- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജയശതമാനം ഉയർത്താൻ പരീക്ഷയെഴുതുന്നതിൽ വിലക്ക്; പ്രതിഷേധവുമായി അടൂർ എസ്എൻഐടി കോളേജിലെ വിദ്യാർത്ഥികൾ; അന്വേഷിക്കാൻ ആർഡിഒയോട് കലക്ടർ
പത്തനംതിട്ട: വിജയ ശതമാനം ഉയർത്താൻ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കോളേജ് മാനേജ്‌മെന്റ് യൂണിവേഴ്‌സിറ്റി പരീക്ഷ എഴുതിക്കുന്നില്ലെന്ന് പരാതി. ഇതെത്തുടർന്ന് കോളേജിലെ വിദ്യാർത്ഥികൾ നടത്തിവന്ന സമരം ഒരാഴ്ച പിന്നിട്ടു. തങ്ങളുടെ പഠനംമുടക്കി കോളേജ് നടത്തുന്നത് കടുത്ത നിയമലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാർത്ഥികൾ സ
പത്തനംതിട്ട: വിജയ ശതമാനം ഉയർത്താൻ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കോളേജ് മാനേജ്‌മെന്റ് യൂണിവേഴ്‌സിറ്റി പരീക്ഷ എഴുതിക്കുന്നില്ലെന്ന് പരാതി. ഇതെത്തുടർന്ന് കോളേജിലെ വിദ്യാർത്ഥികൾ നടത്തിവന്ന സമരം ഒരാഴ്ച പിന്നിട്ടു. തങ്ങളുടെ പഠനംമുടക്കി കോളേജ് നടത്തുന്നത് കടുത്ത നിയമലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാർത്ഥികൾ സമരം നടത്തുന്നത്. വിദ്യാർത്ഥികളുടെ പരാതിയെത്തുടർന്ന് പ്രശ്‌നത്തെക്കുറിച്ച് അന്വേഷിക്കാൻ കലക്ടർ ആർഡിഒയെ ചുമതലപ്പെടുത്തി.
അടൂർ തേപ്പുപാറ ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാർത്ഥികളാണ് മാനേജ്‌മെന്റിന്റെ ഇടപെടലിനെ തുടർന്ന് ദുരിതത്തിലായത്. ആദ്യ പരീക്ഷകളിൽ മാർക്കു കുറഞ്ഞവരെ യൂണിവേഴ്‌സിറ്റി പരീക്ഷയെഴുതുന്നതിൽ നിന്ന് മാനേജ്‌മെന്റ് തടയുകയായിരുന്നു. എസ്എഫ്‌ഐ ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകൾ സമരത്തിൽ ഇടപെട്ടു.
മാനേജ്‌മെന്റ് നടത്തുന്ന മോഡൽ പരീക്ഷയിൽ 70 ശതമാനത്തിലധികം മാർക്ക് വാങ്ങാത്തവരെയാണ് പരീക്ഷ എഴുതുന്നതിൽ നിന്ന് മാനേജ്‌മെന്റ് വിലക്കുന്നത്. സർവകലാശാലാ നിയമത്തിനു വിരുദ്ധമായി പലകാര്യങ്ങളും മാനേജ്‌മെന്റ് നടപ്പാക്കുന്നുവെന്ന് വിദ്യാർത്ഥികൾ പറയുന്നു. പരീക്ഷ എഴുതുമ്പോൾതന്നെ അദ്ധ്യാപകർ പേപ്പർ വാങ്ങി വായിച്ചു നോക്കുകയും ഒന്നാംക്ലാസ് കിട്ടില്ലെന്നു തോന്നിയാൽ ഉത്തരക്കടലാണ് നശിപ്പിക്കുകയുമാണ് ചെയ്യുന്നത്. പരീക്ഷകൾക്ക് മുമ്പ് ക്യാൻസലേഷൻ ഫോറം നിർബന്ധിച്ച് ഒപ്പിടുവിച്ച് വാങ്ങുന്നതിനാൽ ക്യാൻസൽ ചെയ്തു എന്നറിയിക്കുകയാണ് പതിവ്. മാർക്ക് കുറയുന്നവരെ ക്ലാസിൽ നിന്ന് ഇറക്കിവിടുകയും ഇതുമൂലം ഹാജരില്ലാതെയാകുകയും ചെയ്യും. ഹാജരില്ലാത്തതിനാൽ പരീക്ഷ എഴുതാൻ കഴിയില്ലെന്ന് അറിയിക്കുകയാണ് ചെയ്യുന്നത്. ഇതിന് പുറമെ സ്വന്തം ഇഷ്ടപ്രകാരമാണ് പരീക്ഷ എഴുതാത്തതെന്ന്എഴുതി വാങ്ങുകയും ചെയ്യും.
മാർക്കു കുറവുള്ള വിദ്യാർത്ഥികളെ ക്ലാസിൽ കയറാൻ അനുവദിക്കാതെ മറ്റൊരു മുറിയിലേക്ക് മാറ്റുകയാണ് കോളേജ് അധികൃതർ ചെയ്യുന്നതെന്നും പരാതിയുണ്ട്. ഇത്തരത്തിൽ ക്ലാസിൽ കയറാനാകാതെ അറ്റൻഡൻസ് നഷ്ടമാകുന്നുവെന്നും പരാതിയുണ്ട്.
ഇതു ചോദ്യം ചെയ്ത വിദ്യാർത്ഥികളെ മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തിയെന്നും വിദ്യാർത്ഥികൾ പറയുന്നു. അവസാന വർഷ വിദ്യാർത്ഥികൾ ഉൾപ്പടെ അഞ്ചുവകുപ്പുകളിലായി നൂറോളം വിദ്യാർത്ഥികൾക്കാണ് യൂണിവേഴ്‌സിറ്റി പരീക്ഷ എഴുതുന്നതിൽ നിന്ന് എസ്എൻഐടി മാനേജ്‌മെന്റ് വിലക്കേർപ്പെടുത്തിയത്.
വിദ്യാർത്ഥികളെ ദ്രോഹിക്കുന്ന നടപടികളാണ് മാനേജ്‌മെന്റ് സ്വീകരിച്ചത്. ക്ലാസിൽ കയറിയാലും ഹാജർ നൽകാതെ വിദ്യാർത്ഥികളെ കോളേജിൽ നിന്ന് പുറത്താക്കാനും മാനേജ്‌മെന്റ് നീക്കം നടത്തി. തങ്ങളെ ഇയർ ബാക്കാക്കാനാണ് മാനേജ്‌മെന്റ് ശ്രമിക്കുന്നതെന്നും വിദ്യാർത്ഥികൾ പറയുന്നു.
നാലാം സെമസ്റ്ററിൽ വിദ്യാർത്ഥികളെ യൂണിവേഴ്‌സിറ്റി പരീക്ഷ എഴുതാൻ അനുവദിക്കാതെ ഇയർ ഔട്ട് ആക്കിയശേഷം റീ അഡ്‌മിഷൻ നടത്തുകയാണ് മാനേജ്‌മെന്റ് ചെയ്യുന്നതെന്ന് പരാതിയുണ്ട്. ഇത്തരത്തിൽ ഒരു വിദ്യാർത്ഥിക്ക് ഒന്നരലക്ഷത്തോളം രൂപ ഫീസിനത്തിൽ അടയ്‌ക്കേണ്ടിയും വരുന്നു. ഇങ്ങനെ വൻ കൊള്ള നടത്താൻ കൂടിയാണ് മാനേജ്‌മെന്റ് ശ്രമിക്കുന്നതെന്നും വിദ്യാർത്ഥികൾ പറയുന്നു.
വൈദ്യുതി ബോർഡിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് കോളേജിന്റെ പ്രിൻസിപ്പലെന്നും അധ്യയനമേഖലയിൽ വേണ്ടത്ര യോഗ്യതയില്ലാതെയാണ് പ്രിൻസിപ്പലിനെ നിയമിച്ചതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
സമാനമായ രീതിയിൽ മുൻ വർഷങ്ങളിലും ഇവിടെ പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ട്. ഹാജർ നൽകാതിരുന്നതിനാൽ ഒരു വിദ്യാർത്ഥി കോളേജിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. കോളേജിൽ അമിത ഫീസാണ് ഈടാക്കുന്നതെന്നും വിദ്യാർത്ഥികൾക്ക് പരാതിയുണ്ട്. പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ മാനേജ്‌മെന്റിന്റെ ആൾക്കാൾ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്.
മുഴുവൻ വിദ്യാർത്ഥികളെയും പരീക്ഷയെഴുതിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ കലക്ടർക്ക് പരാതി നൽകി. പരാതി അന്വേഷിക്കാൻ കലക്ടർ ആർഡിഒയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആർഡിഒ നിർദേശപ്രകാരം വില്ലേജ് ഓഫീസർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.