കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ വിദ്യാലയങ്ങളിലെ ആഘോഷ പരിപാടികൾക്ക് വിദ്യാർത്ഥികളിൽ നിന്നും പണം പിരിക്കുന്നത് കർശ്ശനമായി നിരോധിച്ച് കൊണ്ട് വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവ് പുറത്തിറങ്ങി. ഇനി ഈ ഉത്തരവ് പ്രകാരം ആഘോഷ പരിപാടികളിൽ കലാ പരിപാടികൾ അവതരിപ്പിക്കുന്ന വിദ്യാർത്ഥികൾക്ക് സ്‌കൂൾ യൂനിഫോമിൽ മാത്രമേ പരിപാടികൾ അവതരിപ്പിക്കാൻ കഴിയുകയുള്ളൂ.

പ്രത്യേക സാഹചര്യത്തിൽ ആവശ്യമായി വരുന്ന ഫാൻസി ഡ്രസ്സുകൾക്ക് പ്രത്യക്ഷമായോ പരോക്ഷമായോ വിദ്യാർത്ഥികളിൽ നിന്നും യാതൊരു വിധ ചാർജ്ജും ഈടാക്കാൻ പാടില്ലെന്നും വകുപ്പ് ഡയറക്റ്റർ ഫൈസൽ അൽ മുഖ്‌സിദ് പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു. ഇതുകൂടാതെ വിദ്യാലയത്തിനു പുറത്ത് മറ്റു സംഘടനകളിലോ സ്ഥാപനങ്ങളിലോ പരിപാടികൾ അവതരിപ്പിക്കുന്നതിനു മന്ത്രാലയത്തിൽ നിന്നും വിദ്യാർത്ഥികൾ പ്രത്യേകം സമ്മതം വാങ്ങിക്കണം എന്നും ഉത്തരവിൽ നിഷ്‌കർഷിക്കുന്നു. ആഘോഷ പരിപാടികളുടെ പേരിൽ നടത്തുന്ന വിദ്യാലയങ്ങളിൽ നടക്കുന്ന ധൂർത്തുകൾ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ ഈ പുതിയ നടപടി.