നോയിഡ: യുപിയിലെ നോയിഡയിൽ വാഹനങ്ങൾ തമ്മിൽ ഉരസിയതിനെച്ചൊല്ലി തർക്കം ഉണ്ടായതിന് പിന്നാലെ കാർ ഇടിപ്പിച്ച് വിദ്യാർത്ഥിയെ കൊലപ്പെടുത്തി. ഇരു വിഭാഗങ്ങൾ സഞ്ചരിച്ച കാറുകൾ തമ്മിൽ ഉരസിയതിനെച്ചൊല്ലി ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. യുപിയിലെ ഗാൽ ഗോട്ടിയാസ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളാണ് ആക്രമണത്തിന് ഇരയായത്.

ഇന്നലെ അർധരാത്രി നോയിഡ ബീറ്റ 2 പൊലീസ് സ്റ്റേഷൻ പരിധിയിൽ വച്ചായിരുന്നു സംഭവം. സുഹൃത്തുക്കളായ 5 വിദ്യാർത്ഥികൾ താമസ സ്ഥലത്തേയ്ക്ക് കാറിൽ മടങ്ങവേയാണ് അപകടം ഉണ്ടായത്.

വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി ഉരസിയതിനെ ചൊല്ലി തർക്കമുണ്ടായി. ഇതേതുടർന്ന് രണ്ടാമത്തെ കാറിൽ എത്തിയ സംഘം അമിത വേഗത്തിൽ വിദ്യാർത്ഥികൾക്കു മേൽ ഇടിച്ചു കയറുകയായിരുന്നു. ഇരുപത്തിമൂന്നുകാരൻ ആയുഷ് സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. കൂടെ ഉണ്ടായിരുന്ന നാല് സുഹൃത്തുക്കൾ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്.

സുഹൃത്തുക്കളായ അഞ്ച് വിദ്യാർത്ഥികളും ഒരുമിച്ച് വാടകയ്ക്കാണ് താമസിച്ചിരുന്നത്. ഇവരുടെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ടെന്നും കാർ ഓടിച്ചയാളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. കൃത്യത്തിന് ഉപയോഗിച്ച കാർ പൊലീസ് പിടികൂടിയിരുന്നു. അന്വേഷണം തുടരുകയാണ്.