കോഴിക്കോട്: എൻഫോഴ്‌സ്‌മെന്റ് ചമഞ്ഞ് നഗരത്തെ നടുക്കിയ മോഷണത്തിൽ ഇരുട്ടിൽ തപ്പി അന്വേഷണ സംഘം. പ്രാഥമിക ഘട്ടത്തിൽ അന്വേഷണം ഫ്രാൻസിസ് ആലുക്കാസ് ജൂവലറി അധികൃതരിലേക്ക് നീണ്ടെങ്കിലും പിന്നീട് അന്വേഷണം സ്തംഭിച്ച സ്ഥിതിയിലാണ്. ഏറെ ദുരൂഹതകളും സിനിമാ കഥകളെ വെല്ലുന്നതുമായിരുന്നു പകൽ സമയത്ത് നഗരത്തിൽ അരങ്ങേറിയ മോഷണം. എന്നാൽ അന്വേഷണത്തിലെ പിന്നോട്ടടിയും ഏറെ സംശയങ്ങൾക്കിടയാക്കുന്നു.

ഒക്‌ടോബർ 26 ന് ജൂവലറി ജീവനക്കാരനെ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് മൂവർ സംഘം തട്ടിക്കൊണ്ടു പോകുകയും കയ്യിലുണ്ടായിരുന്ന ഒന്നേകാൽ കിലോ വരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ച് ഇയാളെ വഴിയിൽ ഉപേക്ഷിച്ച ശേഷം സംഘം കടന്നു കളയുകയുമായിരുന്നു. സംഭവം നടന്ന ദിവസം തന്നെ, മർദനത്തിനിരയായ ജൂവലറി ജീവനക്കാരൻ ബാലുശ്ശേരി വാകയാട് സ്വദേശി ടിജിൻ കുട്ടികൃഷ്ണൻ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയുണ്ടായി. ഉടനെ പരാതിയിന്മേൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഉന്നത റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥർ തന്നെ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെയും അസിസ്റ്റന്റ് കമ്മീഷണറുടെയും നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിച്ചത്.

നഗരത്തിലെ ആദ്യ സംഭവം എന്ന നിലയിലും മോഷണത്തിന്റെ സ്വഭാവം കണക്കിലെടുത്തും പരിശോധിച്ചപ്പോൾ അന്വേഷണ സംഘവും ആദ്യം സംശയം പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്ന് ടിജിൻ അടക്കമുള്ള ജൂവലറി ജീവനക്കാർ, മാനേജർമാർ, മറ്റു അധികൃതർ എന്നിവരെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കാനും വ്യക്തത വരുത്താനും പൊലീസ് തീരുമാനിച്ചിരുന്നു. ഇവരുടെ മൊബൈൽ കേന്ദ്രീകരിച്ചും മൊഴികൾ ശേഖരിച്ചുമായിരുന്നു അന്വേഷണം ആരംഭിച്ചത്. എന്നാൽ ഏറെ വൈകാതെ ഇത് നിലക്കുകയായിരുന്നു. നാല് ദിവസത്തിനകം പ്രതികളെ കുറിച്ചുള്ള സൂചന നൽകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ പ്രതികളിലേക്കെത്തുന്ന യാതൊരു സൂചനകളും ലഭിക്കാത്ത അവസ്ഥയാണ്. അതേസമയം മറ്റു ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് പറഞ്ഞു.

മോഷ്ടാക്കൾ നഗരം കൃത്യമായി അറിയുന്നവരും ദിവസങ്ങൾ നീണ്ട ആസൂത്രണം നടത്തിയുമാണ് മോഷണം നടത്തിയതെന്ന് സാഹചര്യ തെളിവുകൾ വ്യക്തമാക്കുന്നു. എന്നാൽ ജൂവലറിയുമായി ബന്ധമുള്ളവരുടെയോ നഗരം കൃത്യമായി അറിയാവുന്നവരുടെയോ സഹായം മോഷ്ടാക്കൾക്ക് ലഭിച്ചിരിക്കാമെന്നും കൃത്യം നടത്തിയത് പ്രഫഷണൽ മോഷ്ടാക്കളാണെന്നുമാണ് പൊലീസിന്റെ നിഗമനം. എന്നാൽ ജൂവലറിക്കാർ അന്വേഷണത്തിൽ കൂടുതൽ സഹകരിക്കാത്തത് അന്വേഷണത്തെയും ബാധിച്ചു. അതേസമയം ജൂവലറിയുമായി ശത്രുതയിലുള്ള ചിലരെ സംശയിക്കുന്നതായി ജൂവലറി അധികൃതർ പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. കേസ് കൃത്യമായി മുന്നോട്ടു പോകുന്നതിലൂടെ നഗരത്തെ നടുക്കിയ വൻ മോഷണത്തിനു പിന്നിൽ പ്രവർത്തിച്ചവരെ അറിയാം, എന്നാൽ മുന്നോട്ടുള്ള അന്വേഷണത്തിന് തടസം നൽക്കുന്നതാണ് ഇപ്പോഴത്തെ ദുരൂഹത.

കോഴിക്കോട് നഗരത്തിൽ സമാന സംഭവങ്ങൾ മുമ്പ് നടന്നിരുന്നില്ല. ഡേവിസൺ തിയേറ്ററിനു പിറകിലെ ഹാൾമാർക്ക് കേന്ദ്രമായ പി.വി എം സെന്ററിൽ നിന്നും സ്വർണാഭരണങ്ങൾ ഹാൾമാർ്ക്ക് മുദ്ര പതിപ്പിച്ച് ജൂവലറിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് ടിജിനിൽ നിന്നും ഇന്നോവാ കാറിലെത്തിയ സംഘം എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് ആഭരണപ്പൊതി തട്ടിയെടുത്തത്. ആക്റ്റീവ സ്‌കൂട്ടറിന്റെ സീറ്റിനടിയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളായിരുന്നു പാളയം അൻഹാർ ഹോട്ടലിനു സമീപത്തുവച്ച് സംഘം കൈയിലാക്കിയത്. 26ന് വൈകിട്ട് നാലു മണിയോടെയാണ് സംഭവം. ജനം തടിച്ചു കൂടാൻ തുടങ്ങുന്നതിന് മുമ്പ് സംഘത്തിലുണ്ടായിരുന്ന ഒരാൾ സ്‌കൂട്ടറിലെ താക്കോൽ എടുത്ത് സീറ്റ് തുറന്ന് സ്വർണം എടുക്കുകയും കൂടുതൽ ചോദ്യം ചെയ്യാനുണ്ടെന്ന് പറഞ്ഞ് ഹെൽമെറ്റ് സഹിതം ടിജിനെ കാറിൽ കയറ്റി കൊണ്ടുപോകുകയുമായിരുന്നെന്നാണ് ടിജിൻ പൊലീസിൽ നൽകിയ മൊഴി.

എന്നാൽ ടിജിനുമായി നഗരത്തിലെ ഊടുവഴികളിലൂടെയും മുഴുവൻ പോക്കറ്റ് റോഡുകളിലൂടെയും സംഘം സഞ്ചരിച്ചിരുന്നതായി ടവർലൊക്കേഷനിലൂടെ മുമ്പ് കണ്ടെത്തിയിരുന്നു. ഒരുമണിക്കൂറോളം പലയിടങ്ങളിലായി ചുറ്റിയ ശേഷം മെഡിക്കൽ കോളേജിനടുത്ത ദേവഗിരി സാവിയോ എൽ.പി സ്‌കൂളിനു മുന്നിൽ ടിജിനെ ഉപേക്ഷിക്കുകയായിരുന്നെന്നു പൊലീസിനു നൽകിയ മൊഴിയിലുണ്ട്. ഇതിനു ശേഷം ഫ്രാൻസിസ് ആലുക്കാസ് ഉടമയെ ടിജിൻ ഫോണിൽ വിളിച്ച് വിവരമറിയിച്ചിരുന്നു. മോഷണ സംഘത്തിൽ നിന്നും മർദനമേറ്റ ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആലുക്കാസിലെ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്ത ടിജിൻ കഴിഞ്ഞ നാലു വർഷമായി അക്കൗണ്ട്‌സ് വിഭാഗത്തിലാണ് പ്രവർത്തിക്കുന്നത്.

സംഘം സഞ്ചരിച്ചിരുന്നത് കെ.എൽ 10 'സി' എന്ന മലപ്പുറം രജിസ്‌ട്രേഷൻ നമ്പറിലുള്ള ഇന്നോവ കാറാണെന്ന് ടിജിൻ പറഞ്ഞിരുന്നു. എന്നാൽ ഈ രജിസ്‌ട്രേഷൻ കാലയളവിൽ ഇന്നോവ കാർ വിപണിയിൽ ഇറങ്ങിയിട്ടില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. നമ്പർ വ്യാജമാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ടിജിൻ ഹാൾമാർക്ക് സെന്ററിൽ പോകുന്നതും വരുന്നതും തുടങ്ങി സ്‌കൂട്ടറിൽ ആഭരണം സൂക്ഷിക്കുന്ന ഭാഗം വരെ കൃത്യമായി അറിയാവുന്നവരാണ് മോഷ്ടാക്കൾ. അല്ലെങ്കിൽ മോഷ്ടാക്കൾക്ക് കൃത്യമായി വിവരം ലഭിച്ചിരുന്നതും വ്യക്തമാണ്. മാത്രമല്ല, കോഴിക്കോട് നഗരത്തിലെ ഓരോ പോക്കറ്റ് റോഡുകളും ഇവർക്ക് അറിയാമെന്നതും വ്യക്തം. കോഴിക്കോടിനെയും ഫ്രാൻസിസ് ആലുക്കാസ് ജൂവലറിയെയും കുറിച്ച് അടുത്തറിയുന്നവരാണ് കൃത്യത്തിനു പിന്നിലെന്നാണ് പൊലീസും ബലമായി സംശയിക്കുന്നത്. മോട്ടോർ വാഹന വകുപ്പിന്റെ ഗ്രേ നിറത്തിലുള്ള കാറുകളുടെ വിശദാംശങ്ങളും പൊലീസ് ശേഖരിച്ചെങ്കിലും അന്വേഷണത്തിൽ തമ്പുണ്ടാക്കാൻ പറ്റിയിട്ടില്ല. സിറ്റി പൊലീസ് കമ്മീഷണർ പി.വത്സന്റെ മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണത്തിന്റെ ചുമതല അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ എ.ജെ ബാബുവിനാണ്. ഇവരുടെ നേതൃത്വത്തിൽ നാലു ടീമുകളായുള്ള അന്വേഷണമാണ് നടന്നു വരുന്നത്.

മോഷണ സംഘം സഞ്ചരിച്ച വാഹനത്തിലുള്ളവർ കാർ നിർത്തിയ ഇടങ്ങളിലെ കടകളിലും എ.ടി.എം കൗണ്ടറിലുമുള്ള സിസിടിവി ക്യാമറകളിൽ പതിഞ്ഞിരിക്കെ അന്വേഷണ സംഘത്തിന്റെ ഇപ്പോഴത്തെ പിന്നോട്ടടി ദുരൂഹമാണ്. തൃശൂർ നഗരത്തിൽ മുമ്പ് സമാന സംഭവങ്ങൾ നടന്നിട്ടുണ്ട്. ഈ മോഷണ സംഘങ്ങൾക്ക് കോഴിക്കോട് സംഭവത്തിൽ ബന്ധമുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിച്ചിരുന്നെങ്കിലും ഒരു തുമ്പും കിട്ടിയില്ലെന്നാണ് പൊലീസ് വിശദീകരണം.