ഇരിട്ടി: ചോദ്യപേപ്പറിലെ ക്രമക്കേട് മൂലം വീണ്ടും നടത്തിയ എസ്.എൽ.സി പരീക്ഷ എഴുതി മടങ്ങിയ വിദ്യാർത്ഥി പുഴയിൽ വീണ് മുങ്ങി മരിച്ചു.ഇരിട്ടി കടത്തം കടവ് സെന്റ് ജോൺ ബാപ്പിസ്റ്റ് ഇംഗ്ലീഷ് മീഡിയം സ്‌കുളിൽ പഠിച്ചിരുന്ന മാടത്തിൽ കല്ലുമുട്ടിയിലെ രമേശൻ- പ്രസന്ന ദമ്പതികളുടെ മകൻ സൗരവ് (16) ആണ് സ്‌കൂളിനടുത്ത പുഴയിൽ മുങ്ങി മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹപാഠിയെ നാട്ടുകാർ രക്ഷപ്പെടുത്തി.

പരീക്ഷയുടെ അവസാന ദിവസമായിരുന്നു ഇന്ന്. പരീക്ഷ കഴിഞ്ഞ് വേനലവധിക്ക് സ്‌ക്കൂളടച്ച സന്തോഷത്തിലായിരുന്നു കുട്ടികൾ. പരസ്പ്പരം സഹപാഠികൾ തമ്മിൽ കളർ ചായം ദേഹത്തു പുരട്ടി ആഹ്‌ളാദം പ്രകടിപ്പിക്കുകയും ചെയ്തു.

ആഹ്ലാദ തിമിർപ്പിന് ശേഷം വീട്ടിലേക്കു മടങ്ങവേ സ്‌കൂളിന് സമീപത്തെ ള്ളിക്കൽ- ഇരിട്ടി റോഡരികിലുള്ള കടത്തം കടവ് പുഴയിൽ ചായം കഴുകി കളയാൻ സൗരവ് ഇറങ്ങവേ കാൽ വഴുതി പുഴയിൽ വീഴുകയായിരുന്നു.

സൗരവിനെ രക്ഷിക്കാൻ ശ്രമിച്ച സഹപാഠിയും പുഴയിൽ വീണു. കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ പുഴയിൽ നിന്നും കുട്ടികളെ കരയ്‌ക്കെത്തിച്ചെങ്കിലും സൗരവ് മരണപ്പെട്ടിരുന്നു. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മാർട്ടത്തിന് ശേഷം നാളെ സംസ്‌ക്കരിക്കും.