- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്ഡിപിഐ പ്രവർത്തകൻ സുബൈറിന്റെ കൊലപാതകം: മൂന്നുപേർ പിടിയിൽ; അകത്തായത് കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ; രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യൽ തുടരുന്നു; പ്രതികളുടെ പേര് ഉടൻ പുറത്തുവിടാൻ ആകില്ലെന്ന് പൊലീസ്; പിടിയിലായവർ ഒളിവിൽ കഴിഞ്ഞത് പാലക്കാട്ടും സമീപപ്രദേശത്തും
പാലക്കാട്: എലപ്പുള്ളി നോമ്പിക്കോട് എസ്ഡിപിഐ നേതാവ് സുബൈറിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നു പേരെ പൊലീസ് പിടികൂടി. കൃത്യത്തിൽ നേരിട്ട് പങ്കുള്ള മൂവരെയും രഹസ്യ കേന്ദ്രത്തിൽവച്ച് പൊലീസ് ചോദ്യം ചെയ്യുകയാണ്. പ്രതികളുടെ പേര് ഇപ്പോൾ പുറത്തുവിടാനാകില്ലെന്ന് പൊലീസ് അറിയിച്ചു.
പാലക്കാട് ജില്ലയിലും പരിസരത്തുമായി ഒളിവിൽ കഴിഞ്ഞവരെയാണ് പൊലീസ് പിടികൂടിയത്. ഇന്നു വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി പ്രതികളെ കോടതിയിൽ ഹാജരാക്കിയേക്കുമെന്നാണ് സൂചന. വിഷുദിനത്തിലാണ് എലപ്പുള്ളി കുപ്പിയോട് അബൂബക്കറിന്റെ മകൻ സുബൈറിനെ പ്രതികൾ കൊലപ്പെടുത്തിയത്. ചിലർ നിരീക്ഷണത്തിലും കസ്റ്റഡിയിലുമുണ്ടെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും എഡിജിപി വിജയ് സാഖറെ അറിയിച്ചിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.45നു പള്ളിയിൽനിന്നു പിതാവിനോടൊപ്പം ബൈക്കിൽ മടങ്ങുകയായിരുന്ന സുബൈറിനെ എലപ്പുള്ളി നോമ്പിക്കോട്ടുവച്ച് അക്രമി സംഘം കാറിടിച്ചു വീഴ്‌ത്തി വെട്ടുകയായിരുന്നു. സുബൈറിന്റെ പോസ്റ്റ്‌മോർട്ടം നടപടികൾ നടക്കുന്നതിനിടെയാണ് ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പാലക്കാട് മേലാമുറി ജംക്ഷനു സമീപമുള്ള കടയിൽ ശ്രീനിവാസനെ അക്രമികൾ വെട്ടിവീഴ്‌ത്തിയത്.
സുബൈറിന്റെ കൊലപാതകത്തിൽ അന്വേഷണം അവസാനഘട്ടത്തിലെന്ന് എഡിജിപി വിജയ് സാക്കറെ പറഞ്ഞിരുന്നു. പ്രതികളെയെല്ലാം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഉടൻ തന്നെ ഇവർ അറസ്റ്റിലാകുമെന്നും പ്രതികൾ പൊലീസിന്റെ നിരീക്ഷണ പരിധിയിലാണെന്നും വിജയ് സാക്കറെ മാധ്യമങ്ങളോട് പറഞ്ഞു.
ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ആറു പ്രതികളെ തിരിച്ചറിഞ്ഞു. ഇവർ ഒളിവിലാണ്. കൊലയ്ക്ക് പിന്നിൽ എസ്ഡിപിഐ പ്രവർത്തകരാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. രണ്ടുപേരുടെ കാര്യത്തിൽ സ്ഥിരീകരണം ലഭിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇരട്ടക്കൊലപാതകത്തിൽ പങ്കാളിയായവരെ കണ്ടെത്തുന്നതിന് പുറമേ ഗൂഢാലോചനയിലും മറ്റും പങ്കെടുത്തവരെയും കണ്ടെത്തേണ്ടതുണ്ട്. വാഹനം എത്തിച്ചവർ അടക്കം കുറ്റകൃത്യത്തിൽ ഏതെങ്കിലും വിധത്തിൽ പങ്കാളിയായവരെയെല്ലാം കണ്ടെത്തും. ഇരട്ടക്കൊലപാതകത്തിൽ പ്രതികൾക്ക് എസ്ഡിപിഐ, ആർഎസ്എസ് ബന്ധമുണ്ടെന്നും വിജയ് സാക്കറെ വ്യക്തമാക്കി.
്അതേസമയം ആർഎസ്എസ്, പോപുലർ ഫ്രണ്ട് നേതാക്കളുടെ കൊലപാതകത്തിൽ പ്രതികളെ കണ്ടെത്താൻ ഫോൺവിളികൾ സഹായകമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. കൊലപാതകങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 30ഓളം പേരുടെ ഫോണുകൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവ സൈബർ സെല്ലിന് കൈമാറി. ഇന്ന് സമാധാനയോഗം നടക്കുന്ന പശ്ചാത്തലത്തിൽ ജില്ലയിലെങ്ങും കനത്ത സുരക്ഷയൊരുക്കിയിരിക്കുകയാണ്.
ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ വധിക്കാൻ എത്തിയ ബൈക്കുകളിൽ ഒന്നിന്റെ നമ്പറും ഉടമയേയും പൊലീസ് തിരിച്ചറിഞ്ഞു. ബൈക്ക് സ്ത്രീയുടെ പേരിലുള്ളതാണ്. ഇവർ വായ്പ ആവശ്യത്തിനായി ബൈക്ക് മറ്റൊരാൾക്ക് കൈമാറിയിരുന്നു. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പാലക്കാട് നാർക്കോട്ടിക് സെൽ ഡിവൈ.എസ്‌പി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. പാലക്കാട് നഗരത്തിലും സമീപ പഞ്ചായത്തുകളിലുമുള്ളവരാണ് പ്രതികൾ എന്നാണ് സൂചന.
സുബൈറിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് ശ്രീനിവാസനെ വധിച്ചതെന്ന് ടൗൺ നോർത്ത് പൊലീസ് തയാറാക്കിയ എഫ്.ഐ.ആറിലുണ്ട്. തമിഴ്‌നാട് ആംഡ് പൊലീസ് ഉൾപ്പെടെ 1500ഓളം പൊലീസുകാരുടെ സംരക്ഷണ വലയത്തിലാണ് പാലക്കാട് നഗരം. ജില്ലയിൽ 20 വരെ നിരോധനാജ്ഞ തുടരും.
മറുനാടന് മലയാളി ബ്യൂറോ