ഗുരുഗ്രാമം: സ്വകാര്യ കോളേജുകളിൽ കുട്ടികൾ നേരിടുന്ന പീഡനങ്ങൾ തുടർക്കഥയാവുമ്പോൾ ഹരിയാനയിൽ നിന്നും ഒരു നടുക്കുന്ന വാർത്ത. ഹോസ്റ്റലിൽ വെള്ളമില്ലെന്ന് പരാതിപ്പെട്ട 21കാരനെ ഹോസ്റ്റൽ ഉടമ ബൗൺസർമാരെ കൊണ്ട് മർദ്ദിച്ച ശേഷം നാലുനില കെട്ടിടത്തിൽ നിന്ന് വലിച്ചെറിഞ്ഞു. താഴെ പതിച്ച രമേശ് തത്ക്ഷണം മരിച്ചു. ബുധനാഴ്ചയാണ് സംഭവം.

ഹോസ്റ്റലിൽ വെള്ളം ലഭിക്കാത്തതിനും വൈദ്യൂതി ഇല്ലാത്തതിനും പരാതി പറഞ്ഞതിനാണ് രമേഷ് ബിഷ്തി (21) എന്ന വിദ്യാർത്ഥിയെയാണ് ഹോസ്റ്റൽ ഉടമയും മക്കളുെ ചേർന്ന് ക്രൂരമായി കൊലപ്പെടുത്തിയത്. ഗുരുഗ്രാമിലെ ഡി.എൽ.എഫ് ഫേസ് ത്രിയിൽ താമസക്കാരനായ രമേഷ് ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥിയാണ്. നൈനിറ്റാൾ സ്വദേശിയായ രമേശ് ആറു മാസമായി ഈ ഹോസ്റ്റലിൽ മറ്റു മൂന്നു പേർക്കൊപ്പം ഒരു മുറിയിൽ താമസിച്ചുവരികയായിരുന്നു.

വെള്ളം ലഭിക്കാത്തതിൽ പരാതിപ്പെട്ട രമേശിനെ കെട്ടിട ഉടമ സത്ബീർ സിംഗും രണ്ട് ആൺമക്കളും പത്തോളം വരുന്ന തൊഴിലാളികളും ചേർന്ന് നേരിട്ടു. മർദ്ദിച്ച് അവശനാക്കി താഴേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് സഹവാസികൾ പറയുന്നു. സംഭവത്തിനു ശേഷം സിംഗും കൂട്ടാളികളും രക്ഷപ്പെട്ടു. ഇവർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. എന്നാൽ ഇതുവരെ ആരെയും കസ്റ്റഡിയിൽ എടുക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.