പുതുച്ചേരി: പോണ്ടിച്ചേരി സർവകലാശാലയുടെ വിസിയായി തുടരാനുള്ള യോഗ്യതയില്ലെന്ന് തെളിഞ്ഞ ചന്ദ്ര കൃഷ്ണമൂർത്തി രാജിവെക്കണം എന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തുന്ന അനിശ്ചിത കാല സമരം രണ്ടുദിവസം പിന്നിട്ടു. വിദ്യാർത്ഥികളുടെ സമരത്തിന് പിൻതുണയുമായി സർവകലാശാലയിലെ അദ്ധ്യാപകരും ജീവനക്കാരും രംഗത്തുണ്ട്.

കഴിഞ്ഞ ഒരു വർഷമായി അദ്ധ്യാപകർ വിസിയെ മാറ്റണമെന്ന ആവശ്യമുയർത്തി സമരം നടത്തുന്നുണ്ട്. പോണ്ടിച്ചേരി സർവകലാശാല അദ്ധ്യാപക സംഘടന ഈ ആവശ്യത്തിനായി കോടതിയെയും സമീപിച്ചീട്ടുണ്ട്. ഇത്തരത്തിൽ സർവകലാശാലയിൽ വിസി നിയമിച്ചവരൊഴിച്ച് ബാക്കിയെല്ലാവരും ഇവർക്കെതിരെ അണിനിരക്കുന്ന സാഹചര്യമാണ് ഉള്ളത്.

വിസിക്കെതിരെ അതിശക്തമായ വികാരം നിലനിൽക്കുന്ന സാഹചര്യത്തിലും വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾ മാത്രം സ്വീകരിച്ചാണ് വിസി മുന്നോട്ട് പോകുന്നത്. അതിനാൽ തന്നെ ഞങ്ങൾക്ക് സമരമല്ലാതെ മറ്റു മാർഗമില്ല എന്നു പ്രഖ്യാപിച്ചാണ് വിദ്യാർത്ഥികൾ ക്ലാസ് മുടക്കി അനിശ്ചിത കാല സമരം പ്രഖ്യാപിച്ച് മുന്നോട്ട് പോകാൻ തീരുമാനിച്ചത്.

2013ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ മികച്ച സർവകലാശലകളുടെ പട്ടികയിൽ ആദ്യ പത്തിൽ സ്ഥാനമുണ്ടായിരുന്ന സർവകലാശാല കേവലം രണ്ടു വർഷം കൊണ്ട് 69ാം സ്ഥാനത്തേയ്ക്കു കൂപ്പ് കുത്തി. വിദ്യാർത്ഥികൾക്ക് താമസിക്കാൻ ആവശ്യത്തിനുള്ള ഹോസ്റ്റൽ സൗകര്യം ഒരുക്കാൻ പോലും തയ്യാറാവാതെ, വേണമെങ്കിൽ പഠിച്ചാൽ മതിയെന്ന പറയുന്ന രീതിയാണ് ഇപ്പോൾ ഇവിടെയുള്ളത്.

പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും വിലക്ക് ഏർപ്പെടുത്തുകയാണ് ചന്ദ്ര കൃഷ്ണമൂർത്തി വിസിയായി ചുമത ഏറ്റെടുത്ത് ആദ്യം ചെയ്തത്. പോണ്ടിച്ചേരി സർവകലാശാല പോലെ ഒരു കേന്ദ്ര സർവകലാശാലയിൽ രാഷ്ട്രീയവും അഭിപ്രായസ്വാതന്ത്ര്യവും വിലക്കി വിദ്യാർത്ഥികളെ കൂച്ച് വിലങ്ങിടാമെന്ന ധാരണ തെറ്റാണെന്നു വിദ്യാർത്ഥികൾ പറയുന്നു. ഹോസ്റ്റൽ പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ നിഷേധിച്ചും ഈ സർവകലാശാലയുടെ മാത്രം സവിശേഷതയായ മുഴുവൻ സമയ പരിധിയില്ലാതെയുള്ള വൈഫൈ സൗകര്യവും ക്യാമ്പസിൽ സഞ്ചരിക്കാനുള്ള ബാറ്ററി കാർ സംവിധാനവും നിർത്തലാക്കി.

മുൻ വിസി താരീക്ക് നിർമ്മിച്ച 24 മണിക്കൂർ പ്രവർത്തിക്കുന്ന ലെബ്രറി സമുച്ചയം നിർമ്മാണം പൂർത്തിയാക്കിയിട്ടും വിദ്യാർത്ഥികൾക്ക് തുറന്ന് നൽകിയിട്ടില്ല. പുതിയതായി നിർമ്മിച്ച മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ഇലക്ട്രോണിക് മീഡിയ വിഭാഗം ഇതു വരെ ഔദ്യോഗികമായി തുറന്ന് നൽകിയിട്ടില്ല. ഇവിടെ ക്ലാസ് തുടങ്ങിയെങ്കിലും ക്ലാസിൽ ഇരിക്കാൻ കസേരകളില്ല. കഴിഞ്ഞ മൂന്നു വർഷമായി ഇവിടെ ഒരു നിർമ്മാണപ്രവർത്തനങ്ങളും നടത്തിയിട്ടില്ല. കോടികളുടെ ഫണ്ട് വർഷാവർഷം സർക്കാറിൽ നിന്നു ലഭിക്കുന്നത് പോലും ചെലവാക്കാൻ വിസി തയാറാക്കുന്നില്ല എന്നും പരാതി ഉയർന്നിട്ടുണ്ട്.

ഓരോ വിദ്യാർത്ഥിയിൽ നിന്നും വർഷാവർഷം 6,000 രൂപ സർവകലാശാലയുടെ വികസനത്തിനായെന്ന് പറഞ്ഞ് വാങ്ങുകയും ചെയ്യുന്നു. കഴിഞ്ഞ രണ്ടു വർഷത്തിൽ ഫണ്ട് കുറവാണെന്ന് പറഞ്ഞ് ലൈബ്രറിയിലേയ്ക്കു പുസ്തക വാങ്ങാൻ പോലും തയാറാവാത്ത വിസി സർക്കാറിന്റെ ഫണ്ട് ചിലവഴിക്കേണ്ട സകല മാനദണ്ഡങ്ങളും കാറ്റിൽ പറത്തി സ്വന്തം ബംഗ്ലാവ് മോദി പിടിപ്പിക്കാൻ 50 ലക്ഷമാണ് ചിലവഴിച്ചത്. അതിൽ തന്നെ 11 ലക്ഷം രൂപം ടോയിലറ്റ് നവീകരിക്കാനാണ് ചിലവഴിച്ചത്. നിലവിൽ രണ്ട് കാറുള്ള വിസി മൂന്നാമതൊരെണ്ണം കൂടി വാങ്ങി. ഇത്തരത്തിൽ അധികാരത്തിന്റെ ധാർഷ്ട്യം കൊണ്ട് വിസി വിദ്യാർത്ഥികളെ അക്ഷരാർത്ഥത്തിൽ വെല്ലുവിളിക്കുകയാണെന്നും ആരോപണമുണ്ട്.

രാഷ്ട്രീയ സ്വാധീനത്തിന്റെ പേരിൽ മാത്രം സർവകലാശാലയുടെ തലപ്പത്ത് എത്തിയ ചന്ദ്ര കൃഷ്ണമൂർത്തി നൽകിയ തന്റെ ബയോഡാറ്റ വരെ തെറ്റാണെന്ന് വിവരാവകാശരേഖകൾ വ്യക്തമാക്കുന്നു. പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ എണ്ണത്തിൽ തുടങ്ങി വിദ്യാഭ്യാസ കാലഘട്ടത്തിൽ നേടിയ മാർക്ക് വരെ തിരുത്തിയ രേഖ നൽകിയാണ് സർവകലാശാലയുടെ തലപ്പത്തു വന്നത്. ഡി ലിറ്റ് ബിരുദം നേടിയത് ശ്രീലങ്കയിലെ സർവകലാശാലയിൽ നിന്നാണെന്ന് ഇവർ അവകാശപെടുത്. ഇത് വ്യാജ സർവകലാശാലയാണെന്ന് തെളിഞ്ഞിട്ടുണ്ട്. നിയമത്തിൽ ഇന്ത്യയിലെ പ്രമുഖ സർവകലാശകളിലും കോളേജുകളിലെ ജേണലുകളിൽ 25ഓളം പേപ്പറുകൾ അവതരിപ്പിച്ചിട്ടുണ്ടെന്ന് വിസി അവകാശപെടുമ്പോഴും ഇതു വരെ അങ്ങനെയുണ്ടായിട്ടില്ല.

തന്നെക്കാളും യോഗ്യതയുള്ളവരെ രാഷ്ട്രീയ പിൻബലത്തിന്റെ പേരിൽ പിന്തള്ളിയാണ് ചന്ദ്ര കൃഷ്ണമൂർത്തി ഇന്ത്യയിലെ തന്നെ മികച്ച സർവകലാശായിലെ വിസിയായത്. ഇത്തരത്തിൽ സർവകലാശയിൽ തന്റെ ഏകാധിപത്യ നിലപാടുകളുമായി മുന്നോട്ടു പോകുകയും വിദ്യാർത്ഥികളുടെ ജീവിതം ദുഃസഹമാക്കുകയും ചെയ്യുന്ന വിസിയെ
പുറത്താക്കുകയല്ലാതെ ഞങ്ങൾക്ക് മുൻപിൽ വേറെ വഴിയില്ലെന്നാണു വിദ്യാർത്ഥികൾ പറയുന്നത്. പോണ്ടിച്ചേരി സർവകലാശാലയെ വിസിയിൽ നിന്ന് സംരക്ഷിച്ച് സർവകലാശാലയുടെ അക്കാഡമിക് മെറിറ്റും പഠന അന്തരീക്ഷവും നിലനിർത്താൻ ശക്തമായ സമരമുറകൾ സ്വീകരിക്കും. ബന്ധപ്പെട്ട അധികാരികൾ കണ്ണ് തുറക്കും വരെ ഞങ്ങൾ അതിജീവനത്തിന്റെ സമരം തുടരുക തന്നെ ചെയ്യുമെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി.