കേരളത്തിൽ എവിടെയും, സി ക്ളാസ്സ് ടൗണുകളിൽ ഉൾപ്പടെ വിദേശപഠനത്തിന് സഹായിക്കുന്ന ഏജൻസികളുടെ പരസ്യം കാണുന്നു. പത്രങ്ങളിലും. കേരളത്തിലെ ഏത് കോളേജിൽ പോയാലും കുട്ടികൾ ഈ കാര്യം ചോദിക്കുന്നു.

ഓരോ വർഷവും ആയിരക്കണക്കിന് വിദ്യാർത്ഥികൾ ആണ് ഇപ്പോൾ കേരളത്തിൽ നിന്നും വിദേശത്തേക്ക് പോകുന്നത്. പണ്ടൊക്കെ അമേരിക്ക, കാനഡ, ആസ്ട്രേലിയ, യു കെ ഒക്കെ ആയിരുന്നു സ്ഥിരം ലക്ഷ്യം എങ്കിൽ ഇപ്പോൾ പുതിയ രാജ്യങ്ങൾ ആണ്. ഹോട്ടനേജ്മെന്റ് പഠിക്കാൻ സ്വിറ്റസർലാൻഡിലേക്ക്, പൈലറ്റ് ആവാൻ ഫിലിപ്പൈൻസിലേക്ക്, ഡോക്ടർ ആവാൻ ചൈന, എൻജിനീയർ ആവാൻ ഉക്രൈൻ എന്നിങ്ങനെ നമ്മൾക്ക് പരിചയം ഇല്ലാത്ത സ്ഥലങ്ങളിൽ ആണ് കുട്ടികൾ പോകാൻ ശ്രമിക്കുന്നതും ഏജൻസികൾ കയറ്റി വിടുന്നതും.
.
നമ്മുടെ കുട്ടികൾ വിദേശത്ത് പഠിക്കാൻ പോകണം എന്നും അഞ്ചു സെന്റ് സ്ഥലം വിറ്റിട്ടാണെങ്കിലും കല്യാണത്തിന് രണ്ടായിരത്തിന് പകരം ഇരുന്നൂറു പേരെ വിളിച്ചിട്ടാണെങ്കിലും കുട്ടികളെ വിദേശത്ത് പഠിപ്പിക്കാൻ വിടണം എന്നും പറയുന്ന ഒരാളാണ് ഞാൻ. അതുകൊണ്ടുതന്നെ ഇതൊരു നല്ല കാര്യം ആണ് എന്ന് ഒറ്റയടിക്ക് തോന്നാം. പക്ഷെ ഇക്കാര്യത്തിൽ എവിടെ പോകണം എന്നോ എങ്ങനെ പോകണം എന്നോ വിദ്യാർത്ഥികൾക്ക് യാതൊരു അറിവും ഇല്ല, ബഹുഭൂരിപക്ഷം വരുന്ന മാതാപിതാക്കൾക്കും. അവർ ഏതെങ്കിലും ഏജൻസിയെ സമീപിക്കുന്നു, അല്ലെങ്കിൽ ഏജൻസികൾ അവരെ സമീപിക്കുന്നു.

ഈ ഏജൻസികൾ ആകട്ടെ കഴിഞ്ഞ തലമുറയിലെ ഗഫൂർ കാ ദോസ്തുമാരുടെ പുതിയ രൂപം ആണ്. എങ്ങനെയും കുട്ടികളെ വിദേശത്ത് എത്തിക്കുകയാണ് അവരുടെ ലക്ഷ്യം. പലർക്കും ക്വോട്ട തന്നെ ഉണ്ട്, അതനുസരിച്ചാണ് അവർക്ക് പ്രതിഫലം കിട്ടുന്നത്. മുന്നിൽ വരുന്ന കുട്ടികളെ വിദേശ രാജ്യങ്ങളിലെ വിദ്യാഭ്യാസത്തെ പറ്റി, അവിടുത്തെ ചെലവിനെ പറ്റി, തൊഴിൽ സാധ്യതകളെ പറ്റി ഒക്കെ അർത്ഥ സത്യങ്ങളും അസത്യങ്ങളും ഒക്കെ പറഞ്ഞു പ്രലോഭിക്കുന്നു. 'ഇത്തിരി പരുത്തിക്കുരു, ഇത്തിരി കടല പിണ്ണാക്ക്' എന്ന പോലെ, ഒരു പത്തു ലക്ഷം രൂപ, പിന്നെ യാത്രയുടെ ചെലവ്, മൂന്നു മാസം കഴിഞ്ഞാൽ ജർമ്മനിയിൽ മാസത്തിൽ എൺപത് മണിക്കൂർ ജോലി ചെയ്യാം പിന്നെ യൂറോ 'ശറപറേന്ന്' വരികയല്ലേ എന്നൊക്കെ കേട്ട് കുട്ടികളുടെ മാതാപിതാക്കൾ അന്തം വിടുന്നു. പെൻഷൻ സമ്പാദ്യം എടുത്തോ, കിടപ്പാടം പണയപ്പെടുത്തിയോ കുട്ടികളെ പറഞ്ഞയക്കുന്നു.

മാതാപിതാക്കളുടെ പി എഫ് ലോൺ എടുത്ത് സ്വീഡനിൽ പഠിക്കാൻ പോയ ഒരു എൻജിനീയർ ഫ്രാൻസിൽ ഇറച്ചി വെട്ടുകാരനായി എത്തിയ കഥ ഞാൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. കുട്ടികളെ വിദേശത്ത് വിട്ടു പഠിപ്പിച്ചതിന്റെ ചെലവ് താങ്ങാൻ വയ്യാതെ കഷ്ടപ്പെടുന്നവരുടെ കഥ ഒന്നൊന്നായി ഞാൻ കേൾക്കുന്നു. ഇതിനി കൂടാൻ പോവുകയാണ്, അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ ചിലത് പറയാതെ വയ്യ.

1. എല്ലാ വിദേശ രാജ്യങ്ങളിലെ പഠനവും ഒരുപോലെ അല്ല. നമ്മളെക്കാൾ നല്ല വിദ്യാഭ്യാസം ഉള്ള സ്ഥലങ്ങൾ ഉണ്ട്, നമ്മളെക്കാൾ മോശമായ സ്ഥലങ്ങളും ഉണ്ട്. വിദേശം എന്ന് കേട്ടതുകൊണ്ട് മാത്രം ഓടിപ്പോകരുത്.

2. വിദേശരാജ്യങ്ങളിലെ കോഴ്സുകൾ പലതും നമ്മുടെ നാട്ടിലും മറ്റു നാടുകളിലും അംഗീകരിക്കപ്പെട്ടതല്ല. ഇത് പ്രത്യേകം ശ്രദ്ധിക്കണം.

3. എല്ലാ വിദേശ രാജ്യങ്ങളും സമ്പന്നമല്ല, വിദേശത്തു പഠിച്ചാൽ അവിടെ ജോലി കിട്ടിയാൽ പോലും നമ്മുടെ ലോൺ അടച്ചു തീർക്കാൻ പറ്റിയെന്നു വരില്ല. ഇതൊക്കെ മുൻകൂർ അന്വേഷിക്കണം.

4.പഠനകാലത്ത് ജോലി ചെയ്യാൻ അനുമതി ഉണ്ട് എന്നതിന്റെ അർഥം അവസരം ഉണ്ടാവും എന്നതല്ല. യൂറോപ്യൻ രാജ്യങ്ങളിൽ അവിടുത്തെ ഭാഷ പ്രധാനമാണ്, മറ്റു രാജ്യങ്ങളിൽ ശമ്പളം ഏറെ കുറവാണ്, വേറെ രാജ്യങ്ങളിൽ അവിടുത്തെ നാട്ടുകാരുടെ തന്നെ തൊഴിലില്ലായ്മ ഉണ്ട്.

5. വിദേശരാജ്യങ്ങളിലെ പഠന അവസരങ്ങളെ പറ്റി അടിസ്ഥാനമായ അന്വേഷണം നിങ്ങൾ തന്നെ നടത്തണം. നിങ്ങളുടെ ബന്ധുക്കളോ,സുഹൃത്തുക്കളോ അവിടെ പോയ സീനിയേഴ്സോ ഒക്കെ ആയി സംസാരിക്കണം. അവസാന കയ്യായിട്ടേ ഏജന്റുമാരുടെ അടുത്ത് പോകാവൂ.

6. വിദേശ പഠനത്തിന്റെ ഏജന്റുമാർ പറയുന്ന ഏതു കാര്യവും നിങ്ങളെ അതിലേക്ക് ആകർഷിക്കാനും അവർക്ക് ഗുണം ഉണ്ടാക്കാനും ഉള്ളതാണെന്നുള്ള ചിന്തയിൽ നിന്ന് വേണം വിലയിരുത്താൻ. അതുകൊണ്ടു തന്നെ തീരുമാനം എടുക്കുന്നതിന് മുൻപ് സെക്കൻഡ് ഒപ്പീനിയൻ എങ്ങനെയും എടുക്കണം.

7. ഇന്റർനെറ്റിൽ കാണുന്നതെല്ലാം സത്യമല്ല. ഒരു നല്ല യൂണിവേഴ്‌സിറ്റി ഉണ്ടാക്കുന്നതിലും ഏറെ ചെലവ് കുറവാണ് നല്ല വെബ്‌സൈറ്റ് ഉണ്ടാക്കാൻ. അത് രണ്ടും ഒന്നാണെന്ന് ധരിക്കരുത്.

8. വിവിധ രാജ്യങ്ങളിലെ വിദ്യാഭ്യാസ അവസരങ്ങളെ പറ്റിയും തൊഴിൽ അവസരങ്ങളെ പറ്റിയും ഒക്കെ ഈ വർഷത്തിൽ തന്നെ കൂടുതൽ ഗൈഡൻസ് തരാൻ ശ്രമിക്കാം, പക്ഷെ തൽക്കാലം എങ്കിലും അല്പം മുൻകരുതലോടെ വേണം ഈ വിഷയത്തെ സമീപിക്കാൻ.

9. കേരളത്തിലെ എല്ലാ ഉന്നത വിദ്യാഭ്യാസ ഏജന്റുമാരും തട്ടിപ്പുകാരാണെന്നോ എല്ലാവരും തട്ടിപ്പിനിരയാകുകയാണെന്നോ ഞാൻ അർത്ഥമാക്കുന്നില്ല.പക്ഷെ തൽക്കാലം എങ്കിലും ആരാണ് വിശ്വസനീയം എന്ന് പറയാനുള്ള ഒരു സംവിധാനം സർക്കാരിനില്ല, എനിക്കും, അപ്പോൾ അല്പം അധികമായ ശ്രദ്ധ വേണം.

നമുക്ക് പരിചയം ഇല്ലാത്ത വിദേശ രാജ്യങ്ങളിൽ ജോലി തരാം എന്ന് പറഞ്ഞു വേറെ ഗഫൂർ കാ ദോസ്തുമാർ ഇറങ്ങിയിട്ടുണ്ട്. അവരെ എങ്ങനെ നേരിടണം എന്ന് പിന്നൊരിക്കൽ പറയാം.

തൽക്കാലം സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്ന് മാത്രം പറയാം. പോളണ്ടിനെ പറ്റി ഒന്നും പറയുന്നില്ല.