- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കമ്പ്യൂട്ടർവൽക്കരണം വന്നാൽ കൈക്കൂലി കിട്ടില്ല; രജിസ്‌ട്രേഷൻ വകുപ്പിന്റെ ഓൺലൈൻ സംവിധാനം അട്ടിമറിച്ച് സബ്‌രജിസ്ട്രാർ ഓഫീസുകൾ; ആധാരമെഴുത്തുകാരും ജനങ്ങളും 'വഴിയാധാരം'
പത്തനംതിട്ട: കൈക്കൂലിയും പടിയും വഴി ദിവസേന കിട്ടുന്ന ലക്ഷങ്ങൾ വെള്ളത്തിലാക്കിക്കൊണ്ട് രജിസ്‌ട്രേഷൻ വകുപ്പ് നടത്തിയ കമ്പ്യൂട്ടർവൽക്കരണം അട്ടിമറിക്കാൻ സംഘടിതനീക്കം. തുടക്കത്തിലെ പാളിച്ചകൾ പർവതീകരിച്ച് ഈ സംവിധാനം ഇല്ലാതാക്കാനുള്ള നീക്കത്തിൽ സബ്‌രജിസ്ട്രാർ ഓഫീസ് ജീവനക്കാർക്കും ആധാരമെഴുത്തുകാർക്കും ഒരേ മനസ്. ഒരു ആധാരം നടന്നാ
പത്തനംതിട്ട: കൈക്കൂലിയും പടിയും വഴി ദിവസേന കിട്ടുന്ന ലക്ഷങ്ങൾ വെള്ളത്തിലാക്കിക്കൊണ്ട് രജിസ്‌ട്രേഷൻ വകുപ്പ് നടത്തിയ കമ്പ്യൂട്ടർവൽക്കരണം അട്ടിമറിക്കാൻ സംഘടിതനീക്കം. തുടക്കത്തിലെ പാളിച്ചകൾ പർവതീകരിച്ച് ഈ സംവിധാനം ഇല്ലാതാക്കാനുള്ള നീക്കത്തിൽ സബ്‌രജിസ്ട്രാർ ഓഫീസ് ജീവനക്കാർക്കും ആധാരമെഴുത്തുകാർക്കും ഒരേ മനസ്. ഒരു ആധാരം നടന്നാൽ സബ് രജിസ്ട്രാർ ഓഫീസിലെ തൂണിനും തുരുമ്പിനും വരെ അതിന്റെ പങ്ക് ലഭിക്കുമെന്നതാണ് നാട്ടുനടപ്പ്. എണീൽക്കാൻ വയ്യാതെ വീട്ടിൽ കിടക്കുന്നവരുടെ അടുത്തു പോയി രജിസ്‌ട്രേഷൻ നടത്തിയാൽ സബ്‌രജിസ്ട്രാർക്ക് ലഭിക്കുന്ന പടി പലപ്പോഴും അരലക്ഷം കവിയും.
സാധാരണ ഓഫീസുകളിലെത്തുന്ന ആധാരങ്ങൾക്കും സബ്‌രജിസ്ട്രാർ മുതൽ താഴേയ്ക്ക് നിശ്ചിത സംഖ്യ പടിയുണ്ട്. യഥാർഥത്തിൽ എത്ര രൂപയ്ക്കാണോ ആധാരം നടക്കുന്നത് അതനുസരിച്ചുള്ള പടിയാണ് കൊടുക്കേണ്ടത്. ഇതിനുള്ള തുക കൂട്ടിയാണ് ആധാരം എഴുതുമ്പോൾ എഴുത്തുകാർ കൈപ്പറ്റുന്നത്. നിസാരമായി ലഭിക്കാവുന്ന ബാധ്യതാ സർട്ടിഫിക്കറ്റിന് പോലും തെരച്ചിൽകൂലിയെന്നു പറഞ്ഞ് നൂറും അഞ്ഞൂറുമൊക്കെ പടി വാങ്ങുന്ന പ്യൂൺമാരുമുണ്ട് സബ് രജിസ്ട്രാർ ഓഫീസുകളിൽ. ഇവർക്കൊക്കെ തിരിച്ചടിയായിട്ടാണ് ഓൺലൈൻ സംവിധാനം നിലവിൽ വന്നത്.
സംസ്ഥാനത്തെ 313 സബ് രജിസ്ട്രാർ ഓഫീസുകളിൽ 200 സ്ഥലത്താണ് ആദ്യഘട്ടത്തിൽ കഴിഞ്ഞമാസം 26 മുതൽ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയത്. വേണ്ടത്ര ഉപകരണങ്ങളും പരിശീലനവും സബ് രജിസ്ട്രാർമാർക്കും ജീവനക്കാർക്കും നൽകിയിരുന്നില്ല. രജിസ്‌ട്രേഷൻ ഉദ്യോഗസ്ഥനായ സബ് രജിസ്ട്രാർക്കു പോലും പലയിടത്തും കമ്പ്യൂട്ടർ ലഭ്യമായിട്ടില്ല. ഇതുമൂലമാണ് ഓരോ രജിസ്‌ട്രേഷനും കാലതാമസം നേരിടുന്നതെന്നാണ് പറയുന്നത്. 30 ആധാരങ്ങൾ വരെ രജിസ്റ്റർ ചെയ്തിരുന്നിടത്ത് അഞ്ചു വരെയായി കുറഞ്ഞു. ഓഫീസുകളിലെ സർവറുകൾക്ക് വേണ്ടത്ര ശേഷിയില്ലാത്തതും വിവരങ്ങൾ ലഭിക്കുന്നതിന് താമസം നേരിടുന്നതിന് കാരണമായി പറയുന്നു. ഇതിനുള്ള പരിഹാരം അടുത്ത ദിവസങ്ങളിൽ ഉണ്ടാകുമെന്ന് കേന്ദ്ര ഓഫീസിൽ നിന്നും അറിയിച്ചെങ്കിലും ജീവനക്കാർ തൃപ്തരല്ല. പരിഷ്‌കരണത്തിനായി രണ്ടുദിവസം ഓൺലൈൻ പ്രവർത്തിക്കില്ലെന്നും അറിയിച്ചിരുന്നു.
രജിസ്‌ട്രേഷൻ ഓൺലൈൻ ആക്കിയതായി അറിയിപ്പ് നൽകിയതല്ലാതെ ആധാരം എഴുത്തുകാർക്ക് ഇതിനായുള്ള കൃത്യമായ മാർഗനിർദ്ദേശങ്ങൾ വകുപ്പിൽ നിന്നും ലഭ്യമാക്കിയിട്ടില്ലെന്നാണ് പരാതി. പഴയപടി ആധാരങ്ങൾ തയാറാക്കി ഓഫീസുകളിൽ എത്തുമ്പോഴാണ് പുതിയ രീതികൾ പലയിടത്തും അറിയിക്കുന്നത്. ഇക്കാര്യത്തിലാകട്ടെ വ്യക്തത വരുത്താൻ ഉദ്യോഗസ്ഥർക്ക് കഴിയുന്നുമില്ല. ഇതോടെ ഉദ്യോഗസ്ഥരും എഴുത്തുകാരും രജിസ്‌ട്രേഷനായി എത്തുന്നവരും തമ്മിൽ പലയിടത്തും തർക്കമുണ്ടാകുന്നുണ്ട്.
ഉത്തരവുകളിൽ വ്യക്തതയില്ലാത്തതുമൂലം ഉണ്ടാകുന്ന പിഴവുകൾക്ക് ആധാരം എഴുത്തുകാരെ പഴിചാരുകയും കൂടുതൽ കോഴ ആവശ്യപ്പെടുകയും ചെയ്യുന്നതായും ഇവർ പരാതിപ്പെടുന്നു. ഓൺലൈനിൽ എത്തുന്ന ആധാരങ്ങളിലെ ചെറിയ തെറ്റുകൾ ഓഫീസുകളിൽ തന്നെ തിരുത്താമെന്നിരിക്കെ ഉദ്യോഗസ്ഥർ ഇതിന് തയാറാകുന്നില്ലെന്നും പറയുന്നു. ആധാരങ്ങൾ ഇക്കാരണങ്ങളാൽ മടക്കുന്നത് കഴിഞ്ഞദിവസങ്ങളിൽ നിരവധി പ്രശ്‌നങ്ങൾ സൃഷ്ടിച്ചിരുന്നു. എഴുത്തുകാരും കക്ഷികളും തമ്മിലും ഇതിന്റെ പേരിൽ തർക്കങ്ങൾ ഉണ്ടാകുന്നുണ്ട്.
പൊതുജനങ്ങൾക്ക് ഭാവിയിൽ ഏറെ പ്രയോജനപ്പെടുന്ന തരത്തിലാണ് സർക്കാർ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചത്. എന്നാൽ പല കോണുകളിൽ നിന്നും തുടക്കം മുതൽ തന്നെ എതിർപ്പും ഉയർന്നിരുന്നു.