കേരളത്തിൽനിന്ന് മിടുക്കന്മാരായ വിദ്യാർത്ഥികളെ സംഘടിപ്പിക്കുക എന്ന ദൗത്യവുമായി ബ്രിട്ടീഷ് അധികൃതർ രംഗത്ത്. സ്‌കോളർഷിപ്പുകൾ കൂട്ടിയും ഇന്ത്യയിലെ പ്രമുഖ സർവകലാശാലകളുമായി ചേർന്നുമാണ് വിദ്യാർത്ഥികളെ സ്വന്തമാക്കാൻ ബ്രിട്ടൻ ശ്രമിക്കുന്നത്. കേരളത്തിൽ കേരള സർവകലാശാലയുമായാണ് ബ്രിട്ടൻ ടൈയപ്പ് ഉണ്ടാക്കിയിരിക്കുന്നത്.

സാംസ്‌കാരിക വിനിമയങ്ങൾ, എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകൾ തുടങ്ങി പല രീതിയിലും ബ്രിട്ടനിലേക്ക് വിദ്യാർത്ഥികളെ ആകർഷിക്കാനാണ് ശ്രമം. ബ്രെക്‌സിറ്റിനുശേഷം ബ്രിട്ടീഷ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നേരിട്ടേക്കാവുന്ന ക്ഷീണം മറികടക്കുന്നതിനാണ് ഇത്. 500 സ്‌കോളർഷിപ്പുകളാണ് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മാത്രമായി ബ്രിട്ടൻ ഇക്കൊല്ലം നൽകുന്നത്.

ബ്രിട്ടീഷ് കൗൺസിലിന്റെ ഇന്ത്യയിലെ അദ്ധ്യക്ഷൻ അലൻ ഗെമ്മലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേരള സർവകലാശാലയിലെത്തി ചർച്ചകൾ നട്തിയത്. അഞ്ച് കോടി പൗണ്ടിന്റെ ന്യൂട്ടൻ ഫണ്ടാണ് ഇന്ത്യൻ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വർധിപ്പിക്കുന്നത്. പൗണ്ടിന്റെ മൂല്യത്തിലുണ്ടായ വിലയിടിവ് മൂലം വർഷം മൂന്നുലക്ഷം രൂപയോളം ലാഭിക്കാമെന്ന അനുകൂല സാഹചര്യവും ഇപ്പോൾ നിലവിലുണ്ട്.

ബ്രെക്‌സിറ്റ് സംഭവിച്ചെങ്കിലും ബ്രിട്ടീഷ് സർവകലാശാലകളുടെ പ്രവർത്തന രീതിയിൽ പൊടുന്നനെ മാറ്റം പ്രതീക്ഷിക്കാനാവില്ലെന്ന് അലൻ ഗെമ്മൽ പറഞ്ഞു. നവംബറിൽ ബ്രിട്ടനിലെ 50 പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള പങ്കെടുപ്പിച്ചുകൊണ്ട് ബ്രിട്ടീഷ് കൗൺസിൽ വിദ്യാഭ്യാസ പ്രദർശനം നടത്തുന്നുണ്ട്. ഇതിൽ പല സ്ഥാപനങ്ങളും കേരളത്തിലെത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. 

ബ്രിട്ടീഷ് കൗൺസിൽ മുഖേന ഇപ്പോൾത്തന്നെ ബ്രിട്ടീഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി കേരള സർവകലാശാല സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ഈ ബന്ധം ഊട്ടിയുറപ്പിക്കുന്നതിനാണ് ഗെമ്മലിന്റെ വരവ്. ഓഗസ്റ്റിൽ ബ്രിട്ടനിൽനിന്നുള്ള 50 വിദ്യാർത്ഥികൾ കേരള സർവകലാശാലയിൽ എത്തുന്നുണ്ട്. രണ്ടാഴ്ചത്തെ കോഴ്‌സിനായാകും ഇവരെത്തുക.

സമകാലിക ഇന്ത്യയെക്കുറിച്ചുള്ള ഈ ഹ്രസ്വകാല പഠന പദ്ധതിയുടെ സിലബസ് തയ്യാറാക്കുന്നത് കേരള സർവകലാശാലയിലെ അദ്ധ്യാപകരാകും. കേരള സർവകലാശാലയുടെ പഠന നിലവാരത്തിൽ ബ്രിട്ടീഷ് കൗൺസിലിന് തൃപ്തിയുണ്ടെന്നും അലൻ ഗെമ്മൽ പറഞ്ഞു.