പത്തനംതിട്ട: സ്വയം പ്രഖ്യാപിത മെത്രാനായ കെപി യോഹന്നാന്റെ എഞ്ചിനിയറിങ് കോളേജിലെ വിദ്യാർത്ഥിയുടെ മരണത്തിൽ ദുരൂഹതകളുന്നയിച്ച് ബന്ധുക്കൾ. കല്ലടയാറ്റിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ അമൽ പിഎസിനെ കോളേജ് മാനേജ്‌മെന്റ് കടുത്ത മാനസിക പീഡനത്തിന് വിധേയനാക്കിയെന്നാണ് ആരോപണം. ഇതേ തുടർന്നാകും ആറ്റിൽ അമൽ ചാടിയതെന്നാണ് സംശയം. കൊലപ്പെടുത്താനുള്ള സാധ്യതയും ചിലർ ഉന്നയിക്കുന്നു. എന്നാൽ അമലിന്റെ ബാഗിൽ നിന്ന് ആത്മഹത്യാകുറിപ്പിന് സമാനമായ കത്ത് കിട്ടിയതിനാൽ കൊലപാതകമല്ലെന്ന നിലപാടിലാണ് പൊലീസ്. എങ്കിലും ആത്മഹത്യാകുറിപ്പിലെ വസ്തുതകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ് തയ്യാറല്ല.

മുഖ്യധാരാ മാദ്ധ്യമങ്ങളും സത്യം എഴുതാൻ മടിക്കുന്നതിനാൽ അമലിന്റെ മരണം ആത്മഹത്യയിൽ മാത്രം ഒതുങ്ങുമെന്നാണ് ആക്ഷേപം. റാന്നി കാർമൽ എൻജിനിയറിങ് കോളേജിലെ മൂന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ് അമൽ. കോളേജ് മാനേജ്‌മെന്റിന്റെ നിരന്തര പീഡനങ്ങളിൽ മാനസിക വിഷമത്തിലായിരുന്നു അമൽ. ഇതിന്റെ തുടർച്ചയാണ് മരണം. രണ്ട് ദിവസം മുമ്പാണ് അമലിനെ കാണാതായത്. കോളേജിലേക്ക് പോയ അമൽ രാത്രിയായിട്ടും മടങ്ങിയെത്താത്തിനാൽ വീട്ടുകാർ അന്വേഷണം തുടങ്ങുകയായിരുന്നു. ബൈക്കിൽ പോയ അമലിനെ തേടി കോളേജിലെ സഹപാഠികളും കൂടി. മാനേജ്‌മെന്റിന്റെ പീഡനത്തെ കുറിച്ച് ഈ സമയത്ത് തന്നെ വീട്ടുകാർക്ക് വിവരം കിട്ടുകയും ചെയ്തു.

ഇതിനിടെയാണ് കല്ലടയാറ്റിലെ കുന്നത്തൂർ പാലത്തിന് സമീപം അമലിന്റെ ബൈക്കും ബാഗും കണ്ടെത്തിയത്. ഇതോടെ അമൽ ആറ്റിൽ ചാടിയെന്നും വ്യക്തമായി. ഇതോടെ ഫയർഫോഴ്‌സ് എത്തി തെരച്ചിലും നടത്തി. ഇതിനിടെയാണ് കുടപുഴ പാലത്തിന് സമീപം അമലിന്റെ മൃതദേഹം കണ്ടെത്തിയത്. ബാഗിൽ നിന്ന് കത്തും കിട്ടി. ഇതോടെയാണ് പീഡനം വ്യക്തമാകുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം ചെയ്ത ശേഷം മൃതദേഹം സംസ്‌കരിച്ചു. കോളേജിലേയും ഹോസ്റ്റൽ അധികൃതരുടേയും പീഡനമാണ് മരണത്തിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് സൂചന.

കോളേജ് ഹോസ്റ്റലിൽ നിന്നായിരുന്നു അമൽ പഠിച്ചിരുന്നത്. എന്നാൽ പരീക്ഷകളിൽ ചില വിഷയങ്ങളിൽ അമൽ തോറ്റതോടെ കോളേജ് സമ്മർദ്ദവും തുടങ്ങി. അമലിനെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കി. അമലിന്റെ അമ്മയെ കോളേജിൽ വിളിച്ചു വരുത്തി രൂക്ഷമായ ഭാഷയിൽ അമലിനെ കുറ്റപ്പെടുത്തുകയും ചെയ്തു. ഹോസ്റ്റലിൽ കമ്പ്യൂട്ടർ ഉപയോഗവും മറ്റും കൂടുതലാണെന്നും അതുകൊണ്ടാണ് പഠനത്തിൽ മികവ് കാട്ടാനാവാത്തതെന്നുമായിരുന്നു കോളേജ് അധികൃതരുടെ കണ്ടെത്തിൽ. അമ്മയെ വിളിച്ചു പറഞ്ഞ് ഇല്ലാത്തത് പലതും കോളേജ് അധികാരികൾ പറഞ്ഞത് അമലിനെ മാനസികമായി തളർത്തി. ഇക്കാര്യമെല്ലാം ബാഗിനുള്ളിലെ കുറിപ്പിലും അമൽ രേഖപ്പെടുത്തിയിട്ടുണ്ട്.

അങ്ങനെ അമലിനെ മാനസിക സമ്മർദ്ദത്തിലാക്കിയതന്റെ ഫലമായിരുന്നു ആത്മഹത്യ. അതുകൊണ്ട് തന്നെ കോളേജ് മാനേജ്‌മെന്റിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസ് എടുക്കണമെന്നാണ് ആവശ്യം. എന്നാൽ കോളേജ് ടിസി യോഹന്നാന്റേത് ആയുതു കൊണ്ട് മാത്രം പൊലീസിന് മിണ്ടാട്ടമില്ല. കോളേജിനെതിരെ നടപടി എടുക്കാതിരിക്കാൻ പൊലീസിൽ ഉന്നതതല സമ്മർദ്ദവുമുണ്ട്. അതിനിടെ കോളേജിലെ പഠനനിലവാരത്തിലെ പ്രശ്‌നങ്ങളാണ് അമലിനേയും ബാധിച്ചതെന്ന ആക്ഷേപവും ശക്തമാണ്. ഇത് പുറത്തുവരാതിരിക്കാനാണ് അമലിനെതിരെ കള്ളക്കഥകൾ പ്രചരിപ്പിക്കുന്നതെന്നാണ് സഹപാഠികളുടെ നിലപാട്. ഇതൊക്കെ പുറത്തു പറഞ്ഞാൽ കോളേജിൽ നിന്ന് പുറത്താക്കുമെന്ന ഭീഷണിയും കുട്ടികൾക്കുണ്ട്.

കൊട്ടാരക്കര പുത്തൂർ കരിമ്പിൻപുഴ താഴം പ്രസന്ന വിലാസത്തിൽ പ്രസന്നകുമാർ-സുജ ദമ്പതിമാരുടെ മകനാണ് മരിച്ച അമൽ. അഖിലാണ് സഹോദരൻ.