന്റ് പൊലീസ് കമ്മീഷണർ സ്റ്റീഫൻ രവീന്ദ്ര പറഞ്ഞു. മരണകാരണം എന്തെന്ന് വ്യക്തമല്ല. പ്രവീണിന്റെ വീട്ടുകാരെ മരണവിവരം അറിയിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രവീണിന്റെ മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഹൈദരാബാദിൽ നിന്ന് 50 കിലോമീറ്റർ അകലെ തെലുങ്കാന മഹബൂബ്‌നഗർ ജില്ലയിലെ ശാദ്‌നഗർ സ്വദേശിയാണ് പ്രവീൺ. ഇക്കഴിഞ്ഞ ജൂലൈലാണ് പ്രവീൺ യൂണിവേഴ്‌സിറ്റിയിൽ പഠനം തുടങ്ങിയത്. ഇതേ സർവകലാശാലയിൽ ഈ വർഷം തുടക്കത്തിൽ ദളിത് വിദ്യാർത്ഥി രോഹിത് വെമുല ജീവനൊടുക്കാൻ ഇടയായ സാഹചര്യത്തെതുടർന്ന് രാജ്യവ്യാപകമായി പ്രതിഷേധം വ്യാപിച്ചിരുന്നു.