- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരുവണ്ണാമുഴി റിസർവോയറിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു; കൊടുവള്ളി സ്വദേശി മുഹമ്മദ് അബ്ദുല്ല ബാവ മുങ്ങി മരിച്ചത് മാതാപിതാക്കൾക്കൊപ്പം പുഴയിൽ കുളിച്ചു കൊണ്ടിരിക്കവേ
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കക്കയം കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിന്റെ ഭാഗമായ പെരുവണ്ണാമുഴി റിസർവോയറിയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. കൊടുവള്ളി ഹൈസ്‌കൂൾ റോഡ് ചാവടിക്കുന്നുമ്മൽ അബ്ദുൽ ഖാദർ- ഉമ്മു സൽമ ദമ്പതികളുടെ മകൻ മുഹമ്മദ് അബ്ദുല്ല ബാവയാണ് (14) മരിച്ചത്.
ഇന്നലെ വൈകീട്ടാണ് അപകടമുണ്ടായത്. മാതാപിതാക്കൾക്കൊപ്പം ഒഴിവു ദിവസം ചിലവഴിക്കാനെത്തിയതായിരുന്നു അബ്ദുല്ല ബാവ. മാതാപിതാക്കൾക്കൊപ്പം പുഴയിൽ കുളിച്ചു കൊണ്ടിരുന്ന വിദ്യാർത്ഥിയെ പെട്ടെന്ന് കാണാതാകുകയായിരുന്നു. അബ്ദുല്ല ബാവ കരയിലേക്ക് കുളി കഴിഞ്ഞ് കയറിയിട്ടുണ്ടാവുമെന്നാണ് കുടുംബാംഗങ്ങൾ ആദ്യം കരുതിയത്. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും വിദ്യാർത്ഥിയെ കാണാതിരുന്നതോടെയാണ് രക്ഷിതാക്കൾ തിരച്ചിൽ ആരംഭിച്ചത്. തുടക്കത്തിൽ രക്ഷിതാക്കൾ തന്നെ വെള്ളത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പിന്നീട് റസ്‌ക്യൂ ടീം അംഗങ്ങൾ എത്തിയാണ് വെള്ളത്തിനടയിൽ നിന്നും കുട്ടിയെ മുങ്ങിയെടുത്തത്. ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കക്കയം ടൂറിസത്തിന്റെ ഭാഗമാണ് പെരുവണ്ണാമുഴി റിസർവോയർ. പടനിലം ഫെയ്സ് ഇന്റർനാഷനൽ സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മുങ്ങി മരിച്ച അബ്ദുല്ല ബാവ. റെസ്‌ക്യു ടീം ക്യാപ്റ്റൻ സാദിഖ് ഓണാട്ട്, അമ്മദ് മുണ്ടേരി എന്നിവർ ചേർന്നാണു കുട്ടിയെ മുങ്ങിയെടുത്തത്. അഹമ്മദ് കബീറാണ് മരിച്ച വിദ്യാർത്ഥിയുടെ സഹോദരൻ.
മറുനാടന് മലയാളി ബ്യൂറോ