ആലപ്പുഴ: കളർകോഡ് ഗവ. എൽപി സ്‌കൂളിൽ മൂന്ന്, നാല് ക്ലാസുകളിലെ വിദ്യാർത്ഥികളുടെ ജനനസർട്ടിഫിക്കറ്റുകൾ കാണാനില്ല. 141 കുട്ടികളുടെ ജനന സർട്ടിഫിക്കറ്റുകളാണ് സ്‌കൂളിൽ നിന്നും അപ്രത്യക്ഷമായത്. പരസ്പരം പഴിചാരി ഹെഡ്‌മാസ്റ്ററും അദ്ധ്യാപകരും. നാലാം ക്ലാസ് കഴിഞ്ഞിറങ്ങുമ്പോൾ ജനനസർട്ടിഫിക്കറ്റ് ഇല്ലാതെ മറ്റൊരു സ്‌കൂളിൽ അഡ്‌മിഷൻ എടുക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് വിദ്യാർത്ഥികളും രക്ഷകർത്താക്കളും.

പുതിയതായ ചുമതലയേറ്റ പ്രധാനധ്യാപിക സുജ ഫിലിപ്പ് ശ്രദ്ധയില്ലാതെ സർട്ടിഫിക്കറ്റുകൾ കത്തിച്ചുകളഞ്ഞതാണെന്ന് ഒരു വിഭാഗം അദ്ധ്യാപകർ പറയുന്നു. ജൂലൈ ഏഴിന് ചാർജെടുത്ത ഹെഡ്‌മിസ്ട്രസ് ഓഫീസ് മുറി വൃത്തിയാക്കുന്നതിന്റെ ഭാഗമായിട്ട് ജൂലൈ എട്ടിന് കത്തിച്ചു കളഞ്ഞു. ഫയൽ തുറന്നുപോലും നോക്കാതെയാണ് തീയിട്ടത്. അതിനുള്ളിൽ കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നു. എന്തൊക്കെ രേഖകളാണ് കത്തിച്ചുകളഞ്ഞതെന്ന് എഴുതിസൂക്ഷിച്ചിട്ടില്ലെന്നാണ് അവരുടെ വാദം.

എന്നാൽ താൻ കത്തിച്ചത് പഴയ നോട്ടീസുകൾ മാത്രമാണെന്നും തന്നെ പുറത്താക്കി മറ്റൊരാളെ തൽസ്ഥാനത്ത് നിയമിക്കാൻ ആഗ്രഹിക്കുന്ന ചിലർ സർട്ടിഫിക്കറ്റ് ഒളിപ്പിച്ചുവച്ചിരിക്കുകയാണെന്നുമാണ് ഹെഡ്‌മിസ്ട്രസ് പറയുന്നത്. ആരോ ഇടയിൽ തനിയ്‌ക്കെതിരെ പ്രവർത്തിക്കുന്നുണ്ട്. മുൻ ഹെഡ് മാസ്റ്റർ യാതൊരു റെക്കോർഡുകളും കൃത്യമായി സൂക്ഷിച്ചിരുന്നില്ലെന്നും ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക കുറ്റപ്പെടുത്തുന്നു.

വിഷയത്തിൽ സ്‌കൂൾ മാനേജ്‌മെന്റ് രണ്ട് തട്ടിലാണ്. കാണാതായ സർട്ടിഫിക്കറ്റുകൾക്ക് പകരം ചിലർക്ക് ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റുകൾ എടുത്ത് നൽകിയെങ്കിലും മുഴുവൻപേർക്കും അത്തരത്തിൽ നൽകുന്നത് പ്രായോഗികമല്ലെന്ന നിലപാടിലാണ് അധികൃതർ. സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ട കുട്ടികളിൽ ചിലർ തമിഴ്‌നാട്ടിലും മറ്റു ജില്ലകളിലും ജനിച്ചവരായതിനാൽ ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതിനായി രക്ഷിതാക്കൾ അഭിപ്രായപ്പെടുന്നു.

സ്‌കൂളിലെത്തി ജനനസർട്ടിഫിക്കറ്റ് ചോദിക്കുന്ന രക്ഷകർത്താക്കളോട് '' നിങ്ങളോട് ഇവിടെ കൊടുക്കാൻ ആര് പറഞ്ഞു. നിങ്ങൾ കൊടുത്തവരോട് പോയി ചോദിക്ക്.'' എന്നൊക്കെ പറഞ്ഞ് അപമാനിക്കുന്നതായും പരാതി ഉണ്ട്.

രക്ഷിതാക്കൾ എ.ഇ.ഒ ക്ക് പരാതി നൽകിയെങ്കിലും കാര്യമായ നടപടികളുണ്ടായിട്ടില്ല. ഇതെ തുടർന്ന് രക്ഷിതാക്കൾ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകുവാൻ ഒരുങ്ങുകയാണ്. നിലവിൽ ഈ സ്‌കൂളിൽ വിദ്യാർത്ഥിയല്ലാത്ത കുട്ടിയുടെ രക്ഷിതാവാണു സ്‌കൂൾ മാനേജ്മെന്റ് കമ്മറ്റി പ്രസിഡന്റെന്നും, ഉച്ചഭക്ഷണ ഫണ്ട് , ഡ്രൈവറുടെ ശമ്പളം തുടങ്ങിയവയിൽ ക്രമക്കേടുകളുണ്ടെന്നും സ്‌കൂൾ മാനേജ്മന്റ് കമ്മറ്റിയിലെ ഒരു വിഭാഗം ആരോപിക്കുന്നു.