പത്തനംതിട്ട: കൂട്ടുകാരുമൊത്തുള്ള പിറന്നാൾ ആഘോഷം പോളിടെക്നിക് ജന്മദിനത്തിൽ വിദ്യാർത്ഥിയുടെ ജീവൻ കവർന്നു. വെണ്ണിക്കുളം ഗവ. പോളിടെക്നിക് ഓട്ടോ മൊബൈൽ എൻജിനിയറിങ് ഒന്നാം വർഷ വിദ്യാർത്ഥി കൊടുന്തറ പ്രണവത്തിൽ പ്രസന്നൻപിള്ളയുടെ (ഡ്രൈവർ വിജയൻ) മകൻ പിജി പ്രണവ്(19) കൂട്ടുകാർ നോക്കിനിൽക്കേ മരണക്കയത്തിൽപ്പെട്ടത്.

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. പ്രണവിന്റെ 19-ാം പിറന്നാൾ ആയിരുന്നു ഇന്ന്. മണിമലയാറിന്റെ തീരത്ത് കോമളം അമ്പലക്കടവിൽ സുഹൃത്തുക്കളും ഒന്നിച്ച് പിറന്നാൾ ആഘോഷിക്കുകയായിരുന്നു പ്രണവ്. ഇതിനിടയിൽ വസ്ത്രത്തിൽ പുരണ്ട ചായം കഴുകി കളയാൻ കടവിലെത്തി. വെള്ളത്തിലേക്ക് ഇറങ്ങുമ്പോൾ മണലൂറ്റിയ കയത്തിൽ അകപ്പെടുകയായിരുന്നു. സുഹൃത്തുക്കളുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻതന്നെ വെള്ളത്തിൽ നിന്ന് എടുത്ത് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്: ഗിരിജ (മുത്തൂറ്റ് ആശുപത്രി പത്തനംതിട്ട) സഹോദരി : ദേവനന്ദ