- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ പടരുന്നത് കോവിഡ് ഡെൽറ്റ വകഭേദമെന്ന് ആരോഗ്യ വകുപ്പ്; കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ രോഗികളിൽ നടത്തിയ പഠനത്തിൽ 75 ശതമാനവും ഓമിക്രോൺ ബാധിതർ; സമൂഹ വ്യാപനത്തിന്റെ സൂചന നൽകി പഠന റിപ്പോർട്ട്
കോഴിക്കോട്: കേരളത്തിൽ കോവിഡ് വ്യാപനം കുതിച്ചുയരുന്നതിന് കാരണം കോവിഡ് ഡെൽറ്റ വകഭേദമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. എന്നാൽ കോഴിക്കോട് അടക്കമുള്ള മേഖലകളിൽ ഓമിക്രോൺ വ്യാപകമാകുന്നതായി പഠനത്തിൽ കണ്ടെത്തൽ. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി കോവിഡ് രോഗികളിൽ നടത്തിയ പഠനത്തിലാണ് 75 ശതമാനം പേരും ഓമിക്രോൺ വകഭേദം ബാധിച്ചവരാണെന്ന് തെളിഞ്ഞത്.
തുടർച്ചയായ 51 കോവിഡ് സാമ്പിളുകൾ പരിശോധിച്ചതിൽ 38 എണ്ണത്തിലും ഓമിക്രോൺ സൂചിപ്പിക്കുന്ന എസ്.ജി.ടി.എഫ് പ്രതിഭാസം കണ്ടെത്തിയതാണ് ആശങ്ക ഉയർത്തുന്നത്. കോവിഡ് ഡെൽറ്റ വകഭേദത്തിന് ഒപ്പം ഓമിക്രോൺ ബാധിതരുടെ നിരക്കും ഉയരുന്നതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
ഓമിക്രോൺ ബാധിച്ചവരാരും വിദേശങ്ങളിൽനിന്ന് വന്നവരല്ല. സമൂഹവ്യാപനം യാഥാർഥ്യമായതിന്റെ സൂചന നൽകുന്നതാണ് പഠന വിവരങ്ങൾ. ആർ.ടി.പി.സി.ആർ പരിശോധനയിലൂടെയാണ് ഓമിക്രോൺ വ്യാപനത്തിന്റെ സൂചനകൾ ലഭ്യമായത്. വൈറസിന്റെ ജനിതകഘടനയിലെ പലതരം ജീനുകളെയാണ് ആർ.ടി.പി.സി.ആർ പരിശോധനയിൽ കണ്ടെത്തുന്നത്. എസ്, ഒ.ആർ.എഫ് 1 എ.ബി, എൻ, ഇ തുടങ്ങിയ ജീനുകളാണിത്.
ഓമിക്രോൺ വൈറസിൽ എസ് ജീനിന് പലതരം വകഭേദങ്ങളുണ്ടാകും. പരിശോധനയിൽ എസ് ജീനുകളെ കണ്ടെത്താനായില്ലെങ്കിൽ ഓമിക്രോൺ ബാധിതനാണെന്ന സൂചനയേകുമെന്നാണ് രാജ്യത്തെ പ്രമുഖ വൈറോളജിസ്റ്റുകളുടെ വിദഗ്ധാഭിപ്രായം. എസ് ജീൻ ടാർജറ്റ് ഫെയ്‌ല്യുർ എന്നതാണ് എസ്.ജി.ടി.എഫിന്റെ പൂർണ രൂപം. കോഴിക്കോട്ടെ പരിശോധനയിൽ എസ് ജീനിനെ കണ്ടെത്താനായില്ല. എൻ ജീനുകളെയടക്കം കണ്ടെത്തിയിട്ടുണ്ട്. എസ്.ജി.ടി.എഫ് അടിസ്ഥാനമാക്കി മാത്രം ഓമിക്രോൺ ഉറപ്പിക്കാനാവില്ല. ജനിതക ശ്രേണീകരണം നടത്തിയാലേ നൂറു ശതമാനം ഫലം വ്യക്തമാകുകയുള്ളൂ.
മൂക്കിലെയും തൊണ്ടയിലെയും സ്രവങ്ങളാണ് പരിശോധനക്കെടുത്തത്. സാധാരണയായി ആർ.ടി.പി.സി.ആറിൽ എസ് ജീനുകൾ പരിശോധിക്കാറില്ല. ഡെൽറ്റ വകഭേദത്തിൽ എസ്.ജി.ടി.എഫ് പ്രതിഭാസമുണ്ടാകാറില്ലായെന്നതും ശ്രദ്ധേയമാണ്. ഇത്തരം പരിശോധനകളിലൂടെ ഓമിക്രോൺ സൂചനകൾ ലഭിച്ചാൽ എളുപ്പത്തിൽ രോഗിയെ ക്വാറന്റീനിലാക്കാനും രോഗം പടരുന്നത് തടയാനും കഴിയും. നിലവിൽ ഓമിക്രോൺ കണ്ടെത്താൻ വ്യാപക പരിശോധനകൾ സംസ്ഥാനത്ത് നടത്തുന്നില്ല.
വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവർ പോസിറ്റിവായാൽ ജനിതകശ്രേണീകരണത്തിനായി സാമ്പിളുകൾ അയക്കുകയാണ് പതിവ്. ഇവയുടെ ഫലം ഏറെ വൈകിയാണ് ലഭിക്കുന്നത്. വ്യാപകമായ ജനിതകശ്രേണീകരണ പരിശോധനക്ക് സംസ്ഥാനത്ത് സംവിധാനവുമില്ല. എസ്.ജി.ടി.എഫ് രീതിയിൽ ആർ.ടി.പി.സി.ആർ പരിശോധന നടത്തുന്ന കിറ്റുകൾ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഒമിഷുവർ എന്ന പേരിൽ ടാറ്റ മെഡിക്കൽ ആൻഡ് ഡയഗ്‌നോസ്റ്റിക്‌സാണ് ഈ കിറ്റ് തയാറാക്കിയത്. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ ഒരാഴ്ചക്കിടെ 174 ശതമാനം വർധനവാണുണ്ടായത്.
രാജ്യത്ത് ഡെൽറ്റയേക്കാൾ അതിവേഗം ഓമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ കേരളമടക്കം എട്ടു സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. . മഹാരാഷ്ട്ര, ബംഗാൾ, ഡൽഹി, യു.പി, കർണാടക, ഗുജറാത്ത്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾക്കാണ് കർശന ശ്രദ്ധ പുലർത്താൻ കേന്ദ്രം നിർദ്ദേശം നൽകിയത്. . ഇവിടങ്ങളിൽ കോവിഡ് വ്യാപനം അതിരൂക്ഷമെന്നും എന്നാൽ അതീവ ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണം കുറവാണെന്നും കേന്ദ്രം അറിയിച്ചു.
രാജ്യത്തെ 300 ജില്ലകളിലും ടി.പി.ആർ അഞ്ച് ശതമാനത്തിന് മുകളിലാണെന്നാണ് മന്ത്രാലയം ചൂണ്ടിക്കാട്ടിയത്. സാധാരണ ജലദോഷം പോലെ ഓമിക്രോൺ ബാധയെ ചികിത്സിക്കരുതെന്നും കേന്ദ്രം ഓർമിപ്പിച്ചു. ആവശ്യത്തിന് മെഡിക്കൽ ഓക്സിജൻ കരുതണമെന്നും ഓക്സിജൻ ലഭ്യത 48 മണികൂർ കൂടുമ്പോൾ പരിശോധിക്കണമെന്നും കാണിച്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചിരുന്നു. സംസ്ഥാനങ്ങളിൽ ഓക്സിജൻ കൺട്രോൾ റൂമുകൾ ആരംഭിക്കാനും നേരത്തെ നിർദേശിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ