പ്പോൾ ജോലി ഫേസ്‌ബുക്കിലാണെന്ന് ചിലരെ കളിയാക്കി പറയാറുണ്ട്. 24 മണിക്കൂറും ഫേസ്‌ബുക്കിൽ ചുമ്മാ ചാററിക്കൊണ്ടിരിക്കുന്നവർക്കിട്ട് ഒരു താങ്ങ് കൊടുക്കാനാണിങ്ങനെ പറയാറുള്ളത്. ജോലിയും കൂലിയുമൊന്നുമില്ലാതെ ചുമ്മാ ഫേസ്‌ബുക്കിൽ പെറ്റ് കിടന്നിട്ടെന്ത് കിട്ടാനായെന്ന് ചോദിച്ച് മുതിർന്നവർ യുവാക്കളെ വഴക്ക് പറയുന്നതും ഇന്നത്തെ സ്ഥിരം കാഴ്ചയാണ.് എന്നാൽ ഡൽഹി ഐഐടിയിലെ രണ്ട് കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾക്ക് ഇനി ജോലിയും കൂലിയുമേകുന്നത് ഫേസ്‌ബുക്കായിരിക്കും. കൂലിയെന്നാൽ ചില്ലറയൊന്നുമല്ല കേട്ടോ...! ഏതാണ്ട് ഒന്നരക്കോടി വാർഷിക ശമ്പളം വാഗ്ദാനം നൽകിയാണ് ഫേസ്‌ബുക്ക് ഈ ഇന്ത്യന്മിടുക്കന്മാരെ കരസ്ഥമാക്കിയിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ 1.42 കോടി വാർഷിക ശമ്പളം നൽകിയാണ് ഫേസ്‌ബുക്ക് ഇവരെ സെലക്ട് ചെയ്തിരിക്കുന്നത്. ഇതിന് മുമ്പ് മുംബൈ ഐഐടിയിലെ മൂന്ന് വിദ്യാർത്ഥികളെയും ഫേസ്‌ബുക്ക് ഇതേ പാക്കേജിൽ നിയമിച്ചിരുന്നു.

അടുത്തിടെ ഡൽഹി ഐഐടിയിൽ നടന്ന പ്ലേസ്‌മെന്റ് ഡ്രൈവിൽ നിരവധി പേർ ഉയർന്ന ശമ്പളത്തിന് അന്താരാഷ്ട്ര കമ്പനികളിൽ ജോയിന്റ് ചെയ്തു. അതേ സമയം ചിലർ വിദേശകമ്പനികളിലെ വമ്പൻ ഓഫറുകൾ നിരസിച്ച് ഇന്ത്യയിൽ സേവനമനുഷ്ഠിക്കാൻ തീരുമാനിച്ച സംഭവങ്ങളും ഈ പ്ലേസ്‌മെന്റ് ഡ്രൈവിൽ അരങ്ങേറിയിരുന്നു.

നാലോ അഞ്ചോ വിദ്യാർത്ഥികളാണ് വിദേശത്തെ ഉയർന്ന ശമ്പളം നിരസിച്ച് അവിടങ്ങളിൽ ജോലിക്ക് പോകാതെ മാറി നിന്നതെന്ന് റിപ്പോർട്ടുണ്ട്. 77 ലക്ഷം വരെ അടിസ്ഥാന വാർഷിശമ്പളം വാഗ്ദാനം ചെയ്തിട്ടും ഈ ഇന്ത്യൻ വിദ്യാർത്ഥികൾ വഴങ്ങിയിട്ടില്ല. പ്രസ്തുത കമ്പനികളുടെ ഇന്ത്യയിലെ ശാഖകളിൽ പ്രവർത്തിക്കാനുള്ള ഓഫറിന് മുന്നിലും അവർ വഴങ്ങിയില്ലെന്ന് ഡൽഹി ഐഐടിയിലെ വൃത്തങ്ങൾ അറിയിച്ചു. പ്ലേസ്‌മെന്റ് ഡ്രൈവിന്റെ ആദ്യ ആഴ്ചയിൽ തന്നെ ഡൽഹി ഐഐടിയിലെ വിദ്യാർത്ഥികൾക്ക് 600ൽപരം അവസരങ്ങൾ ലഭിച്ചിരുന്നു.

കഴിഞ്ഞവർഷത്തേക്കാൾ 30 ശതമാനം അധികം തൊഴിലവസരങ്ങളാണ് ഇപ്രാവശ്യം ക്യാമ്പസ് റിക്രൂട്ട് മെന്റിലൂടെ ഡൽഹി ഐഐടിയിൽ എത്തിയിരിക്കുന്നത്. ബാച്ചിന്റെ 50ശതമാനത്തോളം ഇതിലൂടെ പ്ലേസ് ചെയ്യപ്പെട്ടതായി ഡൽഹി ഐഐടി രജിസ്ട്രാർ രാകേഷ് കുമാർ പറയുന്നു. ഫേസ്‌ബുക്ക് രണ്ട് കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾക്ക് വാഗ്ദാനം നൽകിയ 1.42 കോടി വാർഷിക ശമ്പളമാണ് ഇതിൽ ഏറ്റവും ഉയർന്ന ശമ്പളമെന്നും ഐഐടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഫേസ്‌ബുക്കിന് പുറമെ ഗൂഗിൾ, മൈക്രോസോഫ്റ്റ്, എന്നിവയും ഫ്‌ലിപ്കാർട്ട്, ഓലകാബ്‌സ്, സ്‌നാപ്ഡീൽ, സോസ്‌റ്റെൽ, വിമോക്ക് തുടങ്ങിയ സ്റ്റാർ്ട്ടപ്പുകളും പ്ലേസ്‌മെന്റ് ഡ്രൈവിൽ പങ്കെടുത്തിരുന്നു.

ഉന്നത ശമ്പളമുണ്ടായിട്ടും വിദേശ കമ്പനികളിലെ ജോലി വേണ്ടെന്ന് വയ്ക്കുന്നത് ഇന്ത്യൻ ഉദ്യോഗാർത്ഥികളിൽ ഒരു ട്രന്റാവുകയാണെന്നാണ് അടുത്തിടെ നടന്ന സംഭവങ്ങൾ സൂചിപ്പിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കാൺപൂർ ഐഐടിയിലെ നാല് വിദ്യാർത്ഥികൾ വർഷത്തിൽ ഒരു കോടി രൂപ ശമ്പളമുള്ള വിദേശ ഓഫർ വേണ്ടെന്ന് വച്ചത് വാർത്തയായിരുന്നു. ഇതിൽ രണ്ടു പേർ തൊഴിൽപരമായ സംതൃപ്തിക്ക് മുൻഗണന നൽകി മാറിനിന്നപ്പോൾ മറ്റ് രണ്ടു പേർ ഉന്നതപഠനത്തിന് മുൻതൂക്കം നൽകിയാണ് വിദേശത്തെ ഉയർന്ന ശമ്പളവും ജോലിയും വേണ്ടെന്ന് വച്ചത്.