- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ്ടും ജീവനെടുത്ത് ഓൺലൈൻ ഗെയിം; ഓൺലൈൻ ഗെയിം കളിച്ചതിലൂടെ പണം നഷ്ടപ്പെട്ട വിദ്യാർത്ഥി മരിച്ച നിലയിൽ; വീട്ടുകാർ വഴക്കുപറയുമെന്ന് ഭയന്ന് വീടു വിട്ടിറങ്ങിയ 14-കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത് കുളത്തിൽ
തൃശ്ശൂർ: ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തിൽ വീടു വിട്ടിറങ്ങിയ വിദ്യാർത്ഥിയെ മരിച്ചനിലയിൽ കണ്ടെത്തി. പെരുമ്പിലാവ് കൊരുമ്പിശ്ശേരി ഷാബിയുടെ മകൻ ആകാശി(14)നെയാണ് വീടിന് സമീപത്തെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച വൈകിട്ട് മുതലാണ് ആകാശിനെ കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ബുധനാഴ്ച രാവിലെ കുട്ടിയുടെ ചെരിപ്പും സൈക്കിളും കൂടൽമാണിക്യം കുട്ടൻകുളത്തിന് സമീപം കണ്ടെത്തുകയായിരുന്നു. തുടർന്ന് കുളത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
മൊബൈൽ ഫോണിൽ ഓൺലൈൻ ഗെയിം കളിച്ചതിലൂടെ ആകാശിന് പണം നഷ്ടപ്പെട്ടിരുന്നതായാണ് പൊലീസും ബന്ധുക്കളും പറയുന്നത്. ഇതുകാരണം കുട്ടി മനോവിഷമത്തിലായിരുന്നു. പണം നഷ്ടപ്പെടുത്തിയതിന് വീട്ടുകാരിൽനിന്ന് വഴക്ക് കേൾക്കുമെന്ന് ഭയന്നിരുന്നു. തുടർന്നാണ് ചൊവ്വാഴ്ച വൈകിട്ടോടെ വീട് വിട്ടിറങ്ങിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ആകാശിന്റെ മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സമീപകാലത്തിയാ കേരളത്തിൽ അര ഡസണോളം ആത്മഹത്യയ്ക്ക് ഓൺലൈൻ ഗെയിം വഴി പണം നഷ്ടപ്പെട്ടതിനെ തുടർന്ന് ഉണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ കുട്ടികൾക്കിടയിൽ ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്ന ആവശ്യങ്ങളും ശക്തമായിരുന്നു. ഓൺലൈൻ ക്ലാസുകൾ വ്യാപകമായതോടെ കുട്ടികൾക്ക് കൂടുതൽ സമയം മൊബൈൽ ഉപയോഗിക്കാൻ കഴിയുന്നതും ഇത്തരം ഗെയിമുകൾക്ക് അടിപ്പെടാൻ കാരണമായി.
മറുനാടന് മലയാളി ബ്യൂറോ