പത്തനംതിട്ട: പുതുവർഷത്തലേന്ന് സായാഹ്നത്തിൽ പൊലീസ് സംഘത്തിന്റെ അഴിഞ്ഞാട്ടം. റോഡരികിൽ നിന്ന പതിനഞ്ചുകാരനെ ക്രൂരമായി മർദിച്ചു. നെഞ്ചിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും പരുക്കേറ്റ കുട്ടി ഗുരുതരാവസ്ഥയിൽ ചികിൽസയിൽ.

ചെന്നീർക്കര പഞ്ചായത്തിൽ പ്രക്കാനം സ്വദേശി വരുൺ കുഞ്ഞുമോനാണ് മർദ്ദനമേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം വീട്ടിലെത്തിയ സഹപാഠികളെ വൈകിട്ട് അഞ്ചരയോടെ തിരികെ ബസിൽ കയറ്റി വിട്ട ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പൊലീസ് പട്രോളിങ് സംഘമെത്തിയത്. വീട്ടിലേക്ക് ഇറങ്ങുന്ന ഇടവഴിയുടെ മുന്നിൽ എത്തിയപ്പോൾ അതുവഴി പട്രോളിങിനായി എത്തിയ പൊലീസ് സംഘം ജീപ്പ് നിർത്തി അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നുവെന്ന് വരുൺ പറഞ്ഞു.

മദ്യപിച്ചിട്ട് നിൽക്കുകയാണോടാ എന്നായിരുന്നു പൊലീസുകാരുടെ ചോദ്യം. താൻ മദ്യപിക്കുന്നയാളല്ലെന്ന് വരുൺ മറുപടി നൽകി. ഇത് കേട്ട് കുപിതനായി ചാടിയിറങ്ങിയ എസ്ഐ യു.ബിജു വരുണിന്റെ ഇടത് തോളിൽ കൈ ചുരുട്ടി ഇടിക്കുകയും നെഞ്ചിൽ പിടിച്ച് തള്ളുകയും ചെയ്തു. ഇടി കൊണ്ട് നിലത്ത് വീണ വരുണിനെ അസഭ്യം പറഞ്ഞ ശേഷം എസ്ഐ ജീപ്പിൽ കയറി പോവുകയായിരുന്നു. രക്ഷിതാക്കളെ വിവരമറിയിച്ചതിനെ തുടർന്ന് വരുണിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

ആശുപത്രിയിൽ നിന്ന് അറിയിപ്പു നൽകിയിട്ടും ഇന്ന് വൈകിട്ട് വരെ മൊഴിയെടുക്കാൻ പൊലീസ് എത്തിയില്ല. ജുവനൈൽ ജസ്റ്റിസ് ബോർഡിൽ നിന്ന് കലക്ടറുമായി ബന്ധപ്പെട്ടു. കലക്ടർ എസ്‌പിയെ വിളിച്ച് അതൃപ്തി അറിയിക്കുകയും ചെയ്തു. എത്രയും പെട്ടെന്ന് കുട്ടിയുടെ മൊഴി എടുക്കാനും നിർദ്ദേശം നൽകി.

ആരോപണ വിധേയനായ എസ്ഐ ബിജുവിനെതിരേ മുൻപും ഇത്തരം പരാതികൾ ഉണ്ടായിട്ടുണ്ട്. സംഭവത്തെപ്പറ്റി ജില്ലാ പൊലീസ് മേധാവിക്കും ബാലാവകാശ കമ്മിഷൻ, പൊലീസ് കംപ്ലയിന്റ് അഥോറിറ്റി, മനുഷ്യാവകാശ കമ്മിഷൻ തുടങ്ങിയവർക്ക് പരാതി നൽകാനൊരുങ്ങുകയാണ് ബന്ധുക്കൾ.