പാലക്കാട്: എലപ്പുള്ളിയിൽ കൊല്ലപ്പെട്ട പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ മൃതദേഹം ശനിയാഴ്ച കബറടക്കും. കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമുണ്ട് എന്നുതന്നെയാണ് പൊലീസിന്റെ നിഗമനം. ജില്ല ക്രൈംബ്രാഞ്ച് ഡി.വൈ.എസ്‌പി ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വഷണ ചുമതല. അതിനിടെ കൊലപതാക സ്ഥലത്തുണ്ടായിരുന്ന കാർ മുമ്പ് കൊല്ലപ്പെട്ട ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ പേരിലുള്ളതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

അക്രമികൾ സഞ്ചരിച്ച രണ്ടാമത്തെ കാറും കിട്ടി. കഞ്ചിക്കോട് ഉപേക്ഷിച്ച നിലയിലായിരുന്നു കാർ. സഞ്ജിത്തിന്റെ കാറുമായി അക്രമികൾ എത്തിയത് രാഷ്ട്രീയ പകയുടെ സൂചനയാണ്. എന്നാൽ ഈ കാറിനെ കുറിച്ച് അറിയില്ലെന്ന് സഞ്ജിത്തിന്റെ അച്ഛനും ഭാര്യയും പറയുന്നു. സഞ്ജിത്തുകൊല്ലപ്പെടുന്നതിന് ഒന്നര മാസം മുമ്പ് കാർ വർക്ഷോപ്പിൽ കൊടുത്തിരുന്നു. 25,000 രൂപ ഇല്ലാത്തതിനാൽ നന്നാക്കി വാങ്ങിയില്ല. സഞ്ജിത്തുകൊല്ലപ്പെട്ട ശേഷം ഇതേ കുറിച്ച് തിരിക്കിയില്ലെന്ന് സഞ്ജിത്തിന്റെ ഭാര്യ പറയുന്നു.

ഈ മൊഴി പൊലീസ് പൂർണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. എങ്കിലും വസ്തുതകൾ പരിശോധിക്കും. വർക്ഷോപ്പ് കണ്ടെത്തിയാൽ മാത്രമേ ഗൂഢാലോചനയിൽ വ്യക്തത വരൂ. ഇതിനുള്ള ശ്രമത്തിലാണ് പൊലീസ്. അതിനിടെ എഫ്.ഐ.ആറിലും കൊലപാതകത്തിന് പിന്നിലെ രാഷ്ട്രീയ വൈരാഗ്യം പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ഉച്ചക്ക് മുൻപെ തന്നെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. വൈകീട്ടോടെ സംസ്‌കാര ചടങ്ങുകൾ നടക്കും.

പാലക്കാട് ജില്ലയിലെ എലപ്പുള്ളിയിൽ പോപുലർ ഫ്രണ്ട് ഏരിയാ പ്രസിഡന്റ് സുബൈറിനെ ആർഎസ്എസ് സംഘം പിതാവിനു മുന്നിലിട്ട് പട്ടാപ്പകൽ മൃഗീയമായി വെട്ടിക്കൊന്ന സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തി പാലക്കാട് കസബ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 302 (കൊലപാതകം), 324 (മാരകായുധം ഉപയോഗിച്ച് ആക്രമിച്ച് മുറിവേൽപ്പിക്കൽ), 34 സംഘടിതമായ കുറ്റകൃത്യം നടത്തൽ എന്നീ കുറ്റങ്ങളാണ് കണ്ടാലറിയാവുന്ന പ്രതികൾക്കെതിരേ ചുമത്തിയത്. ഇന്ന് ഉച്ചയ്ക്ക് ജുമുഅ നമസ്‌കാരം കഴിഞ്ഞ് പിതാവിനൊപ്പം ബൈക്കിൽ വീട്ടിലേയ്ക്ക് പോകവെ കാറിലെത്തിയ അക്രമികൾ ബൈക്ക് ഇടിച്ചുവീഴ്‌ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

പ്രതികളിലേക്ക് പൊലീസ് എത്തുന്നതേ ഉള്ളുവെന്നാണ് സൂചന. കൃത്യം നടത്തിയതിന് ശേഷം ഇവർ ഒരു വാഹനം ഉപേക്ഷിക്കുകയും മറ്റൊരു വാഹനത്തിൽ കയറി തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ടുവെന്നാണ് പൊലീസിന്റെ നിഗമനം. നേരത്തെ ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതക സമയത്ത് പൊലീസ് പ്രതികളിലേക്കെത്താൻ ഒരുപാട് സമയമെടുത്തിരുന്നു. ഇത് വലിയ വിമർശനത്തിനും കാരണമായിരുന്നു. ഇതൊഴിവാക്കാൻ ശ്രമിക്കും.

സംഭവ സ്ഥലത്ത് ഉപേക്ഷിച്ച കാറ് നവംബർ 15 ന് കൊല്ലപ്പെട്ട ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ളതാണെന്നത് പൊലീസിനേയും ഞെട്ടിച്ചു. ഈ കാറ് ഉപേക്ഷിച്ച ശേഷം ഒരു നീല കാറിലാണ് കടന്നത്. ഈ കാറും കണ്ടെത്തി. ഇതൊരു വാഗണർ കാറാണ്. കൂടുതൽ അക്രമ സംഭവങ്ങൾ അരങ്ങേറാതിരിക്കാനായി കനത്ത സുരക്ഷയാണ് ജില്ലയിൽ ഒരുക്കിയിരിക്കുന്നത്.

നഗര പ്രദേശങ്ങളിൽ ഉൾപ്പടെ നിരവധി പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നതിന് മുൻപ് പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.