തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിക്കേണ്ടി വരുമെന്ന ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവനക്കെതിരെ വിദ്യാർത്ഥി സംഘടനകൾ രംഗത്തുവന്നു. കൺസഷൻ തുക അവർ തന്നെ നാണക്കേടായി കാണുന്നുവെന്നും അഞ്ച് രൂപ കൊടുത്ത് പലരും ബാക്കി വാങ്ങാറില്ലെന്നുമുള്ള പ്രസ്താവനായാണ് വിവാദത്തിലായത്. മന്ത്രിയുടെ പ്രസ്താവനക്കെതിരെ വിദ്യാർത്ഥി സംഘടനകൾ എല്ലവരും രംഗത്തുവന്നു.

കൺസഷനുമായി ബന്ധപ്പെട്ട് മന്ത്രി ആന്റണി രാജു നടത്തിയ പ്രസ്താവന പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ. എം അഭിജിത്ത് പറഞ്ഞു. മന്ത്രി പ്രതിനിധീകരിക്കുന്ന മത്സ്യബന്ധന കുടുംബങ്ങളെയോ, കർഷകനെയോ, കച്ചവടക്കാരനെയോ പാവപ്പെട്ടവനെയോ കാണാൻ അദ്ദേഹം ശ്രമിച്ചിരുന്നെങ്കിൽ ഇങ്ങനെയൊരു പ്രസ്താവന അദ്ദേഹം നടത്തില്ലായിരുന്നു അഭിജിത്ത് പ്രതികരിച്ചു. പൊതുജനത്തിന്റെയും വിദ്യാർത്ഥികളുടെയും തലയിൽ അടിച്ചേൽപ്പിക്കാൻ നോക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും അഭിജിത്ത് പറഞ്ഞു.

അജിതിത്തിന് പുറമേ എംഎസ്എഫും ആന്റണി രാജുവിനെതിരെ രംഗത്തുവന്നു. വിദ്യാർത്ഥിയുടെയും രൂപയുടെയും മൂല്യമറിയാത്ത ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന തീർത്തും അപഹാസ്യമാണെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് പ്രതികരിച്ചു. നാളെയുടെ വാഗ്ദാനങ്ങളെന്നും പ്രതീക്ഷകളെന്നും പറഞ്ഞ് തെരഞ്ഞെടുപ്പ് വേളകളിൽ വിദ്യാർത്ഥികളോട് സംവദിച്ചവർക്ക്, ഇന്ന് അവർ നൽകുന്ന നാണയ തുട്ട് പോലും നാണക്കേട് ആയെന്നും വിദ്യാർത്ഥികളെ അപമാനിച്ച മന്ത്രി ആന്റണി രാജു വിദ്യാർത്ഥി സമൂഹത്തോട് മാപ്പ് പറയാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിദ്യാർത്ഥികളുടെ നിരക്ക് വർധിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻ ദേവും പ്രതികരിച്ചു. വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന കുടുംബത്തിൽ നിന്ന് വരുന്ന വിദ്യാർത്ഥികൾ ഉണ്ടെന്നും അവരുടെ പ്രയാസങ്ങൾ മനസിലാക്കണമെന്നും സച്ചിൻദേവ് പറഞ്ഞു. ആന്റണി രാജു പറഞ്ഞത് കുട്ടികൾ അത്യാവശ്യം സാമ്പത്തികമുള്ളവരായി മാറി എന്നാണ്. എല്ലാ വിഭാഗത്തിൽ നിന്ന് വരുന്ന വിദ്യാർത്ഥികളുടെയും പ്രയാസങ്ങൾ മനസിലാക്കണം എന്നാണ് സച്ചിൻ ദേവ് പറഞ്ഞത്.

വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന കുടുംബത്തിൽ നിന്ന് വരുന്ന വിദ്യാർത്ഥികൾ ഉണ്ട്. അവരെ പ്രതിനിധാനം ചെയ്യുന്ന സംഘടനയാണ് എസ്.എഫ്.ഐ. അല്ലാത്ത കുട്ടികൾ വളരെ കുറഞ്ഞ ശതമാനം ഒക്കെ ഉണ്ടാകാം. കൺസഷൻ വർധിപ്പിക്കുന്നതിനോട് യോജിക്കുന്നില്ല. സർക്കാരിന്റെ ശ്രദ്ധയിൽ ഈ വിഷയത്തിൽ ഞങ്ങൾ അഭിപ്രായം രേഖപ്പെടുത്തും. നേരത്തെ ഗതാഗത വകുപ്പ് മന്ത്രിയും വിദ്യാർത്ഥി സംഘടനകളുമായുള്ള യോഗത്തിൽ കാര്യങ്ങൾ വിശദീകരിച്ചതാണ്. അവിടെയും കാര്യങ്ങൾ ഞങ്ങൾ വിശദീകരിച്ചതാണെന്നും സച്ചിൻദേവ് പ്രതികരിച്ചു.

രണ്ട് രൂപ കൺസഷൻ തുകയായി നൽകാൻ വിദ്യാർത്ഥികൾക്ക് തന്നെ നാണക്കേടാണെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞത്. അഞ്ച് രൂപ കൊടുത്താൽ വിദ്യാർത്ഥികൾ പണം തിരിച്ച് വാങ്ങാറില്ലെന്നും മന്ത്രി പറഞ്ഞു. വിദ്യാർത്ഥികളുടെ കൺസഷൻ ഫീ വർധിപ്പിക്കണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. കൺസഷൻ തുക ആറ് രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യമെന്നും മന്ത്രി പറഞ്ഞു. അതേസമയം, ബസ് ചാർജ് വർധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി. ബസ് ഉടമകളുടെ ആവശ്യം ന്യായമാണ്.

ജനങ്ങളെ ബോധ്യപ്പെടുത്തി ആരെയും ബുദ്ധിമുട്ടിപ്പിക്കാതെ രീതിയിൽ നിരക്ക് വർധന നടപ്പിലാക്കാനാണ് ആലോചിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഇന്ധന വില ഉയരുന്നത് വലിയ പ്രതിസന്ധിയാണ്. ബസ് ചാർജ് വർധന ഉണ്ടാകും, എന്നാൽ എന്ന് നടപ്പാക്കുമെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. ബസ് ചാർജ് വർധന ഗൗരവമായ കാര്യമായതിനാൽ എടുത്തുചാടിയുള്ള തീരുമാനം പ്രായോഗികമല്ല. വിദ്യാർത്ഥികളുടെ കൺസഷൻ വർധിപ്പിക്കുന്ന കാര്യവും പരിഗണിക്കും. വിദ്യാർത്ഥികളുടെ കൺസഷൻ വർധിപ്പിച്ചത് 10 വർഷം മുമ്പാണെന്നും മന്ത്രി പറഞ്ഞു.