നെടുങ്കണ്ടം:സ്വയം തയ്യാറാക്കിയ കള്ളുമായി സ്‌കൂളിലെത്തിയ വിദ്യാർത്ഥി കുടുങ്ങി. കള്ള് കൊണ്ടുവന്ന കുപ്പിയുടെ അടപ്പ് ഗ്യാസ് മൂലം തെറിച്ച് പോയതോടെയാണ് സംഭവം പുറത്തായത്. ഇടുക്കി ജില്ലയിലെ ഒരു സർക്കാർ വിദ്യാലയത്തിലാണ് കഞ്ഞിവെള്ളത്തിൽ നിന്ന് സ്വയം തയ്യാറാക്കിയ കള്ളുമായി ഹൈസ്‌കൂൾ വിദ്യാർത്ഥി ക്ലാസിലെത്തിയത്.

രാവിലെ സ്‌കൂളിലെത്തിയ വിദ്യാർത്ഥി സ്വയം നിർമ്മിച്ച കള്ള് ബാഗിൽ സൂക്ഷിച്ചിരുന്നു.ഇടയ്ക്ക് കള്ള് എടുത്ത് നോക്കി. ഈ സമയമാണ് കുപ്പിയുടെ അടപ്പ് തെറിച്ച് പുറത്ത് വീണത്. ഗ്യാസ് നിറഞ്ഞതാണ് കുപ്പിയുടെ അടപ്പ് തെറിച്ച് വീഴാൻ കാരണം.വിദ്യാർത്ഥികളുടെ യൂണിഫോമിലും കള്ളായി.സഹപാഠികൾ അദ്ധ്യാപകരെ വിവരം അറിയിച്ചു.

അദ്ധ്യാപകർ വിവരമറിഞ്ഞ് വന്നപ്പോഴേക്കും വിദ്യാർത്ഥി സ്‌കുളിൽ നിന്നും സ്ഥലംവിട്ടു. ഇതോടെ അദ്ധ്യാപകർ ഭീതിയിലായി.പിന്നാലെ അവർ കുട്ടിയെ തിരഞ്ഞ് വീട്ടിലെത്തി. തുടർന്നാണ് വിദ്യാർത്ഥിക്ക് കൗൺസലിങ് നൽകാനുള്ള തീരുമാനമെടുത്തത്.എക്സൈസ് നേതൃത്വത്തിലായിരിക്കും കൗൺസലിങ്.

ഇതാദ്യമായല്ല വിദ്യാർത്ഥി സ്വയം കള്ള് നിർമ്മിക്കുന്നത്. മുൻപും വീടിന്റെ തട്ടിൻപുറത്തുവെച്ച് കള്ളുണ്ടാക്കിയെന്ന് വീട്ടുകാർ അദ്ധ്യാപകരോട് പറഞ്ഞിട്ടുണ്ട്. അന്ന് കള്ള് സൂക്ഷിച്ചിരുന്ന പാത്രം പൊട്ടി തട്ടിൻപുറത്തുനിന്ന് താഴെ വീണപ്പോഴാണ് വിവരം അറിഞ്ഞത്.