നുഷ്യൻ ഒരു സാമൂഹ്യജീവിയാണ്. അവന്റെ ജീവിതത്തിന്റെ വിവിധ മേഖലകളിലും സ്പർശിച്ചു നിൽക്കുന്നതാണ് രാഷ്ട്രീയം. മാതാവിന്റെ ഗർഭാശയംമുതൽ മറവുചെയ്യുന്ന കുഴിമാടംവരെയും ശ്വസിക്കുന്ന വായുമുതൽ കുടിക്കുന്ന വെള്ളംവരെയും രാഷ്ട്രീയ തീരുമാനങ്ങളുടെ സ്പർശനങ്ങളേറ്റാണ് കടന്നുപോകുന്നത്. ഭ്രൂണഹത്യ നിയമപ്രകാരം ശിക്ഷാർഹമാണെന്നും മൃതദേഹത്തോട് അനാദരവ് കാണിക്കൽ കുറ്റകരമാണെന്നും ശ്വസിക്കാനുള്ള വായുവും കുടിക്കാനുള്ള വെള്ളവും അവകാശപ്പെട്ടതാണെന്നും നിഷേധിക്കൽ ഭരണഘടനാപരമായി നിഷിദ്ധമാണെന്നുമുള്ള നിയമങ്ങളും വ്യവസ്ഥകളും, അതിന്മേലുള്ള വ്യവഹാരങ്ങളും നടത്തുന്നതും നിയന്ത്രിക്കുന്നതും രാഷ്ട്രീയാധികാരത്തിന്റെ പിൻബലത്തിലും സംരക്ഷണത്തിലുമാണ്.

ലോകത്താകമാനമുള്ള ചെറുതും വലുതുമായ രാഷ്ട്രങ്ങളിൽ നിലനിൽക്കുന്ന അധികാരരീതികൾ അഥവാ ഭരണ രീതികൾ വ്യത്യസ്തങ്ങളാണ്. രാജഭരണവും ഏകാധിപത്യവും സമഗ്രാധിപത്യവുമൊക്കെയാണ് വിവിധ രാഷ്ട്രങ്ങളിൽ നിലവിലുള്ളത്. താരതമ്യേന ഭേദപ്പെട്ടതും ഏറ്റവും പുതിയതുമായ ഭരണവ്യവസ്ഥ ജനാധിപത്യമാണ്. ജനങ്ങൾക്ക് വേണ്ടി ജനങ്ങളിൽ നിന്ന് ജനങ്ങളാൽ തെരഞ്ഞെടുക്കുന്ന പ്രതിനിധികളാണ് ജനാധിപത്യത്തിൽ അധികാരികൾ. ഇവർ തെരഞ്ഞെടുക്കപ്പെടുന്നത് കഴിവും പ്രാപ്തിയും പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനങ്ങളുടെ ആശയവും പ്രവർത്തനങ്ങളും ഇഴകീറി പരിശോധിച്ചും പരിഗണിച്ചുമാണ്. തെരഞ്ഞെടുക്കപ്പെട്ട് കഴിഞ്ഞാൽ അനുകൂലിച്ചവനാണെന്നോ, പ്രതികൂലിച്ചവനാണെന്നോ വ്യത്യാസമില്ലാതെ ഭരിക്കപ്പെടുന്നവരുടെ പ്രാഥമികാവശ്യങ്ങൾമുതൽ മൗലികാവകാശങ്ങൾവരെ നിറവേറ്റിക്കൊടുക്കാൻ ഭരണഘടനാപരമായി ബാധ്യസ്ഥരാണ്.

ലോകത്തിലെ ഏറ്റവും വലുതും ആധുനികവും ഭേദപ്പെട്ടതുമായ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ജനാധിപത്യത്തിന്റെ അസ്ഥിവാരമാണ് ഇവിടത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ. പ്രായപൂർത്തി വോട്ടവകാശമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വം. ജാതി-മത-വർഗ്ഗ-ഭാഷ-ലിംഗ വ്യത്യാസമില്ലാതെ 18 വയസ്സ് പൂർത്തിയായവർക്ക് രാഷ്ട്രകാര്യങ്ങളിൽ പങ്കാളിയാകാം. രാജ്യത്തിന്റെ ഭരണഘടനാപരമായ വിധിവിലക്കുകൾ സ്വയം പാലിക്കുകയും സഹജീവികളെ പാലിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് രാഷ്ട്രീയ പ്രവർത്തനം. മെച്ചപ്പെട്ട വിദ്യാഭ്യാസവും സാംസ്‌കാരികമായ ഉന്നതിയും ഉള്ളവർ പ്രതിനിധികളും നേതാക്കന്മാരുമാകുമ്പോഴാണ് ഭരണവും രാഷ്ട്രീയ പ്രവർത്തനവും മൂല്യവത്താകുന്നത്. കാര്യബോധവും പരിചയമുള്ളവർ നല്ല രാഷ്ട്രത്തേയും സംവീധാനങ്ങളേയും സൃഷ്ടിക്കുന്നു. ഇവിടെയാണ്. വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ പ്രസക്തി ഒരു കണക്കിന് രാഷ്ട്രീയം തന്നെയാണ് വിദ്യഭ്യാസം, ഇന്നലെകളിലെ ലോകത്തിന്റെ രാഷ്ട്രീയ വർത്തമാനങ്ങളും വ്യതിയാനങ്ങളുമാണ് ഇന്ന് നമ്മൾ പഠിക്കുന്ന ചരിത്രം.

വിചാരപ്പെടാനും വിവേചിച്ചറിയാനും കഴിവുള്ള തലമുറയാണ് ഇന്ന് ക്യാമ്പസുകളിലേക്ക് വരുന്നത്. പ്രീഡിഗ്രി എടുത്ത് കളഞ്ഞതോടെ തികച്ചും പക്വമതികളായ ജനാധിപത്യ സംവിധാനത്തിലെ പ്രായപൂർത്തി വോട്ടവകാശമുള്ള തികഞ്ഞ ഇന്ത്യൻ പൗരന്മാരാണ് ക്യാമ്പസിനകത്തുള്ളത്. രാഷ്ട്രകാര്യങ്ങളിൽപോലും നിർണായക പങ്കുവഹിക്കാൻ സാധ്യമാകുന്ന ഇവർക്ക് തങ്ങളുടെ ക്യാമ്പസുകളുടെ, സർവ്വകലാശകളുടെ അക്കാദമിക അക്കാദമികേതര കാര്യങ്ങൾ ആരുനയിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം വേണ്ടതുതന്നെയാണ്. ജനാധിപത്യരാജ്യത്ത് വളരുന്ന തലമുറയ്ക്ക് ജനാധിപത്യ ബോധമുണ്ടാക്കാൻ ഇത് അനിവാര്യവുമാണ്. ബ്യൂറോക്രാറ്റുകളേയും എക്‌സിക്യൂട്ടീവിനേയും മാത്രം നിർമ്മിക്കാനുള്ളതല്ല ക്യാമ്പസുകൾ. നേതാക്കന്മാരും ഭരണാധികാരികളും പിറവി എടുക്കേണ്ടതും ക്യാമ്പസിന്റെ മടിത്തട്ടിൽ നിന്നാണ്. വിജ്ഞാനികളായ രാഷ്ട്രീയ നേതൃത്വത്തെ സൃഷ്ടിക്കാൻ ക്യാമ്പസുകൾക്ക് കഴിയുമെന്നതിൽ തർക്കമില്ല. വിദ്യാർത്ഥി രാഷ്ട്രീയത്തിലെ ഒരുകാലത്തെ അതികായന്മാരിൽ പ്രമുഖരാണ് ഇന്നും കേരളത്തേയും പലപ്രസ്ഥാനങ്ങളേയും നയിച്ചുകൊണ്ടിരിക്കുന്നത് എന്നത് എടുത്തു പറയേണ്ടതാണ്.

ജീവിക്കുന്ന സമൂഹത്തിന്റെ പരിച്ഛേദമാണ് ക്യാമ്പസുകൾ. സാമൂഹിക പരിവർത്തനത്തിനും രാഷ്ട്രീയ വ്യതിയാനത്തിനും വേണ്ടി നടക്കുന്ന പ്രക്ഷോഭങ്ങളിലും പരിശ്രമങ്ങളിലും വിദ്യാർത്ഥികളും നിസ്തുലമായ പങ്കുവഹിക്കുന്നുണ്ടെന്നതിൽ രണ്ടഭിപ്രായമില്ല. അതുകൊണ്ടുതന്നെ അവർക്ക് രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടാനുള്ള അവകാശം നിഷേധിക്കുന്നത് മൗഢ്യമാണ്. ലോകത്തെ ഒരുപാട് ചലനങ്ങൾക്കും വിപ്ലവങ്ങൾക്കും പിന്നിൽ വിദ്യാർത്ഥിശക്തിയും ആശയങ്ങളുമുണ്ടായിരുന്നു എന്നത് ചരിത്രത്തിൽ നിഷേധിക്കാനാവാത്ത യാഥാർഥ്യങ്ങളാണ്.

75 വർഷക്കാലം സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ഏകാധിപത്യരീതിയിൽ പൗരാവകാശങ്ങൾ ലംഘിച്ചും മറ്റു രാഷ്ട്രീയ പ്രവർത്തനത്തിന് കൂച്ച് വിലങ്ങിട്ടും അവിഭക്ത റഷ്യയിൽ ഭരണം നടത്തി. സോവിയറ്റ് യൂണിയനിലെ ജനങ്ങളുടെ സകലമാന അവകാശങ്ങൾക്കുമേലും ഇവർ ആധിപത്യം സ്ഥാപിച്ചപ്പോൾ അവിടത്തെ വിദ്യാർത്ഥികളും യുവാക്കളും ഒരു പരിവർത്തനത്തിനുവേണ്ടി നിതാന്തപരിശ്രമം നടത്തി അവസാനം ഒരു വലിയ രാജ്യത്തിന്റെ പൊട്ടിത്തെറിക്ക് ഹേതുവായത് ക്ഷുഭിതയൗവനങ്ങളുടെ ആശയങ്ങളായിരുന്നു. ജനാധിപത്യത്തിനുവേണ്ടി ചൈനയിലെ വിദ്യാർത്ഥികൾ ടിയാനന്മെൻ സ്‌ക്വയറിൽ ഒത്തുചേർന്നത് ലോകചരിത്രത്തിൽ മായ്ച്ചുകളയാൻ കഴിയാത്ത അദ്ധ്യായമാണ്. കമ്മ്യൂണിസ്റ്റ് ഏകാധിപതികൾ ആയിരക്കണക്കായ വിദ്യാർത്ഥികൾക്ക് മീതെ ടാങ്കറുകൾ ഉരുട്ടിയും വെടിവച്ചും ആ സമരത്തെ ചോരയിൽ മുക്കി. 32 വർഷക്കാലം തന്റെ പട്ടാളബൂട്ടുകൾക്കിടയിൽ ഇന്തോനേഷ്യയെ ചവിട്ടിമെതിച്ച ജനറൽ സുഹാർത്തോയെ അധികാര ഭ്രഷ്ടനാക്കിയതിന് പിന്നിൽ ക്യാമ്പസുകളിൽ നിന്ന് തുടക്കം കുറിച്ച പ്രക്ഷോഭങ്ങളായിരുന്നു ഇന്ത്യയിലെ സ്വാതന്ത്ര്യ പോരാട്ടങ്ങൾ കൊടുമ്പിരി കൊണ്ടപ്പോഴും രാഷ്ട്രപിതാവ് മഹത്മാഗാന്ധി കലാലയങ്ങളുപേക്ഷിച്ച് പുറത്ത് വരാനും ബ്രിട്ടീഷ് ഭരണാധികാരികൾക്കെതിരെ നടക്കുന്ന അതിരൂക്ഷമായ സ്വാതന്ത്ര്യ പോരാട്ടത്തിൽ പങ്കെടുക്കുവാനും വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു. ഇന്ത്യയുടെ സ്വാതന്ത്ര്യം വിദ്യാർത്ഥികളുടേയും കൂടി പോരാട്ടത്തിന്റെ വിജയമായിരുന്നു. ഇങ്ങനെ ചരിത്രത്തിൽ വിദ്യാർത്ഥി സംബന്ധിയായ രാഷ്ട്രീയ കാര്യങ്ങൾ ലിഖിതവും അലിഖിതവുമായത് ഏറെയുണ്ട്.

സ്വതന്ത്രഭാരതത്തിൽ പലതിന്റെയും പേരിൽ പിന്നോക്കമാവുകയും അവഗണിക്കുകയും ചെയ്ത മത-വർഗ്ഗ-ജാതി ന്യൂനപക്ഷ വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും രാഷ്ട്ര നിർമ്മാണ പ്രക്രിയയിൽ പങ്കാളികളാക്കാനും വിദ്യാർത്ഥികളുടേയും വിദ്യാർത്ഥി പ്രസ്ഥനങ്ങളുടേയും ഇടപെടലുകൾക്ക് സാധ്യമായിട്ടുണ്ട്. ഭരണഘടന വിഭാവനം ചെയ്യുന്ന ആനുകൂല്യങ്ങൾ നേടിക്കൊടുക്കാനും സാർവത്രിക സൗജന്യ വിദ്യാഭ്യാസം നടപ്പിലാക്കാനും പഠിക്കാനുമുള്ള അവസരങ്ങൾ നേടിയെടുക്കാനും തുടങ്ങി. സാമൂഹികവും സാമ്പത്തികവുമായി വിദ്യാർത്ഥികൾക്കിടയിൽ നിലനിൽക്കുന്ന അസമത്വങ്ങൾക്കെതിരെ പ്രതികരിക്കാനും പലപ്രസ്ഥാനങ്ങളും നടത്തിയ സമരങ്ങളും ക്യാമ്പയിനുകളുമെല്ലാം അവരുടേതായ രാഷ്ട്രീയ ഇടപെടലുകളായിരുന്നു.

വിദ്യാഭ്യാസത്തിന്റെ നിർവചനങ്ങൾ മാറ്റിക്കൊണ്ടിരിക്കുന്ന പുതിയ തലമുറ ക്യാമ്പസുകൾ അരാഷ്ട്രീയവൽകരിക്കുകകൂടി ചെയ്താൽ പരിപൂർണ്ണമായ നിഷ്‌ക്രിയത്വത്തിലേക്ക് വഴിനടക്കും. തന്റെ വിദ്യാഭ്യാസവും സാക്ഷ്യപത്രങ്ങളും തന്റെ കരിയറിനുമാത്രം ഉപയോഗപ്പെടുത്താനുള്ളതാണെന്ന് ചിന്തിക്കുന്ന തലമുറ സാമൂഹിക പ്രതിബദ്ധത തൊട്ടുതീണ്ടാത്തവരായി വളരാൻ രാഷ്ട്രീയ ബോധമില്ലായ്മ വഴിവയ്ക്കും. വിദ്യർത്ഥി രാഷ്ട്രീയം അറുത്തുമാറ്റാൻ കോപ്പു കൂട്ടുന്നവർ എന്ത് ന്യായമാണ് അതിനായി കണ്ടെത്തിയെതെന്ന് വ്യക്തമാക്കേണ്ടതുണ്ട്. അറിയപ്പെടുന്ന പല മാനേജ്‌മെന്റുകളും ഇതിനോടകം ക്യാമ്പസുകളിൽ രാഷ്ട്രീയത്തിന് വിലക്കേർപ്പെടുത്തി കഴിഞ്ഞു. പലതും അതിനായി കോടതികയറാനും പോവുകയാണ്. ബന്ദും പഠിപ്പുമുടക്കും അക്രമങ്ങളും മാത്രമാണ് വിദ്യാർത്ഥി രാഷ്ട്രീയമെന്ന ധാരണ വച്ചുപുലർത്തുന്നവരാണ് ക്യാമ്പസ് രാഷ്ട്രീയത്തിനെതിരെ വാളെടുക്കുന്നത്. ജനാധിപത്യത്തിൽ നിലനിൽക്കുന്ന മുഴുവൻ സംവിധാനങ്ങൾക്കും അതിന്റേതായ ഗുണദോഷങ്ങളുണ്ട്. എന്നാൽ ദോഷങ്ങളെ മാത്രം പർവതീകരിക്കുന്നത് സംവേദനക്ഷമതയുള്ള ഒരു തലമുറയ്ക്ക് ഭൂഷണമല്ല. കാപാലിക രാഷ്ട്രീയം കൊണ്ട് ക്യാമ്പസുകളെ മലീമസമാക്കിയ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ ഇന്നും ഇതേരീതികൾ തുടരുന്നു എന്നത് വിദ്യാർത്ഥി രാഷ്ട്രീയം നേരിടുന്ന വെല്ലുവിളിതന്നെയാണ്. ആശയ സംഘട്ടനങ്ങൾ നടക്കേണ്ടിടത്ത് ആരോഗ്യ സംഘട്ടനം നടക്കുന്നത് എന്തിന്റെ പേരിലായാലും എതിർക്കപ്പെടേണ്ടത് തന്നെയാണ്. ആശയ ദാരിദ്ര്യം നേരിടുന്നവർക്കും തങ്ങളുടെ സമീപനങ്ങൾ വിദ്യാർത്ഥികളെ ബോധ്യപ്പെടുത്താൻ പാകതയില്ലാത്ത വർക്കുമാണ് അക്രമകാരികളാകേണ്ടി വരുന്നത്. കാലത്തെ അതിജീവിക്കാൻ കഴിയാത്ത പ്രത്യയശാസ്ത്രങ്ങളുടെ പിന്മുറക്കാർ വിദ്യാർത്ഥികളെ ഭീതിപ്പെടുത്തി തങ്ങളുടെ വരുതിയിൽ നിർത്താൻ പുതിയകാലത്തും ശ്രമിക്കുന്നത് ആശാവഹമല്ല. രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും പേരിൽ കലാപങ്ങളും കൊലപാതകങ്ങളുമൊരുപാട് നടന്നിട്ടുണ്ട് നമ്മുടെ നാട്ടിൽ. എന്നാൽ അതിനെ നേരിടാനുള്ള ക്രിയാത്മകമായ നടപടികൾ സ്വീകരിക്കുകയാണ് നാം ചെയ്യാറുള്ളത്. അതിന്റെ പേരിൽ മതങ്ങളെയോ ജനാധിപത്യത്തെ തന്നെയോ ഇന്നോളം വിലക്കിയിട്ടില്ല. അത് എലിയെ പേടിച്ച് ഇല്ലം ചുടുന്നതിന് സമാനമാണല്ലോ! ക്യാമ്പസ് രാഷ്ട്രീയത്തിന്റെ ദൂഷ്യഫലങ്ങളായ ഇവയെ തടയാൻ എല്ലാ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും അവരുടേതായ പങ്ക് നിർവഹിക്കേണ്ടതുണ്ട്. ഏത് തരത്തിലുള്ള അസഹിഷ്ണുതയേയും അതിക്രമങ്ങളേയും സമാധാനം കൊണ്ട് തോൽപ്പിക്കുകയാണ് അഭികാമ്യം. തിന്മയെ നന്മകൊണ്ട് പ്രതിരോധിക്കാനാണ് സർവരും നമ്മോട് പറഞ്ഞത്.

വിദ്യാർത്ഥി രാഷ്ട്രീയത്തിന് പൂർണവിലക്കേർപ്പെടുത്തുന്നത് ക്യാമ്പസുകളെ അരാജകമാക്കാനും ഹേതുവാകും. കൃത്രിമമായ വിദ്യാഭ്യാസം മാത്രം നൽകി തടിച്ചുവീർത്ത ബ്രോയിലർ മനുഷ്യരെയല്ല സമൂഹത്തിന് വേണ്ടത്. ജീർണ്ണതകളോട് സമരം പ്രഖ്യാപിക്കാൻ തന്റേടമുള്ള പരിവർത്തന വാദികളെയാണ്. അവരെ സൃഷ്ടിക്കാൻ വിദ്യാർത്ഥി രാഷ്ട്രീയത്തിന് സാധിക്കുമെന്നതിൽ ആർക്കും എതിരഭിപ്രായമുണ്ടാകില്ല.

എംഎസ്എഫ് മലപ്പുറം ജില്ലാ സെക്രട്ടറിയാണ് ലേഖകൻ.